Ernakulam

ശില്‍പകലയിലെ ശെല്‍വസൗകുമാര്യം !

ശരിക്കും നിങ്ങളുടെ ഹൃദയം ഇരുമ്പുകൊണ്ടാണോ ഉണ്ടാക്കിയിരിക്കുന്നത് ?

കളിയായും കാര്യമായും ഇങ്ങനൊരു ചോദ്യം ശെല്‍വനോടാണ് ചോദിക്കുന്നതെങ്കില്‍ ദേഷ്യപ്പെടലോ മുഖം കറുപ്പിക്കലോ ആവില്ല പകരം ഒരു ചെറുചിരിയായിരിക്കും മറുപടി…

ഓരോ ലോഹ കണികയിലും ഒളിഞ്ഞിരിക്കുന്ന ശില്പഭാവങ്ങളെ കണ്ടെത്തുന്ന, ഇരുമ്പിന്റെ കഠിനതയിലും നവസൃഷ്ടികളുടെ സാധ്യതകള്‍ തേടുന്ന ഒരു കലാകാരന്റെ മനസ്സും മജ്ജയും മറ്റൊന്നാവാന്‍ ഇടയില്ലല്ലോ…

ശെല്‍വന്‍

എറണാകുളം പാലാരിവട്ടം സ്വദേശിയാണ് ശെല്‍വന്‍. നാളിതുവരെയായി ചെയ്തു പൂര്‍ത്തിയാക്കി കൈമാറിയത് എത്ര ശില്പങ്ങളെയാണെന്ന് ശെല്‍വന് തന്നെ വ്യക്തമായ കണക്കില്ല. എറണാകുളത്തും സമീപ ജില്ലകളിലുമായി നിരവധി സര്‍ക്കാര്‍ – അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും ശെല്‍വന്റെ സൃഷ്ടികള്‍ പ്രൗഡഗംഭീരമായി തലയുയര്‍ത്തിപ്പിടിച്ച് നില്‍പ്പുണ്ട്. ഏറ്റവും ഒടുവിലായിതാ ലണ്ടനിലെ ഇന്ത്യന്‍ ഹൈകമ്മീഷന്‍ കാര്യാലയത്തില്‍ സ്ഥാപിച്ചിരിക്കുന്ന വികെ കൃഷ്ണ മേനോന്റെ പ്രതിമയില്‍ എത്തിനില്‍ക്കുന്നു ഇരുമ്പില്‍ കാവ്യമെഴുതുന്ന ആ ശില്പ സപര്യ.

വികെ കൃഷ്ണ മേനോന്റെ പ്രതിമ

പുസ്തക സഞ്ചിയും പേറി വായനയില്‍ മുഴുകിയിരിക്കുന്ന ഒരു പെണ്‍കുട്ടിയുടെ ശില്പമാണ് പാലാരിവട്ടത്തെ അദ്ദേഹത്തിന്റെ പണിപ്പുരയിലേക്ക് നമ്മെ സ്വാഗതം ചെയ്യുന്നത്. ഇരുമ്പ് ഷീറ്റില്‍ തീര്‍ത്ത ആ ശില്‍പത്തിന് പുറകിലും ഒരു കഥയുണ്ട്. അത് വഴിയേ പറയാം. അടച്ചുപൂട്ടി, രഹസ്യഭാവത്തില്‍, പിറവിയുടെ സകല നിഗൂഡതകളുമായി നില്‍ക്കുന്ന ഒരു സ്റ്റുഡിയോയുടെ രഹസ്യാത്മകതയൊന്നുമില്ല ശെല്‍വന്റെ പണിപ്പുരയ്ക്ക്.

” വാഹനങ്ങളുടെ ബോഡിയുടേയും മറ്റും മെറ്റല്‍ വര്‍ക്ക് ചെയ്തു കൊടുക്കുന്ന ജോലിയായിരുന്നു അച്ഛന്. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം അച്ഛനോടൊപ്പം ഞാനും കൂടി. അവിടെ വച്ചാണ് എന്റെ മനസ്സിലും കൈവേഗത്തിലും ഒരു കലാകാരന്റെ താളമുണ്ടെന്ന് തിരിച്ചറിയുന്നത്. ഗംഭീരമെന്നൊന്നും പറയാനാവില്ലെങ്കിലും ചെറിയ ചില ശ്രമങ്ങള്‍ അന്നേ നടത്തിയിരുന്നു. പിന്നീട് കൊച്ചിന്‍ ആര്‍ട്‌സ് സ്‌കൂള്‍ നടത്തിയിരുന്ന എംആര്‍ഡി ദത്തന്‍ മാഷിന്റെ അടുത്തെത്തിയതാണ് ജീവിതത്തില്‍ വഴിത്തിരിവായത്.” – സഹൃദയരെ സ്വാഗതം ചെയ്തുകൊണ്ട് അങ്ങിങ്ങായി നിരത്തിയിരിക്കുന്ന ശില്‍പങ്ങളുടെ നടുവിലിരുന്ന് പതിയെ., ഒരു ശില്‍പം മെനഞ്ഞെടുക്കുന്ന താളത്തില്‍ ശെല്‍വന്‍ പറഞ്ഞു തുടങ്ങി.

