Environment

നീലക്കുറിഞ്ഞി പൂക്കട്ടെ , മൂന്നാര്‍ മാലിന്യ വിമുക്തമാക്കണം

പശ്ചിമഘട്ട മലനിരകളില്‍ 12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി ദൃശ്യം ലോകത്തിലെ അത്യപൂര്‍വ കാഴ്ചയാണ്. ജൂണ്‍ അവസാനത്തോടെ ദൃശ്യമാകുന്ന ഈ അപൂര്‍വ ദൃശ്യചാരുത ഒന്നടുത്ത് കാണുവാന്‍ ലക്ഷക്കണക്കിന് വിനോദ സഞ്ചാരികളാണ് മൂന്നാറിലെത്തുന്നത്.

കഴിഞ്ഞ സീസണില്‍ 7 ലക്ഷം വിനോദ സഞ്ചാരികളാണ് നീലക്കുറിഞ്ഞി വസന്ത വിസ്മയം കാണാന്‍ എത്തിയത്. എന്നാല്‍ സോഷ്യല്‍ മീഡിയായിലൂടെയുള്ള നീലക്കുറിഞ്ഞി വാര്‍ത്തകള്‍ ലോകമെമ്പാടും പ്രചരിച്ചതിന്റെ ഫലമായി 20 ലക്ഷം പേര്‍ നീലക്കുറിഞ്ഞി പൂക്കുന്നത് കാണാന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2018 ജൂണ്‍ അവസാനം മുതല്‍ ഒക്ടോബര്‍ വരെയാണ് മൂന്നാര്‍ മലമടക്കുകളെ നീല കമ്പളം പുതപ്പിക്കുന്ന അവിസ്മരണീയ കാഴ്ച പ്രകൃതി ഒരുക്കുന്നത്. ഈ മാസ്മരിക സൗന്ദര്യത്തിന് പിന്നില്‍ വലിയൊരു പാരിസ്ഥിതിക പ്രശ്‌നം കൂടി ഈ വര്‍ഷം മറ്റൊരു ദുരന്തമായി കാത്തിരിക്കുന്നുണ്ട്.

മൂന്നാറിനെ സംബന്ധിച്ച് ഇന്നഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം മാലിന്യ നിര്‍മാര്‍ജനമാണ്. സാധാരണ സീസണ്‍ സമയങ്ങളില്‍ പോലും മാലിന്യ പ്രശ്‌നം പരിഹരിക്കാനാകാതെ അധികാരികള്‍ വിഷമിക്കുമ്പോള്‍ കുറിഞ്ഞി സീസണ്‍ വലിയൊരു പാരിസ്ഥിതിക ദുരന്തത്തിന് വഴിതെളിക്കും.

മൂന്നാര്‍ ടൗണില്‍ നിന്ന് 8 കിലോമീറ്റര്‍ അകലെയുള്ള മാട്ടുപ്പെട്ടി, ടോപ് സ്റ്റേഷന്‍ തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും നീലക്കുറിഞ്ഞി പൂത്തുലഞ്ഞ് കാഴ്ചക്കാര്‍ക്ക് വിസ്മയമൊരുക്കുന്നത്. ഏതാണ്ട് 20 ലക്ഷം പേര്‍ കുറിഞ്ഞി സീസണില്‍ എത്തുന്നതോടെ പരിസ്ഥിതി ലോല പ്രദേശമായ ഈ പ്രദേശങ്ങള്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കൊണ്ട് നിറയാനുള്ള സാധ്യത വളരെ കൂടുതലാണ്.

മൂന്നാര്‍ ടൗണിലെ ടണ്‍ കണക്കിന് മാലിന്യങ്ങള്‍ നീക്കാന്‍ തന്നെ ഇപ്പോള്‍ അധികാരികള്‍ക്ക് കഴിയുന്നില്ല. കുറിഞ്ഞി സീസണില്‍ വിനോദ സഞ്ചാരികള്‍ ഉപേക്ഷിച്ച് പോകുന്ന അധിക മാലിന്യങ്ങള്‍ എങ്ങനെ സംസ്‌കരിക്കാന്‍ കഴിയുമെന്ന വ്യക്തമായ ധാരണയൊന്നും നാളിതുവരെ സര്‍ക്കാര്‍ ആലോചിച്ചിട്ടില്ല.

