Ernakulam

കലയും കളിയുമായി ബിനാലെ ഒഴിവുകാല ക്യാമ്പിന് ഇന്ന് സമാപനം

കൊച്ചി: വീട്ടില്‍ സ്‌കെച്ച്‌പെന്നും, പെന്‍സിലും കൊണ്ട് മാത്രം പടം വരച്ചിരുന്ന പല കുട്ടികള്‍ക്കും കൊച്ചി ബിനാലെയുടെ ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ പരിപാടിയുടെ ഭാഗമായി നടന്ന അവധിക്കാല ക്യാമ്പ് പുതിയ അനുഭവമായിരുന്നു. കളിമണ്ണു കൊണ്ട് രൂപങ്ങള്‍ ഉണ്ടാക്കിയും ഒറിഗാമി പോലുള്ള സമ്പ്രദായങ്ങള്‍ അഭ്യസിച്ചും കുട്ടികള്‍ ക്യാമ്പ് ഗുണകരമാക്കി.

രണ്ട് ഘട്ടങ്ങളിലായാണ് ബിനാലെ ഫൗണ്ടേഷന്‍ അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചത്. മേയ് രണ്ടു മുതല്‍ 11 വരെയും 13 മുതല്‍ 22 വരെയുമായിരുന്നു ക്യാമ്പുകള്‍. കലാരംഗത്തെ പരിചയസമ്പന്നരായ ആന്റോ ജോര്‍ജ്, നിഷാദ് എംപി, കുഞ്ഞിക്കുട്ടന്‍ നാരായണന്‍, വിപിന്‍ ധനുര്‍ധരന്‍, ജയ പി എസ് എന്നിവരാണ് ക്ലാസുകള്‍ നയിച്ചത്.

കടലാസുകൊണ്ട് കൗതുകകരമായ സൃഷ്ടികള്‍ക്ക് രൂപം നല്‍കുന്ന ജപ്പാനീസ് കലാരൂപമായ ഒറിഗാമി, സ്‌ക്രീന്‍ പ്രിന്റിംഗ്, കളിമണ്‍ കലാരൂപങ്ങള്‍ തുടങ്ങിയവയാണ് പഠിപ്പിച്ചത്. പുതിയ കാര്യങ്ങള്‍ പഠിക്കാനായതിന്റെ ആവേശത്തിലാണ് ഫോര്‍ട്ട്‌കൊച്ചി ഡെല്‍റ്റ സ്റ്റഡിയിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥി യഹ്യ അമന്‍. ആദ്യമായാണ് ഇത്തരം കാര്യങ്ങള്‍ പഠിക്കുന്നതെന്നും ഇനിയും ഇത്തരം ക്യാമ്പുകള്‍ക്കായി കാത്തിരിക്കുകയാണെന്നും യഹ്യ പറഞ്ഞു.

സാന്റാ മരിയ മുണ്ടംവേലി സ്‌കൂളിലെ അരുണ്‍ജിത് ഇത് രണ്ടാം തവണയാണ് അവധിക്കാല ക്യാമ്പിനെത്തുന്നത്. ക്ലേ മോഡലിംഗില്‍ ഏറെ തത്പരനായ അരുണ്‍ അടുത്ത തവണയും ക്യാമ്പില്‍ പങ്കെടുക്കുമെന്ന് ഉറപ്പിച്ചു പറയുന്നു. കുട്ടികളെ സ്വതന്ത്രമായി വിടുകയെന്നതാണ് ക്യാമ്പിന്റെ പ്രധാന ഉദ്ദേശ്യമെന്ന് വിപിന്‍ ധനുര്‍ധരന്‍ പറഞ്ഞു. അവര്‍ എത്ര നന്നായി ചെയ്യുന്നു എന്നതല്ല പ്രധാനം മറിച്ച് എങ്ങിനെ ഇടപെടുന്നുവെന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ആകെ 50 കുട്ടികളാണ് ക്യാമ്പിന്റെ രണ്ട് ഘട്ടങ്ങളിലുമായി പങ്കെടുത്തത്. ഫോര്‍ട്ട്‌കൊച്ചി പെപ്പര്‍ഹൗസിന്റെ കൂടി സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top