”ഞങ്ങളുടെ വര്‍ക്ക്‌ഷോപ്പില്‍ നിന്നും അധികം ദൂരമില്ലായിരുന്നു ദത്തന്‍ മാഷിന്റെ സ്റ്റുഡിയോയിലേക്ക്. അതിനകത്ത് കയറി എല്ലാം കാണാന്‍ ആഗ്രഹമുണ്ടെങ്കിലും അന്ന് അതിനൊന്നും സാധിക്കുന്ന സാഹചര്യമല്ലായിരുന്നു. അങ്ങനെയിരിക്കെയാണ് ഒരു ദിവസം പൂര്‍ത്തിയായ ഒരു ശില്‍പത്തിന്റെ വെല്‍ഡിംഗ് ജോലി ചെയ്തുകൊടുക്കാമോ എന്ന് അന്വേഷിച്ച് ഞങ്ങളുടെ വര്‍ക്ക്‌ഷോപ്പിലേക്ക് അവിടുന്ന് ആള്‍ വന്നത്. പനമ്പള്ളി ഗോവിന്ദമോനോന്റെ പ്രതിമയായിരുന്നു അത്. ഇപ്പോള്‍ ചാലക്കുടിയില്‍ ഉണ്ട് ആ പ്രതിമ. അതാണ് തുടക്കം. എനിക്ക് കലയില്‍ താത്പര്യമുണ്ടെന്ന് മനസ്സിലാക്കിയ മാഷ് എന്നോട് കൂടെക്കൂടാന്‍ പറയുകയായിരുന്നു. പിന്നീട് 16 വര്‍ഷത്തോളം ഞങ്ങള്‍ ഒന്നിച്ച് വര്‍ക്ക് ചെയ്തു. ” – ഓര്‍മകളെ ഒന്നുകൂടി പോളിഷ് ചെയ്തു മിനുക്കിയെടുക്കുകയാണ് ശെല്‍വന്‍.

ശില്‍പകലയില്‍ ഔപചാരിക വിദ്യാഭ്യാസം നേടിയിട്ടൊന്നുമില്ല ശെല്‍വന്‍. സ്വന്തം ജീവിതത്തിലെ അനുഭവങ്ങളുടേയും പരീക്ഷണങ്ങളുടേയും പാഠശാലയുടെ മൂശയില്‍ നിന്ന് വാര്‍ത്തെടുക്കുന്നതാണ് ശെല്‍വന്റെ ഓരോ ശില്‍പങ്ങളും. എന്നാല്‍ അങ്ങനെയൊരു ഫൈന്‍ ആര്‍ട്‌സ് കോളേജിന്റെ സര്‍ട്ടിഫിക്കറ്റ് കലാകാരനല്ലാത്തതിനാല്‍ ചില പ്രയാസങ്ങളും ഉണ്ടെന്ന് ശെല്‍വന്‍ പറയുന്നു.

ശില്‍പത്തിന്റെ അനാച്ഛാദന വേദിയില്‍ ശില്പിക്ക് യാതൊരു പരിഗണയും ലഭിക്കാറില്ല. പരിപാടിക്ക് ക്ഷണിക്കുക പോലും ചെയ്യാത്ത അനുഭവങ്ങള്‍ ഉണ്ട്. ഉദ്ഘാടന മാമാങ്കത്തിന് നടുവില്‍ ശില്പി വെറും പ്രഹസനമായി മാറുകയാണിന്ന്. ചെയ്ത ജോലിക്ക് പ്രതിഫലം പോലും തരാത്തവര്‍ ഇവിടെയുണ്ട്. പലര്‍ക്കും ശില്‍പം എന്നത് കടയില്‍ ചെന്ന് വാങ്ങുന്ന വസ്തു മാത്രമാണ്. അതിന്റെ കലാമൂല്യമോ അതിനുപുറകിലുള്ള ശില്‍പിയുടെ മനസ്സോ പലരും കാണുന്നില്ല എന്നത് യാഥാര്‍ഥ്യമാണെന്നും വേദനയോടെ ശെല്‍വന്‍ പറയുന്നു.