മൂന്നാറില്‍ വഴിയിരില്‍ കൂട്ടിയിട്ടിരിക്കുന്ന മാലിന്യം

പ്ലാസ്റ്റിക് മുതല്‍ കക്കൂസ് മാലിന്യം വരെ മൂന്നാറിലെ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നുണ്ട്. യാതൊരു മാനദണ്ഡവും പാലിക്കാതെ കെട്ടിപ്പൊക്കുന്ന റിസോര്‍ട്ടില്‍ നിന്ന് പുറന്തള്ളുന്ന ജൈവ, അജൈവ മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ യാതൊരു വിധ ശാസ്ത്രീയ സംവിധാനവും മൂന്നാറില്‍ ഇന്ന് നിലവിലില്ല.

മൂന്നാറിലെ മലമടക്കുകള്‍ പ്ലാസ്റ്റിക് മാലിന്യം കൊണ്ട് നിറയുമ്പോള്‍ പ്രധാന നദിയായ കുതിരപ്പുഴ കോളിഫോം ബാക്ടീരിയായുടെ കേന്ദ്രമാണ്. മനുഷ്യ വിസര്‍ജ്യങ്ങള്‍ കുതിരപ്പുഴയിലേക്ക് തള്ളുന്നതാണ് നിരവധി രോഗങ്ങള്‍ക്ക് കാരണമാകുന്നത്. ഈ പുഴയില്‍ നിന്നുള്ള ജലമാണ് വേണ്ടത്ര ശുദ്ധീകരിക്കാതെ മൂന്നാറിലെ ചില റിസോര്‍ട്ടുകളില്‍ ഉപയോഗിച്ച് വരുന്നത്.

ഇതിന് പുറമേയാണ് മൂന്നാറിലെ തേയിലത്തോട്ടങ്ങളില്‍ തളിക്കുന്ന കീടനാശിനികള്‍ ചെറു അരുവികളില്‍ കലര്‍ന്ന് കുടിവെള്ള ശ്രോതസ്സുകളെ വിഷലിപ്തമാക്കുന്നത്. വല്ലപ്പോഴും വന്നെത്തുന്ന ടൂറിസ്റ്റുകള്‍ മൂന്നാറിലെ മലിനീകരണത്തെക്കുറിച്ച് ബോധവാന്മാരല്ല. ടൂറിസ്റ്റുകളുടെ വരവിനെ പ്രതികൂലമായിബാധിക്കുമെന്ന ഭയത്താല്‍ അധികാരികള്‍ ഇത്തരം വാര്‍ത്തകള്‍ മൂടിവയ്ക്കുകയാണ് ചെയ്യുന്നത്.

മൂന്നാറിന് താങ്ങാവുന്നതിന്റെ പത്തിരട്ടി ടൂറിസ്റ്റുകളാണ് കുറിഞ്ഞി കാലത്ത് എത്തുന്നത്. ഇത്രയധികം സഞ്ചാരികളില്‍ നല്ലൊരു വിഭാഗം മൂന്നാറിലെ റിസോര്‍ട്ടിലും വന്നു താമസിക്കുന്നതോടെ ഉണ്ടാവുന്ന അധികമാലിന്യം സംസ്‌കരിക്കാനുള്ള നടപടികള്‍ ആരംഭിച്ചില്ലെങ്കില്‍ ഒരു പരിസ്ഥിതി ദുരന്തം തന്നെ സംഭവിക്കാം.

സംരക്ഷിത വര്‍ഗമായ താറിന്റെ വിഹാര ഭൂമ കൂടിയാണ് നീലക്കുറിഞ്ഞി പൂക്കുന്ന താഴ്‌വര. ഇത്രയധികം സഞ്ചാരികള്‍ വന്നെത്തുന്നതോടെ പരിസ്ഥിതി ലോല പ്രദേശവും സമുദ്ര നിരപ്പില്‍ നിന്ന് 1600 അടി ഉയരത്തിലുള്ള ഈ ഭൂമികയുടെ മണ്ണും വെള്ളവും മലിനപ്പെടുത്തുന്നതിന്റെ പ്രത്യാഘാത പഠനങ്ങളൊന്നും ശാസ്ത്രീയമായി ഇത് വരെ നടന്നിട്ടില്ല.

