Ernakulam

ജെസ്‌നയെ കാണാതായിട്ട് 41 ദിവസങ്ങള്‍ ; ദുരൂഹത നീക്കാനാകാതെ പോലീസ്

ഇന്നേക്ക് ഇത് 41-ാം ദിവസമാണ്. തന്റെ മകള്‍ തിരിച്ചു വരുന്നതും കാത്ത് ഒരച്ഛന്‍ വീടിന്റെ ഉമ്മറപ്പടിയില്‍ ഇപ്പോഴും പ്രതീക്ഷയോടെ കാത്തിരിക്കുന്നു. കഴിഞ്ഞ മാര്‍ച്ച് 22നാണ് പത്തനംതിട്ട ജില്ലയിലെ എരുമേലി മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്ന മരിയ ജെയിംസിനെ കാണാതായത്. ഒരു മാസത്തിലേറെ പിന്നിട്ടിട്ടും ഇപ്പോഴും ജെസ്‌ന എവിടെയാണെന്ന് ഒരു വിവരവും ആര്‍ക്കും കണ്ടെത്താനായിട്ടില്ല.

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജില്‍ ബികോം രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയാണ് ജെസ്ന. കാണാതാകുന്ന ദിവസം ജെസ്‌നയ്ക്ക് സ്റ്റഡി ലീവായിരുന്നു. അന്ന് രാവിലെ എട്ടു മണിയോടെ ജെസ്ന വീടിന്റെ വരാന്തയിലിരുന്നു പഠിക്കുന്നത് അയല്‍ക്കാര്‍ കണ്ടിരുന്നു. ഒമ്പതു മണിയോടെ മുക്കൂട്ടുതറയിലുള്ള ബന്ധു വീട്ടിലേക്കു പോവുകയാണെന്ന് അയല്‍ക്കാരോടു പറഞ്ഞശേഷം ജെസ്ന വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു.

ജെസ്‌നയുടെ പിതാവിന്റെ സഹോദരി പുഞ്ചവയലിലാണ് താമസം. ഇവിടെ മിക്കവാറും ജെസ്‌ന പോകാറുണ്ട്. ബന്ധുക്കളില്‍ ഏറ്റവും അടുപ്പവും ഇവരോടാണ്. അന്ന് രാവിലെ ഏകദേശം 9.15നോടടുപ്പിച്ച് റിട്ടേണ്‍ വന്ന എബിന്‍ എന്ന ഓട്ടോയില്‍ വീടിന്റെ മുന്നില്‍ നിന്ന് കയറുന്നതിനും മുക്കൂട്ടുതറയില്‍ ഇറങ്ങുന്നതിനും സാക്ഷികളുണ്ട്. ഓട്ടോ ഡ്രൈവര്‍ ഷിജോയോടും പുഞ്ചവയലിലേക്കാണ് പോകുന്നതെന്ന് പറഞ്ഞിരുന്നു.

മുക്കൂട്ടുതറ നിന്നും എരുമേലി ബസ്റ്റാന്റില്‍ ഇറങ്ങിയതായി ബസ് ജീവനക്കാര്‍ പറയുന്നു. ആ സമയത്ത് എരുമേലിയില്‍ നിന്നും മുണ്ടക്കയം പോകുന്ന ശിവഗംഗ ബസില്‍ ജെസ്‌ന കയറിയതായാണ് സംശയം. പുഞ്ചവയലിലേക്ക് പോകുവാന്‍ ഈ ബസിലാണ് കയറേണ്ടത്. പുലിക്കുന്ന്, കരിനിലം എന്നീ സ്റ്റോപ്പുകളില്‍ ഇറങ്ങി അവിടുന്ന് ഓട്ടോറിക്ഷ പിടിച്ചുവേണം ബന്ധുവീട്ടിലേക്ക് പോകുവാന്‍. ഇങ്ങോട്ടുള്ള നാലുകിലോ മീറ്ററോളം ജനവാസം കുറഞ്ഞ പ്രദേശമാണ്. എന്നാല്‍ ഈ രണ്ട് സ്റ്റോപ്പുകളിലും ജെസ്‌ന ഇറങ്ങിയിട്ടില്ല എന്നാണ് വിവരം. അവിടെ അങ്ങനെ ഒരു പെണ്‍കുട്ടിയെ കണ്ടിട്ടില്ലെന്ന് ഓട്ടോക്കാരും പറയുന്നു.