ഷീറ്റ് മെറ്റലിലാണ് സെല്‍വന്റെ വര്‍ക്കുകള്‍ ഭൂരിഭാഗവും. ”എല്ലാവരും ചെയ്യുന്ന അതേ മീഡിയത്തില്‍ ചെയ്താല്‍ അതിലൊരു കൗതുകം ഇല്ലല്ലോ. ഷീറ്റ് മെറ്റലില്‍ ക്രാഫ്റ്റ് വര്‍ക്കുകള്‍ ചെയ്യുന്നവര്‍ പൊതുവേ കുറവാണ്. അതുകൊണ്ട് അതില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ ഉത്സാഹമാണ്. ആത്മവിശ്വാസമാണല്ലോ മറ്റെന്തിനേക്കാളും വലിയ കൈമുതല്‍ – ശെല്‍വന്‍ കൂട്ടിച്ചേര്‍ത്തു. ബ്രാസ്സിലും മണ്ണിലും എംസാന്റിലും വരെ ശെല്‍വന്റെ കരവിരുത് മനോഹരമായി വഴങ്ങിയിട്ടുണ്ട്. ക്ലീഷെ രീതികളില്‍ നിന്നുമാറി ചെയ്യുന്ന വര്‍ക്കുകളിലെല്ലാം തന്റേതായൊരു വ്യത്യസ്തതയുണ്ടാക്കാന്‍ ശെല്‍വന്‍ ശ്രമിക്കാറുണ്ട്.

നേരത്തേ പറഞ്ഞ പെണ്‍കുട്ടിയുടെ പ്രതിമയുടെ പുറകിലെ കഥ അതിനൊരു ഉദാഹരണമാണ്. ശില്‍പ നിര്‍മാണത്തിന്റെ വഴികള്‍ തത്സമയം ജനങ്ങള്‍ക്ക് കാണാനും അറിയാനുമായി പൊതുഇടത്തില്‍ ശില്പ നിര്‍മാണം നടത്തിയിട്ടുണ്ട് ശെല്‍വന്‍. എണ്ണയാട്ടുന്ന ചക്കും കാളയും അതിന്മേലിരുന്ന് പഠിക്കുന്ന പെണ്‍കുട്ടിയും. കേരളത്തിന്റെ പരമ്പരാഗത തൊഴില്‍മേഖലകളില്‍ യന്ത്രങ്ങളുടെ കടന്നുകയറ്റവും ഉന്നത വിദ്യാഭ്യാസവും സാങ്കേതികമേഖലയും ഒത്തുചേര്‍ന്ന് സൃഷ്ടിച്ച നവതൊഴില്‍ സംസ്‌കാരത്തിലേക്കുമൊക്കെ ചുണ്ടുപലകയാകുന്നുണ്ട് ആ ശില്പം. മികച്ച അഭിപ്രായമാണ് സഹൃദയരില്‍ നിന്നും ആ പരിപാടിക്ക് ലഭിച്ചത്.

ശെല്‍വന്‍ ഏറ്റവും കൂടുതല്‍ ചെയ്തിരിക്കുന്നത് ഗാന്ധി പ്രതിമകളാണ്. മറ്റ് സാംസ്‌കാരിക-രാഷ്ട്രീയ- ആധ്യാത്മിക-മത നേതാക്കളുടെയു പ്രതിമകള്‍ ഏറെയുണ്ട്. ത്രിപ്പൂണിത്തറ യൂണിയന്‍ ബാങ്കിന് സമീപമുള്ള ശെല്‍വന്റെ ഗാന്ധിപ്രതിമ അതില്‍ ശെല്‍വന് ഏറെ പ്രിയപ്പെട്ടതാണ്. അതിന് കാരണവുമുണ്ട്. കേരളം സന്ദര്‍ശിച്ച് സമയത്ത് ഗാന്ധിജി പ്രസംഗിച്ച അതേ ഇടത്താണ് ഈ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.

ഇന്ന് ഇന്റീരിയല്‍ ഡിസൈനിംഗ് മേഖലയിലാണ് ശെല്‍വന്റെ പരീക്ഷണങ്ങള്‍ മുഴുവന്‍. നടന്‍ ദിലീപിന്റെ ‘ദേ പുട്ട്’ ഉള്‍പ്പെടെ കൊച്ചിയിലെ പലഹോട്ടല്‍ സ്ഥാപനങ്ങളുടേയും ഇന്റീരിയേര്‍സില്‍ ശെല്‍വന്റെ കൈയൊപ്പും പതിഞ്ഞിട്ടുണ്ട്.

             

ഡിസൈനേര്‍സിന്റെ മനസ്സിലെ ആശയങ്ങള്‍ക്ക് സര്‍ഗാത്മകയുടെ ചേരുവ ചേര്‍ത്ത് ശെല്‍വന്‍ ശില്‍പഭംഗിയോടെ മനോഹരമാക്കുമ്പോള്‍ വ്യത്യസ്തമായൊരു ഇന്റീരിയര്‍ പിറവിയെടുക്കുകയായി.

സംഗീതസംവിധായകന്‍ ബിജിപാലിന്  വേണ്ടി ഒരു ഇന്റീരിയര്‍ ഒരുക്കുവാനുള്ള തയ്യാറെടുപ്പിലാണ് ശെല്‍വന്‍ ഇപ്പോള്‍…

ഞങ്ങള്‍ യാത്ര പറഞ്ഞ് ഇറങ്ങിയപ്പോഴേക്കും ശെല്‍വന്‍ വീണ്ടും ലോഹങ്ങളുടെ ലോകത്തേക്ക്..

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top