കൊച്ചിയെയും സമീപപ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന ജലമെട്രോയുടെ ആദ്യഘട്ട സര്‍വ്വീസ് അടുത്തവര്‍ഷം മേയില്‍ തുടങ്ങും. പദ്ധതിക്കായുള്ള ബോട്ടുകളുടെ നിര്‍മ്മാണത്തിനായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ടെന്‍ഡര്‍ ക്ഷണിച്ചു. 36 ബോട്ടുകളാണ് തുടക്കത്തിലുണ്ടാവുക. അത്യാധുനിക മാതൃകയിലുള്ള ബോട്ടുകളായിരിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. നൂറുപേര്‍ക്ക് യാത്രചെയ്യാവുന്ന ബോട്ടുകളില്‍ വൈഫൈ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉണ്ടാകും.
ബോട്ട് ജെട്ടി നിര്‍മ്മാണത്തിനും അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും സ്ഥലം കണ്ടെത്തിയിട്ടുണ്ട്. അധികം വൈകാതെ തന്നെ ജെട്ടി നിര്‍മ്മാണത്തിനും ടെന്‍ഡര്‍ വിളിക്കും. കൊച്ചി മെട്രോയ്ക്ക് അനുബന്ധമായി നടപ്പാക്കുന്ന പദ്ധതിയുടെ പ്രയോജനം പത്ത് പഞ്ചായത്തുകള്‍ക്കാണ് ലഭിക്കുക. 747 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. 2020 ഓടെ കൊച്ചി ജലമെട്രോ പദ്ധതി പൂര്‍ത്തിയാകും.