Home app

കോണ്‍ഗ്രസ് ബന്ധം: വിമര്‍ശനങ്ങള്‍ക്കും ഭിന്നതയ്ക്കുമൊടുവില്‍ യെച്ചൂരി ലൈനിന് അംഗീകാരം

ഹൈദരാബാദ്: കരട് രാഷ്ട്രീയ പ്രമേയത്തിന്മേലുള്ള സുദീര്‍ഘമായ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും അതിരൂക്ഷ ഭിന്നതയ്ക്കുമൊടുവില്‍ യെച്ചൂരി ലൈനിന് അംഗീകാരം. പ്രമേയത്തില്‍ പരാമര്‍ശിച്ചിട്ടുള്ള കോണ്‍ഗ്രസുമായി യാതൊരു ധാരണയും വേണ്ട എന്ന ഭാഗം ഒഴിവാക്കി യാതൊരു രാഷ്ട്രീയ സഖ്യവും വേണ്ട എന്ന ഭേദഗതി ഉള്‍പ്പെടുത്തി. ഇതോടെ ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് സഹകരണത്തിന് വാതില്‍ തുറന്നിടുകയാണ് സി.പി.എമ്മിന്റെ രാഷ്ട്രീയ പ്രമേയം.

ബിജെപിയെ തോല്‍പ്പിക്കാന്‍ മതേതര ജനാധിപത്യ പാര്‍ട്ടികളെ അണി നിരത്തണം. എന്നാല്‍ കോണ്‍ഗ്രസുമായി സഖ്യമോ, മുന്നണിയോ, ധാരണയോ പോലും ഉണ്ടാക്കാതെ ഇത് സാധിക്കണമെന്നായിരുന്നു കാരാട്ട് തയ്യാറാക്കിയ കരടിലെ നിര്‍ദ്ദേശം. കോണ്‍ഗ്രസുമായി സഖ്യം വേണ്ട, എന്നാല്‍ ധാരണ പോലും പാടില്ല എന്ന നിലപാട് അംഗീകരിക്കാനാകില്ലെന്നതായിരുന്നു യച്ചൂരിയുടെ നിലപാട്. ഈ നിര്‍ദ്ദേശം അപകടകരമാണെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.

പ്രതിപക്ഷ ഐക്യത്തിനുള്ള വാതില്‍ പൂര്‍ണ്ണമായും അടച്ചു കളയുന്നതാണ് ഈ നിര്‍ദേശമെന്നും യച്ചൂരി വാദിച്ചു. കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യം വേണ്ട എന്നു മാത്രമാക്കി ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസ് കരട് തിരുത്തി. ഇതോടെ കോണ്‍ഗ്രസുമായി പരസ്യ സഖ്യമില്ലെങ്കിലും തിരഞ്ഞെടുപ്പ് വേളകളില്‍ സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് നീക്കുപോക്കുകള്‍ക്ക് വഴി തുറന്നിരിക്കുകയാണ് സിപിഎമ്മിന്റെ കരട് രാഷ്ട്രീയ പ്രമേയം.

പ്രതിനിധികളിലെ ഭൂരിപക്ഷത്തിന്റെ അഭിപ്രായം മാനിച്ചായിരുന്നു തീരുമാനം. കോണ്‍ഗ്രസുമായി ധാരണ പാടില്ലെന്ന വാക്യം കരടു രാഷ്ട്രീയ പ്രമേയത്തില്‍നിന്ന് മാറ്റണമെന്ന വാദം അംഗീകരിക്കാന്‍ പോളിറ്റ് ബ്യൂറോയിലെ ഭൂരിപക്ഷവിഭാഗം അംഗീകരിക്കുകയായിരുന്നു. ഇത് അനുസരിച്ചുള്ള ഭേദഗതി നിര്‍ദേശം പോളിറ്റ് ബ്യൂറോ കോണ്‍ഗ്രസില്‍ അവതരിപ്പിച്ചു. അത് അംഗീകരിക്കപ്പെടുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top