എന്നാല്‍ പുലിക്കുന്നിന് മുമ്പുള്ള കണ്ണിമല ഭാഗത്തെ സിസിടിവിയില്‍ ബസിലെ ഒരു സീറ്റില്‍ ഒരു പെണ്‍കുട്ടി ഒറ്റയ്ക്കിരിക്കുന്ന ദൃശ്യങ്ങള്‍ ലഭ്യമായിട്ടുണ്ട്. കൈയ്യില്‍ ഒരു ബാഗും ഉണ്ട്. ഈ പെണ്‍കുട്ടി ജെസ്‌ന തന്നെയാണെന്ന് സഹോദരനും സഹോദരിയും സംശയിക്കുന്നു. വീട്ടില്‍ നിന്ന് പോകുമ്പോള്‍ പഠിക്കാനുള്ള പുസ്തകങ്ങള്‍ ജെസ്‌ന ബാഗിലാക്കി എടുത്തിരുന്നു. എന്നാല്‍ വസ്ത്രങ്ങളോ മൊബൈല്‍ ഫോണോ എടിഎം കാര്‍ഡോ ഒന്നും തന്നെ ജസ്‌ന വീട്ടില്‍ നിന്നും കൊണ്ടു പോയിരുന്നില്ല.

ബില്‍ഡിംഗ് കോണ്‍ട്രാക്ടര്‍ ആയ ജെയിംസ് ജോസഫിന്റെ ഇളയ മകളാണ് ജസ്‌ന. മൂത്ത സഹോദരി ജെഫി എറണാകുളത്ത് പഠിക്കുന്നു. കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിംഗ് വിദ്യാര്‍ഥി ജെയ്‌സ് സഹോദരനാണ്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പനി ബാധിച്ച് അമ്മ മരിച്ചത് ജെസ്‌നയെ മാനസികമായി തളര്‍ത്തിയിരുന്നു. എന്നാല്‍ അതൊന്നും കാര്യമായി ആരോടും ജെസ്‌ന അവതരിപ്പിച്ചിരുന്നില്ല.

പഠനകാര്യത്തില്‍ മാത്രം ശ്രദ്ധിക്കുന്ന, റിസേര്‍വ്ഡ് ടൈപ്പ് സ്വഭാവമുള്ള ജെസ്‌നയ്ക്ക് അടുത്ത കൂട്ടുകാരികളും കുറവാണ്. രാവിലെ സഹോദരന്റെ ബൈക്കില്‍ കോളേജിലേക്ക് പോകുന്ന ജെസ്‌ന വൈകിട്ട് നേരത്തെ ക്ലാസ് തീരുന്നതിനാല്‍ സഹോദരനെ കാത്തുനില്‍ക്കാതെ ബസിന് തിരിച്ചുവരാറാണ് പതിവ്. ജെസ്‌നയ്ക്ക് പ്രേമബന്ധമോ മറ്റ് വഴിവിട്ട സൗഹൃദങ്ങളോ ഇല്ല. മൊബൈല്‍ ഫോണും പുസ്തകങ്ങളും ഒക്കെ പരിശോധിച്ചിട്ടും അങ്ങനെയൊരു സൂചന കിട്ടിയിട്ടില്ല. സാധാരണ ഫോണാണ് ഉപയോഗിക്കുന്നത്. അതാകട്ടെ എപ്പോഴും കൈയില്‍ കൊണ്ട് നടക്കാറുമില്ല. കാണാതാകുന്ന ദിവസവും ഫോണ്‍ കൊണ്ടുപോയിട്ടില്ല.

പോലീസ് അന്വേഷണം നടക്കുന്നെണ്ടെങ്കിലും ഒരു തുമ്പും ഇതുവരെ ലഭിച്ചിട്ടില്ല. മൊബൈല്‍ ഫോണും എടിഎമ്മും ഉപയോഗിക്കാത്തതിനാല്‍ അന്വേഷണം ഏറെ പ്രയാസകരമാണ്. പോലീസ് അന്വേഷണം എങ്ങുമെത്തുന്നില്ലെന്നാരോപിച്ച് കെഎസ്‌യു വെച്ചൂച്ചിറ പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.

ജെസ്‌നയെ കാണാതായി ഒരു മാസം പിന്നിട്ട സമയത്ത് കാഞ്ഞിരപ്പള്ളി എസ്ഡി കോളേജ് വിദ്യാര്‍ഥികളും പ്രതിഷേധ മനുഷ്യച്ചങ്ങലയും ഒപ്പു ശേഖരണവും എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരുന്നു. കൂടാതെ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജും ജെസ്‌നയുടെ തിരോധാനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് രംഗത്തു വന്നു.

