ലോകത്താദ്യമായി 5ജി സേവനം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കി ഖത്തര്‍. ഖത്തറിലെ പൊതുമേഖല ടെലികോം കമ്പനിയായ ഓറീഡു ആണ് 5ജി സേവനം ലഭ്യമാക്കുന്നത്. പേള്‍ ഖത്തര്‍ മുതല്‍ ഹമദ് രാജ്യാന്തര വിമാനത്താവളം വരെയുള്ള ഭാഗത്താണ് 5ജി സൂപ്പര്‍നെറ്റ് ആദ്യഘട്ടത്തില്‍ ലഭ്യമാക്കിയിരിക്കുന്നത്. 4ജിയില്‍ ഉളളതിനേക്കാള് പത്ത് മടങ്ങ് അധിക വേഗത ലഭ്യമാക്കുന്നതാണ് 5ജിയുടെ പ്രത്യേകത.
5ജി സേവനങ്ങള്‍ ലഭ്യമാക്കാനുളള ശ്രമം രണ്ടു വര്‍ഷം മുമ്പെ ഖത്തര്‍ ആരംഭിച്ചിരുന്നു. ഇതിനായി കോടികളുടെ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്. അതോടൊപ്പം 5ജി ഉപയോഗപ്പെടുത്തി സ്മാര്‍ട്ട് റോഡുകള്‍, ഡ്രൈവറില്ലാത്ത കാറുകള്‍, വിര്‍ച്വല്‍ ഓഗ്മെന്റഡ് റിയാലിറ്റി തുടങ്ങി ഒട്ടേറെ ആശയങ്ങള്‍ നടപ്പാക്കാനും പദ്ധതിയുണ്ട്.
5ജി സാങ്കേതികവിദ്യ നടപ്പിലായെങ്കിലും 5ജി ഉപയോഗിക്കാവുന്ന സ്മാര്‍ട്ട്ഫോണുകള്‍ പുറത്തിറക്കിയിട്ടില്ല. 5ജി സ്മാര്‍ട്ട്ഫോണും ഓറീഡു തന്നെ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതോടൊപ്പം 5ജി ഉപയോഗപ്പെടുത്തി ഖത്തറിനെ കൂടുതല്‍ സ്മാര്‍ട്ട് സിറ്റിയാക്കാനും അധികൃതര്‍ക്ക് പദ്ധതിയുണ്ട്.