agriculture

കണ്ണാടിഭരണിക്കുള്ളില്‍ ഒരുക്കാം ഒരു കുഞ്ഞുപൂന്തോട്ടം

പ്രീമ സി ബേബി

വിവിധ മേഖലകളില്‍ തങ്ങളുടേതായ പ്രാഗല്‍ഭ്യം തെളിയിച്ച ഒട്ടേറെപേര്‍ നമുക്ക് ചുറ്റുമുണ്ട്. സുപരിചിതരും അപരിചിതരുമായ ഒത്തിരിപേര്‍. എല്ലാവര്‍ക്കും പറയാനുള്ളത് കൈവരിച്ച വിജയഗാഥകളായിരിക്കും. താല്‍പര്യമുള്ള മേഖലയിലെ അര്‍പ്പണമനോഭാവത്തോടൊപ്പം കഠിനാധ്വാനം കൂടി ചേരുമ്പോള്‍ വിജയത്തിന്റെ കൊടുമുടിയിലെത്തുന്ന ഇത്തരക്കാര്‍ നമുക്കെന്നും പ്രചോദനമാണ്.

വ്യത്യസ്തതയാര്‍ന്നതും പലവലിപ്പത്തിലുള്ളതുമായ ചെടികള്‍ കൊണ്ട് വീടും ഓഫീസുമെല്ലാം മനോഹരമായി അലങ്കരിക്കുന്നവരാണ് നമ്മള്‍ മലയാളികള്‍. നഗരവല്‍ക്കരണത്തിന്റെ കടന്നുകയറ്റം ചെടികളും പൂന്തോട്ടങ്ങളും പച്ചപ്പും ഇല്ലാതാക്കി. എന്നാല്‍ ചെടികളെ സ്‌നേഹിക്കുന്നവര്‍ക്കും പൂന്തോട്ടമൊരുക്കാന്‍ സ്ഥലമില്ലാതെ ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവര്‍ക്കും ചില്ലുകുപ്പികളില്‍ ഒരുക്കാം ഒരു കുഞ്ഞന്‍ പൂന്തോട്ടം. അതാണ് ടേറേറിയം.

ടെറേറിയം

നമ്മുടെ നാട്ടില്‍ അത്ര പരിചിതമല്ലെങ്കിലും ചെറിയ ഗ്ലാസ് പോട്ടില്‍ ചെടി വളര്‍ത്തുന്ന ടെറേറിയം ബിസ്സിനസ്സ് വന്‍ സാധ്യതകളാണ് തുറന്നുവെക്കുന്നത്. നഗരജീവിതത്തെ പ്രകൃതിയേക്കടുപ്പിക്കുന്നു എന്നതിനോടൊപ്പം മനസ്സും നിറയ്ക്കുന്ന ടെറേറിയം നിര്‍മ്മാണത്തിലൂടെ വിജയം കരസ്ഥമാക്കിയ രണ്ട് സ്ത്രീരത്‌നങ്ങളാണ് കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശികളായ ലക്ഷ്മി രാജുവും ഗംഗാ ഫിഷ്‌ബെക്കും.

ഗംഗാ ഫിഷ്‌ബെക്കും  ലക്ഷ്മി രാജുവും

യുകെയില്‍ മൈക്രോബയോളജിസ്റ്റായിരുന്ന ലക്ഷ്മിയും ജര്‍മ്മനിയിലായിരുന്ന ഗംഗയും എറണാകുളത്ത് താമസിക്കുമ്പോഴാണ് തമ്മില്‍ പരിചയപ്പെടുന്നത്. മുന്‍പരിചയമൊന്നുമില്ലാതെ അവിചാരികതമായി കണ്ടുമുട്ടിയ ഇരുവരും മനസ്സുതുറന്നപ്പോള്‍ കണ്ണാടിഭരണിക്കുള്ളില്‍ ഒരുക്കുന്ന ടെറേറിയം എന്ന ആശയത്തിന് ജീവന്‍ വെച്ചു.

