Entertainment

അലി ബിയോണ്ട് ദി റിംഗ് ; ഇടിക്കൂട്ടിലെ രാജകുമാരന്‍ അരങ്ങിലേക്ക് !

‘എന്റെ നീതിക്ക് നിങ്ങളെതിരാണ്…എന്റെ സമത്വത്തിന് നിങ്ങളെതിരാണ്…. ഒരു വിയറ്റ്നാംകാരന്‍ പോലും എന്നെ കറുത്തവര്‍ഗക്കാരനെന്നു വിളിച്ച് അധിക്ഷേപിച്ചിട്ടില്ല. പിന്നെ എന്തിന് ഞാന്‍ അവര്‍ക്കെതിരെ യുദ്ധം ചെയ്യണം”

മെല്ലെ ശക്തിയാര്‍ജിച്ചു വരുന്ന മഴയുടെ ഇരമ്പലിനും മീതെ ഇടിമുഴക്കം പോലെ മുഹമ്മദ് അലിയുടെ  ശബ്ദം… വംശീയ വെറി മൂത്ത ഒരു കാലത്തിനോട് സ്വന്തം ജീവിതം കൊണ്ട് പൊരുതിയവന്റെ, പ്രതിരോധം തീര്‍ത്തവന്റെ ആര്‍പ്പുവിളികള്‍…ഇടിക്കൂട്ടിലെ അവന്റെ രൗദ്രഭാവം, വേഗതയേറിയ ചലനങ്ങള്‍…താളങ്ങള്‍…വിജയാഹ്ലാദങ്ങള്‍… ഇടയ്ക്ക് പതറിപ്പോകുന്ന ജീവിതനിമിഷങ്ങള്‍….പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അമേരിക്കയിലെ വര്‍ണവിവേചനത്തിനെത്തിരെ പൊരുതിയ ലോക പ്രശ്തനായ ആ കായികതാരത്തിന്റെ ജീവിതം പുനരാവിഷ്‌കരിക്കപ്പെടുകയാണ് ഇവിടെ.

നാടകത്തില്‍ അലിയായി വേഷമിടുന്ന ഷെറില്‍ കുമാര്‍

അമേരിക്കന്‍ കറുത്ത വര്‍ഗക്കാരനായി ജനിച്ച് വര്‍ണവിവേചനത്തിനും വംശീയതയ്ക്കുമെതിരെ പോരാടിയ ലോക ബോക്‌സിംഗ് ഇതിഹാസം മുഹമ്മദ് അലിയുടെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന നാടകത്തിന്റെ റിഹേഴ്‌സല്‍ വേദിയാണ് രംഗം.

കൊച്ചി കേരള ഹിസ്റ്ററി മ്യൂസിയം ക്യാമ്പസിലെ ആംഫി തിയേറ്ററിലാണ് ”അലി ബിയോണ്ട് ദി റിംഗ് ” എന്ന് പേരിട്ടിരിക്കുന്ന നാടകത്തിന്റെ റിഹേഴ്‌സല്‍ നടക്കുന്നത്. മദന്‍ ബാബുവിന്റെ തിരക്കഥയില്‍ ജോയ് പിപിയുടെ സംവിധാനം ചെയ്യുന്ന ബിയോണ്ട് ദി റിംഗിന്റെ ആദ്യ മൂന്ന് പ്രദര്‍ശനം ഏപ്രില്‍ 27, 28, 29 തീയതികളില്‍ ഇതേ വേദിയില്‍ നടക്കും.

കൊച്ചിയിലെ കലാപ്രവര്‍ത്തകരുടെ കൂട്ടായ്മയായ സെന്റെര്‍ ഫോര്‍ കണ്ടമ്പററി
ആര്‍ട്ടാണ് അലിയുടെ ജീവിതം അരങ്ങില്‍ എത്തിക്കുന്നത്. ചരിത്രത്തിന്റെ ആഖ്യാനത്തിനും അപ്പുറമായ അനുഭവം സാധ്യമാക്കുന്ന സമകാലീന നാടക രൂപത്തില്‍ സംഗീത നൃത്ത രൂപകമായാണ് അലി ബോയോണ്ട് ദി റിംഗ് അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്.

സൈക്കിള്‍ കട്ടവനെ ഇടിക്കാനായി, ലോക ചാമ്പ്യന്‍ ആകാനായി, വെള്ളക്കാരുടെ വര്‍ണ്ണ വെറിക്കെതിരെയായി, സ്വന്തം അടയാളത്തിനായി, അമേരിക്കന്‍ യുദ്ധ കൊതിക്കെതിരായി ഒടുവില്‍ പാര്‍ക്കിന്‍സണ്‍സ് രോഗത്തിനെതിരെ, അങ്ങനെ ജീവിതത്തിലൂടനീളം നിരന്തരമായി പോരാടി ലോകത്തിന് തന്നെ വഴികാട്ടിയായ ഒരു കീഴാളന്റെ ജീവിത സമരമാണ് അരങ്ങില്‍ ആവിഷ്‌കരിക്കാന്‍ ശ്രമിച്ചിരിക്കുന്നതെന്ന് നാടകത്തിന്റെ സംവിധായകനും കലാപ്രവര്‍ത്തകനുമായ ജോയ് പിപി കേരള വിഷന്‍ ഓണ്‍ലൈനോട് പറഞ്ഞു.

