Home app

പൂരാവേശത്തിലേക്ക് മിഴി തുറന്ന് തൃശൂര്‍

തൃശൂര്‍: തൃശൂര്‍ പൂരാവേശത്തിലേക്ക് മിഴി തുറന്നു. രാവിലെ വടക്കുംനാഥ ക്ഷേത്രത്തിലേക്കുളള ഘടകപൂരങ്ങളുടെ എഴുന്നള്ളിപ്പ് തുടങ്ങി. കണിമംഗലം ശാസ്താവ് വടക്കുന്നാഥനിലെത്തി മടങ്ങിയതിനു പിന്നാലെ ചെറൂപൂരങ്ങള്‍ ഒന്നൊന്നായി വടക്കുന്നാഥനിലേക്കെത്തി. എട്ടു ചെറുപൂരങ്ങളാണ് ശ്രീമൂലസ്ഥാനത്തെത്തി മടങ്ങിയത്. പ്രസിദ്ധമായ തിരുവമ്പാടിയുടെ മഠത്തില്‍ വരവിന് പതിനായിരങ്ങളാണ് സാക്ഷികളായത്. പാറമേക്കാവിന്റെ എഴുന്നള്ളിപ്പ് വടക്കുന്നാഥനിലെത്തുന്നതോടെ ഉച്ചയ്ക്ക് രണ്ടരയോടെ ലോക പ്രശസ്ത ഇലഞ്ഞിത്തറ മേളത്തിന് തുടക്കം കുറിക്കും.

ഇലഞ്ഞിത്തറ മേളത്തിനുശേഷം വൈകിട്ട് അഞ്ചോടെ തെക്കോട്ടിറക്കവും തിരുവമ്പാടി, പാറമേക്കാവ് കൂടിക്കാഴ്ചയും കുടമാറ്റവും കാണാന്‍ പൂര നഗരിയില്‍ ഇത്തവണ പതിവിലും കൂടുതല്‍ ജനങ്ങള്‍ എത്തിച്ചേരുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍. മുഖ്യമന്ത്രി പിണറായി വിജയനും ഇത്തവണ നേരിട്ട് പൂരം കുടമാറ്റം കാണാന്‍ എത്തുന്നുണ്ടെന്നതും പ്രത്യേകതയാണ്. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും പൂരം കാണാന്‍ തൃശൂരിലെത്തിയിട്ടുണ്ട്.

വ്യാഴാഴ്ച പുലര്‍ച്ചയ്ക്ക് വിശ്വപ്രസിദ്ധമായ തൃശൂര്‍ പൂരം വെടിക്കെട്ടും രാവിലെ ചെറുപൂരവും കഴിഞ്ഞ് ഉപചാരം ചൊല്ലിപിരിയുംവരെ ഈ നഗരത്തില്‍ പൂരം നിറഞ്ഞുപെയ്യും. കാത്തിരിപ്പിന്റെ ക്ലൈമാക്‌സിനൊടുവില്‍ പൂരമെത്തുന്‌പോള്‍ ആ പൂരത്തെ മുഴുവനായി മനസിലാവാഹിച്ചെടുക്കാനുള്ള തിരക്കാണ് ഓരോ പൂരപ്രേമിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top