ചെടികളോടുള്ള ഇഷ്ടവും എന്തെങ്കിലും ചെയ്യണമെന്ന അതിയായ ആഗ്രഹവും ലക്ഷ്യത്തിലേക്കെത്തിപ്പെടാനുള്ള ദൂരം കുറച്ചു.

കുട്ടികളുമായി ഒരു ദിവസം പാര്‍ക്കില്‍ പോയപ്പോഴാണ് ഗംഗയെ പരിചയപ്പെടുന്നതെന്നും ടെറേറിയം എന്ന ആശയത്തെപ്പറ്റി ആലോചിക്കുന്നതെന്നും കടവന്ത്ര ജവഹര്‍നഗറിലെ ഫ്‌ളാറ്റിലിരുന്ന് ലക്ഷ്മി പറഞ്ഞുവെക്കുന്നു.

പുറത്തായിരുന്നപ്പോള്‍ കണ്ടിട്ടുണ്ട് എന്നതിനപ്പുറം ഒരു ടെറേറിയം ഉണ്ടാക്കിനോക്കാന്‍ തന്നെ ഇരുവരും തീരുമാനിച്ചെങ്കിലും നിര്‍ഭാഗ്യവശാല്‍ ശ്രമം പാളിപ്പോയി. എന്നാലും തോറ്റ് പിന്മാറാന്‍ തയ്യാറായിരുന്നില്ല. വീണ്ടും ശ്രമം പാളാതിരിക്കാന്‍ ടെറേറിയം ഉണ്ടാക്കുന്നതിനുമുമ്പായി ഇരുവരും ചേര്‍ന്ന് ഒരു ഗവേഷണം തന്നെ നടത്തി.

ഇന്റര്‍നെറ്റില്‍ പരതി ചെടി നടുന്നതിനൊരു രീതിയുണ്ടെന്ന് മനസ്സിലാക്കി. അത് ശ്രദ്ധിച്ചുകൊണ്ടായി പിന്നീട് ഒരോ ഘട്ടങ്ങളും. എന്നിട്ടും പല ചെടികള്‍ക്കും ജീവന്‍ വെച്ചില്ലെന്ന് തന്നെ പറയാം. അവിടെയും തളരാതെ ജീവന്‍ വെച്ച ചെടികളുടെ ചിത്രങ്ങളെടുത്ത് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയച്ചുകൊടുത്തു. പലരും നല്ല അഭിപ്രായങ്ങള്‍ നല്‍കി പ്രോല്‍സാഹിപ്പിച്ചു.

അതിലൊരു സുഹൃത്തിന്റെ ആവശ്യപ്രകാരം അദ്ദേഹത്തിന്റെ അമ്മയ്ക്ക് പിറന്നാള്‍ സമ്മാനമായി ഒരു ടെറേറിയം നിര്‍മ്മിച്ചു നല്‍കി. സമ്മാനം കണ്ട പലര്‍ക്കും ആ ആശയം ഇഷ്ടപ്പെട്ടു. ആവശ്യക്കാരേറെയായി. അതോടെ ഹോര്‍ളിക്‌സ് ബോട്ടിലുകളിലും വൈന്‍ ഗ്ലാസുകളിലും ഒതുങ്ങിയിരുന്ന ടെറേറിയം വ്യത്യസ്ത ആകൃതികളിലുള്ള വിദേശപോട്ടുകളിലേക്കും ഇന്ത്യന്‍ നിര്‍മ്മിത പോട്ടുകളിലേക്കും ചേക്കേറി.

അങ്ങനെ 2014ല്‍ ടെറേറിയം എന്ന യൂറോപ്യന്‍ ആശയം കൊച്ചിയില്‍ ഒരു നൂതന സംരംഭമായി വളര്‍ന്നു. സംരംഭത്തിനൊരു പേരുമിട്ടു. ‘ഗ്രീന്‍പീസ്’. കസ്റ്റമേഴ്‌സിന്റെ സൗകര്യത്തിനായി www.greenpieceterrariums എന്ന വെബ്‌സൈറ്റും ആരംഭിച്ചു. പിന്നീടോരോന്നും വിജയത്തിലേക്കുള്ള ചവിട്ടുപടികളായിരുന്നു.