റിഹേഴ്‌സല്‍

”അലിക്ക് സംഗീതത്തില്‍ ഉണ്ടായിരുന്ന താല്പര്യം പശ്ചാത്തലമാക്കിയാണ്നാടകം. തത്സമയം റെഗ്ഗെ, ഹിപ് ഹോപ്പ്, ജാസ് വിഭാഗത്തില്‍ പെടുന്ന ഗാനങ്ങള്‍ ആലപിക്കുന്ന ബാന്‍ഡ് ഈ നാടകത്തിന്റെ പ്രത്യേകതയാണ്. അലിയുടെ ജീവിതം പിന്നീട് സഞ്ചരിക്കുന്ന വഴിയെ,സൂഫി സംഗീതവും നൃത്തവും കലാപരമായി അടയാളപ്പെടുത്തുന്നു.

അലി ബിയോണ്ട് ദ റിംഗില്‍ നിന്നും

സംഗീതം സ്വാതന്ത്ര്യത്തിന്റെ വഴിയാണ് എന്ന അലിയുടെ നിലപാടുകളെ ഉറപ്പിച്ചുകൊണ്ട് ലോകമെമ്പാടും നടന്നിട്ടുള്ള പോരാട്ട സംഗീതങ്ങള്‍ നാടകത്തില്‍ കോര്‍ത്തിണക്കിയിട്ടുണ്ട്. ഒപ്പം ജോഷി പടമാടന്റെ നേതൃത്വത്തില്‍ ജോഷ്വ ട്രീഎന്ന മ്യൂസിക് ബാന്‍ഡും നാടകവുമായി സഹകരിക്കുന്നുണ്ട്. ” -വേദിയോട് ചേര്‍ന്ന് റിഹേഴ്‌സല്‍ ക്യാമ്പിനായി തയ്യാറാക്കിയ ഒറ്റമുറിയിലെ ബഹളങ്ങളുടെ നടുവില്‍ വിരിച്ച ഒറ്റത്തഴപ്പായിലിരുന്ന് സംവിധായകന്‍ ജോയ് നാടകത്തെക്കുറിച്ച് വാചാലനാകുന്നു.

മൂന്നുപതിറ്റാണ്ടുകാലത്തെ നാടക പ്രവര്‍ത്തനങ്ങളുടെ അനുഭവ സമ്പത്തുള്ള ജോയ് പി പി എന്ന സംവിധായകനൊപ്പംസംഗീതത്തില്‍ ബിജിബാലും രചനയില്‍ മദന്‍ ബാബുവും മേക്കപ്പില്‍ പട്ടണം റഷീദും ലൈറ്റ് ഡിസൈനില്‍ ശ്രീകാന്ത് കാമിയോയും ഒത്തു ചേരുന്നു എന്നത് ബിയോണ്ട് ദി റിംഗിന്റെ പ്രത്യേകതയാണ്. മലപ്പുറംകാരനായ ഷെറില്‍ കുമാറാണ് മുഹമ്മദ് അലിയായി വേഷമിടുന്നത്. രാം കുമാര്‍, രാജു, ജോണി ചെറുപറമ്പില്‍, നസീം ബിസ്വാസ്, ജോഷ്വ, നീതു, സുജാത തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

റിഹേഴ്‌സല്‍ ക്യാമ്പില്‍ നിന്ന്

അമേരിക്കയിലെ കേന്റുക്കിയിലുള്ള ലുയിസ്വില്ലിയില്‍ 1942 ജനുവരി 17 ന് കാഷ്യസ് മാര്‍സലസ് ക്ലേ ജൂനിയര്‍ എന്ന പേരില്‍ ജനിച്ച് ഇടിക്കൂട്ടിലെ രാജകുമാരനായും വിപ്ലവകാരിയായും ജീവിച്ച് ഒടുവില്‍ സൂഫിസത്തിലേക്ക് ലയിക്കുകയും ചെയ്ത അലിയുടെ ജീവിതവീഥികളുടെ ഹൃദയസ്പൃക്കായ രംഗാവിഷ്‌കാരമാണ് ഈ നാടകം.
ഹൃദയവും തലച്ചോറും ജീവനും ജീവിതവും നാടകത്തിനായി ഉഴിഞ്ഞുവച്ച ഒരുകൂട്ടം കലാകാരന്മാരുടെ, കലാസ്വാദകരുടെ പ്രതിഫലേച്ഛയില്ലാത്ത, രാപ്പകല്‍ വ്യത്യാസമില്ലാത്ത പരിശ്രമത്തിന്റേയും അധ്വാനത്തിന്റേയും ഫലം. ഒന്നര വര്‍ഷത്തോളം നീണ്ട പരിശീലനത്തിനൊടുവിലാണ് നാടകം അരങ്ങിലേറാന്‍ ഒരുങ്ങുന്നത്.

ഇരമ്പിപ്പെയ്ത മഴ തോര്‍ന്നു, പാതിയില്‍ മുറിഞ്ഞ റിഹേഴ്‌സല്‍ വീണ്ടും ആരംഭിക്കുന്നു.
”ഞാനൊരു പൂമ്പാറ്റയെപ്പോലെ ഒഴുകും തേനീച്ചയെപ്പോലെ കുത്തും….ഐ ആം മുഹമ്മദ് അലി, ഏന്റ് അയാം ദ ഗ്രേറ്റസ്റ്റ്…തന്റെ ജീവിതതാളത്തിനൊപ്പിച്ച് റിഹേഴ്‌സല്‍ വേദിയില്‍ അലി പാടിയാടുമ്പോള്‍ വ്യത്യസ്തമായ ഒരു ദൃശ്യാനുഭവമാണ് കാണികളെ കാത്തിരിക്കുന്നതെന്ന് തീര്‍ച്ച.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top