Business

ബുധനാഴ്ച വിപണി ഉണര്‍ന്നില്ല

ഓഹരിവിപണി        02-05-2018

ഇന്നലത്തെ അവധി ആലസ്യത്തില്‍ നിന്ന് വ്യാപാരമാരംഭിച്ച വിപണിയില്‍ മെറ്റല്‍ ഓഹരികള്‍ക്ക് മങ്ങലേറ്റു. അതേ പാത തന്നെയാണ് ഐടി ഓഹരികളും പിന്തുടര്‍ന്നത്.

കിട്ടാക്കടത്തിന്റെ ആശങ്കയില്‍ പൊതുമേഖലാ ബാങ്കുകളുടെ ഓഹരികള്‍ക്ക് പ്രിയം കണ്ടില്ല. നിഫ്റ്റി പൊതുമേഖലാ ബാങ്ക് ഇന്‍ഡക്‌സ് 2.5 ശതമാനം കുറഞ്ഞു.

എന്നാല്‍ സ്വകാര്യ ബാങ്കുകള്‍ക്ക് നല്ല ദിവസമായിരുന്നു. നാലാം പാദഫലത്തില്‍ 15ശതമാനം ലാഭം കൂടുതല്‍ പ്രഖ്യാപിച്ച കൊട്ടക് മഹീന്ദ്ര ഓഹരികള്‍ക്ക് നാല് ശതമാനം വില കൂടി.

ആക്‌സിസ് ബാങ്ക് 1.5 ശതമാനവും എച്ച്ഡിഎഫ്‌സി ബാങ്ക് ഒരു ശതമാനവും വിലവര്‍ധനവ് രേഖപ്പെടുത്തി. സ്വകാര്യ ബാങ്കുകളുടെ ലാഭം മികച്ചതാവുമെന്ന നിക്ഷേപകരുടെ വിശ്വാസമാണ് വിലവര്‍ധനയ്ക്ക് കാരണം.

”ഇന്ത്യയില്‍ വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പും ക്രൂഡ് ഓയിലിന്റെ അടിക്കടിയുള്ള വിലക്കയറ്റവും മൂലം വിപണി ചാഞ്ചാട്ടത്തിന് വിധേയമാവും. ഹ്രസ്വകാല നിക്ഷേപത്തിന് ഇപ്പോള്‍ മുതിരുന്നത് ബുദ്ധിപൂര്‍വമാവില്ല. വിലകള്‍ കൂടിയും കുറഞ്ഞും മാറിമാറി പ്രതിഫലിക്കും. ദീര്‍ഘകാല നിക്ഷേപമായിരിക്കും ഉചിതം. ഇപ്പോള്‍ ഓഹരി വാങ്ങിയില്ലെങ്കില്‍ പിന്നീട് അവസരം ലഭിക്കില്ലെന്ന് കരുതേണ്ട. അടുത്ത പൊതുതെരഞ്ഞെടുപ്പ് വരെ വിപണിയില്‍ തുടരുന്ന ചാഞ്ചാട്ടത്തില്‍ ആദായകരമായി നിക്ഷേപിക്കാന്‍ പല അവസരങ്ങള്‍ കൈവരും. നിക്ഷേപം കരുതലോടെ നടത്തിയാല്‍ മാത്രം മതി.” കൊച്ചിയിലെ അക്യുമെന്‍ ക്യാപിറ്റല്‍ മാര്‍ക്കറ്റ് (ഇന്ത്യ) ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ അക്ഷയ് അഗര്‍വാള്‍ കേരളവിഷന്‍ ഓണ്‍ലൈനിനോട് പറഞ്ഞു.

അക്ഷയ് അഗര്‍വാള്‍, മാനേജിങ് ഡയറക്ടര്‍ (അക്യുമെന്‍ ക്യാപിറ്റല്‍ മാര്‍ക്കറ്റ് (ഇന്ത്യ) ലിമിറ്റഡ്‌)

ഏപ്രില്‍ മാസ വില്‍പനയില്‍ 26 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയ ബജാജ് ഓട്ടോ ഓഹരികള്‍ മെച്ചപ്പെട്ട നിലയിലായിരുന്നു. മികച്ച ലാഭം പ്രഖ്യാപിച്ച ഡാബര്‍ ഇന്ത്യയും വില മെച്ചപ്പെടുത്തി.

മെറ്റല്‍ ഓഹരികളായ വെന്‍ഡേറ്റ അഞ്ച് ശതമാനവും ടാറ്റാ സ്റ്റീല്‍, ഹിന്‍ഡാല്‍കോ എന്നീ ഓഹരികള്‍ മൂന്ന് ശതമാനവും വിലക്കുറവ് രേഖപ്പെടുത്തി.

സെന്‍സെക്‌സ് 16 പോയിന്റ് വര്‍ധിച്ച് 35,176 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 21 പോയിന്റ് നഷ്ടത്തില്‍ 10,718ലാണ് വ്യാപാരമവസാനിപ്പിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top