മൂന്നാറിലെ മൂന്ന് പ്രധാന നദികളായ മുതിരപ്പുഴ, നല്ലത്താണി, കുണ്ടലി എന്നിവിടങ്ങളിലേക്കാണ് പ്രദേശത്തെ നല്ലൊരു വിഭാഗം മാലിന്യങ്ങളും ഇപ്പോള്‍ തള്ളുന്നത്. മൂന്നാറിലെ കാന്തല്ലൂര്‍, വട്ടവട, ചിന്നക്കനാല്‍ എന്നീ പഞ്ചായത്തുകളിലും മാലിന്യ സംസ്‌കരണത്തിന് വേണ്ടത്ര സംവിധാനമില്ല.
മൂന്നാറിനെ സംബന്ധിച്ച് പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള ഖരമാലിന്യ നിര്‍മാര്‍ജനമാണ് അടുത്തകാലത്ത് ഏറ്റവുമധികം പ്രശ്‌നമായിട്ടുള്ളത്. സഞ്ചാരികള്‍ പോകുന്ന വഴികളില്‍ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് കവറുകളും കുപ്പികളും കനത്ത ഭീഷണിയാണ് പരിസ്ഥിതിക്ക് സൃഷ്ടിച്ചിരിക്കുന്നത്.

കൂനിന്‍മേല്‍ കുരുവെന്ന പോലെ സഞ്ചാരികളുമായി വന്നെത്തുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്കുചെയ്യുവാന്‍ ഇപ്പോള്‍ തന്നെ തീരെ സ്ഥലമില്ല. കുറിഞ്ഞി സീസണ്‍ ആരംഭിക്കുന്നതോടെ പുതിയതായി എത്തുന്ന ആയിരക്കണക്കിന് വാഹനങ്ങള്‍ എവിടെ പാര്‍ക്കുചെയ്യുമെന്ന് കണ്ടറിയണം.

കേരള വിനോദ സഞ്ചാര വകുപ്പിന്റെ പ്രൊഫഷണല്‍ കുറിഞ്ഞി പരസ്യവും വെബ്‌സൈറ്റ് ചിത്രങ്ങളും കണ്ടാല്‍ ലോകത്തെവിടെയായാലും നീലക്കുറിഞ്ഞി കാണണമെന്ന് വിദേശ സഞ്ചാരികള്‍ക്ക് മോഹമുണ്ടാകും. പക്ഷെ പരിസ്ഥിതി ലോല പ്രദേശത്ത് മാലിന്യം കുമിഞ്ഞ്കൂടി കിടക്കുന്നത് കണ്ടാല്‍ എന്തായിരിക്കും സ്ഥിതി.

മൂന്നാറിനെ മാലിന്യമുക്തമാക്കി നീലക്കുറിഞ്ഞി കാണാന്‍ വരുക എന്ന ക്യാംപയിന്‍ സര്‍ക്കാര്‍ ഉടനടി ആരംഭിക്കണം. പ്ലാസ്റ്റിക്കും സിന്തറ്റിക്ക് സാധനങ്ങളും ഒരു കാരണവശാലും കുറിഞ്ഞി പ്രദേശത്ത് കൊണ്ടുവരാന്‍ അനുവദിക്കരുത്. കുറിഞ്ഞി പ്രദേശത്ത് ഗ്ലാസ്, സ്റ്റീല്‍ ബോട്ടിലുകളില്‍ മാത്രം കുടിവെള്ളത്തിനായി നല്‍കണം. റിസോര്‍ട്ടിലെ മാലിന്യം അലക്ഷ്യമായി തള്ളുന്ന ഉടമസ്ഥരില്‍ നിന്ന് വലിയ തുക പിഴയായി ഈടാക്കണം. ഈ സീസണിലെ നീലക്കുറിഞ്ഞി കാഴ്ച പരിസ്ഥിതി മലിനീകരണം ഒഴിവാക്കി എന്ന സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ ആരംഭിക്കാന്‍ ഇനിയും വൈകരുത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top