ആവശ്യക്കാര്‍ക്കിഷ്ടമുള്ള ടെറേറിയം വെബ്‌സൈറ്റില്‍ നിന്ന് തെരഞ്ഞെടുത്ത് ഓര്‍ഡര്‍ ചെയ്യാം. 350 രൂപ മുതല്‍ 3000 രൂപ വരെയുള്ള ടെറേറിയങ്ങള്‍ തെരഞ്ഞെടുക്കാം. ഫോണിലൂടെ നേരിട്ട് വിളിച്ചും ഓര്‍ഡര്‍ നല്‍കാവുന്നതാണ്. ഗംഗ ഇപ്പാള്‍ ജര്‍മ്മനിയിലായതിനാല്‍ ലക്ഷ്മി ഒറ്റയ്ക്കാണ് ടെറേറിയം ചെയ്തുകൊടുക്കുന്നത്. ആക്ടീവ് പാര്‍ട്‌നറായി നാട്ടിലില്ലെങ്കിലും അവിടെയിരുന്നായാലും നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട് ഗംഗ.

പ്രധാനമായും ടെറേറിയങ്ങള്‍ രണ്ട് തരത്തിലുണ്ട്. ഓപ്പണും ക്ലോസും. ക്ലോസ് ടെറേറിയങ്ങള്‍ക്ക് വെള്ളം ഒഴിക്കേണ്ട ആവശ്യമില്ല. ഓപ്പണ്‍ ടേറേറിയങ്ങള്‍ കൃത്യമായി നനച്ചില്ലെങ്കില്‍ ചീത്തയായിപോകാന്‍ സാധ്യതയുണ്ട്.

ഓപ്പണ്‍ ടെറേറിയവും ക്ലോസ് ടെറേറിയവും

കേരളത്തിന്റെ കാലവസ്ഥയ്ക്ക് യോജിക്കുന്ന കാക്റ്റസ്, സക്കുലാന്തസ്, സിമോണിയം, ക്രിപ്റ്റാന്തസ്, തുടങ്ങിയ ചെടികളാണ് വളര്‍ത്തിയെടുക്കുന്നത്. പ്രാധാനമായും രണ്ട് തീം ആണ് ഉപയോഗിക്കാറുള്ളത്. ആമസോണ്‍, സഹാറ തീമുകള്‍. ആളുകളുടെ ആവശ്യത്തിനനുസരിച്ച് കസ്റ്റമൈസ് ചെയ്ത് ബൈക്കിന്റെയും സൈക്കിളിന്റെയുമൊക്കെ മോഡലിലും ടെറേറിയം നിര്‍മ്മിച്ചു നല്‍കുന്നുണ്ട്.

സൈക്കിള്‍ മോഡല്‍ ടെറേറിയം

സൂര്യപ്രകാശം, വെള്ളം തുടങ്ങിയവ ടെറേറിയത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സൂര്യപ്രകാശം കിട്ടുന്നിടത്തായിരിക്കണം ടെറേറിയം നിര്‍ത്തേണ്ടത്. പക്ഷേ നേരിട്ടുള്ള സൂര്യപ്രകാശം ആവശ്യമില്ല. അവശ്യ ഘട്ടങ്ങളില്‍ വെള്ളവും വളവും നല്‍കുന്നതും ടെറേറിയത്തിന്റെ നിലനില്‍പ്പിന് ആവശ്യമാണ്.