ജെസ്‌നയുടെ പിതാവ് ജെയിംസ് മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി സമര്‍പ്പിക്കുകയും ചെയ്തു. എന്നിട്ടും പോലീസുകാര്‍ ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ്. മെയ് ഒന്നിന് ജസ്റ്റിസ് ഫോര്‍ ജെസ്‌ന എന്ന ഫേസ്ബുക്ക് കൂട്ടായ്മ കാഞ്ഞിരപ്പള്ളിയില്‍ മൗനജാഥയും സംഘടിപ്പിച്ചു.

ജെസ്‌ന സ്വമേധയാ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോവില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. പഠിക്കാന്‍ മിടുക്കിയായ അവള്‍ പരീക്ഷ മുന്നില്‍ നില്‍ക്കെ അങ്ങനെയൊരു കാര്യം ചെയ്യില്ല. കൂടാതെ, വസ്ത്രങ്ങളോ എക്കൗണ്ടില്‍ പണമുണ്ടായിട്ടും എടിഎമ്മോ ജെസ്‌ന കൊണ്ടുപോയിട്ടില്ല. കാണാതായ അന്ന് അവളുടെ കൈയില്‍ ഉണ്ടായിരുന്നത് 2500 രൂപ മാത്രമാണ് എന്നും വീട്ടുകാര്‍ പറയുന്നു.

ജസ്റ്റിസ് ഫോര്‍ ജെസ്‌ന എന്ന ഹാഷ്ടാഗില്‍ ഫേസ്ബുക്കില്‍ ഉള്‍പ്പെടെ ത്വരിതഗതിയില്‍ അന്വേഷണം നടത്തിയിട്ടും ഒരു തെളിവും ഇന്ന് വരെ ജെസ്‌നയെപ്പറ്റി ലഭിച്ചിട്ടില്ല. 20 വയസ്സുള്ള ഒരു പെണ്‍കുട്ടിയെ പട്ടാപ്പകല്‍ കാണാതായി നാളിത്ര കഴിഞ്ഞിട്ടും ഒരു വിവരവും പോലീസിന് ശേഖരിക്കുവാന്‍ സാധിച്ചിട്ടില്ല എന്നത് സാധാരണക്കാരെ കുറച്ചൊന്നുമല്ല പരിഭ്രമിപ്പിക്കുന്നത്.

കഴിഞ്ഞ കുറച്ചു നാളുകള്‍ക്ക് മുമ്പാണ് കൊച്ചിയില്‍ മിഷേല്‍ എന്ന പെണ്‍കുട്ടിയെ കാണാതായത്. സൗമ്യയും ജിഷയും പോലെ ഞെട്ടിക്കുന്ന വാര്‍ത്തകള്‍ അനുദിനം നമ്മുടെ നാട്ടില്‍ നിന്ന് തന്നെ കേള്‍ക്കുമ്പോള്‍ എന്ത് സുരക്ഷിതത്വമാണ് പകല്‍വെട്ടത്തില്‍ പോലും ഇവിടെ ഒരു പെണ്‍കുട്ടി അനുഭവിക്കുന്നത് എന്നുള്ളത് വലിയൊരു ചോദ്യമായി ഉയരുന്നു.

ഇത്തരത്തില്‍ ദുരൂഹസാഹചര്യങ്ങളില്‍ കാണാതാകുന്നത് പോലുള്ള കേസുകള്‍ക്ക് മുന്നില്‍ നിഷ്‌ക്രിയരായി നോക്കി നില്‍ക്കാന്‍ മാത്രമേ പോലീസിനും നിയമസംവിധാനത്തിനും സാധിക്കുന്നുള്ളൂ. ത്വരിതഗതിയില്‍ ശാസ്ത്രീയമായി അന്വേഷണം നടത്തുന്നതിലും തെളിവുകള്‍ ശേഖരിക്കുന്നതിലും പോലീസ് അമ്പേ പരാജയപ്പെടുകയാണ്. എവിടെയാണ് തന്റെ മകളെന്ന് നനവ് തോരാത്ത കണ്ണുകളോടെ കാത്തിരിക്കുന്ന മാതാപിതാക്കളോടെങ്കിലും ഇന്നാട്ടിലെ നിയമപാലകര്‍ മറുപടി പറയേണ്ടതായിട്ടുണ്ട്. മിഷേലിന് ശേഷം അടുത്ത വെറുമൊരു ഹാഷ് ടാഗ് മാത്രമായി അവസാനിക്കരുത് ജെസ്‌നയും. ദുരൂഹതകള്‍ മറനീക്കി പുറത്തുകൊണ്ടുവരാന്‍ പോലീസിന് സാധിക്കണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top