കൂടുതലായും ഗിഫ്റ്റായി വിറ്റുപോകുന്നതിനാല്‍ സ്വീകരിക്കുന്ന വ്യക്തിയുടെ സൗകര്യാര്‍ത്ഥം ഒരു കെയര്‍ കാര്‍ഡും ഒപ്പം കൊടുക്കും. അതനുസരിച്ച് ടെറേറിയം കൃത്യമായി പരിചരിക്കാം. ചെടിയ്ക്ക് നല്‍കേണ്ട വെള്ളത്തിന്റെ അളവ്, വളപ്രയോഗം, സൂര്യപ്രകാശം, വൃത്തിയാക്കുന്ന രീതി തുടങ്ങിയവ കാര്‍ഡിലുണ്ടാകും.

ചില്ലുകുപ്പിയില്‍ ചെടി വളര്‍ത്തുന്നതിനോടൊപ്പം അതില്‍ മീനുകളെ വളര്‍ത്തുന്ന അക്വാപോണിക്‌സും, പോട്ടുകള്‍ ഉപയോഗിക്കാതെ ചെടി വളര്‍ത്തുന്ന ജാപ്പനീസ് രീതിയായ പോട്‌ലസ് സ്ട്രിങ് ഗാര്‍ഡന്‍ (കൊക്കിഡാമ), തലകുത്തി ചെടി വളര്‍ത്തുന്ന ഇന്‍വേര്‍ട്ടഡ് ഗാര്‍ഡന്‍ എന്നിവയും ലക്ഷ്മിയുടെയും ഗംഗയുടെയും കരവിരുതില്‍ വിരിയുന്നുണ്ട്.

ടെറേറിയത്തെ ആളുകള്‍ ഇഷ്ടപ്പെടുന്നുവെന്ന് മനസ്സിലാക്കിയ ലക്ഷ്മി കോളേജുകളില്‍ ടെറേറിയമുണ്ടാക്കുന്നതിനെക്കുറിച്ച് ക്ലാസുകള്‍ എടുക്കുന്നുണ്ട്. വര്‍ക്ക്‌ഷോപ്പുകളും സംഘടിപ്പിക്കുന്നുണ്ട്. കൊച്ചിന്‍ ഫ്‌ളവര്‍ ഷോയില്‍ പങ്കെടുക്കാന്‍ ലഭിച്ച അവസരം അത്ര ചെറിയ കാര്യമല്ല.

ഗ്രീന്‍പീസ് ടെറേറിയം എന്ന ആശയം ഇത്രത്തോളം വിജയത്തിലെത്താന്‍  ഇവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി കൂടെ നിന്ന ഒത്തിരിപേരുണ്ടെന്ന് ലക്ഷ്മി പറയുന്നു. ഭാരത് മാത കോളേജിലെ അധ്യാപകനായ പ്രൊഫസര്‍ വര്‍ഗീസ് കൂന്തറ പകര്‍ന്ന് നല്‍കിയ അറിവുകള്‍ മുന്നോട്ടുള്ള വിജയത്തിന് ഏറെ പ്രചോദനമായിട്ടുണ്ട്.

കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പൂര്‍ണ്ണ പിന്തുണയും പ്രോല്‍സാഹനവുമാണ് വിജയത്തിന്റെ രഹസ്യമെന്നും ലക്ഷ്മി പറയുന്നു.

കൊക്കിഡാമ

മറൈന്‍ സര്‍വ്വേയറായ ഭര്‍ത്താവ് വികാസ് ബാബുവും മക്കളായ ആര്യനും ആലിയയും ലക്ഷ്മിക്ക് വേണ്ട ചെറിയ സഹായങ്ങള്‍ ചെയ്തു നല്‍കാറുണ്ട്. മകള്‍ എമയുടെ വിദ്യാദ്യാസ ആവശ്യങ്ങള്‍ക്കായി ഭര്‍ത്താവ് ജോ ഫിഷ്‌ബെക്കിനൊപ്പം ഗംഗ ഇപ്പോള്‍ ജര്‍മ്മനിയിലാണുള്ളത്.

കണ്ണാടിഭരണിക്കുള്ളില്‍ ഒരുക്കാം ഒരു കുഞ്ഞുപൂന്തോട്ടം
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top