Business

ലുലു ബോള്‍ഗാട്ടി കണ്‍വെന്‍ഷന്‍ സെന്റര്‍, ഗ്രാന്‍ഡ് ഹയാറ്റ് ഹോട്ടല്‍ ഏപ്രില്‍ 28ന് തുറക്കും

ജോര്‍ജ് മാത്യു

എംഎ യൂസഫലി നേതൃത്വം നല്‍കുന്ന ലുലു ഗ്രൂപ്പിന്റെ സ്വപ്‌ന പദ്ധതിയായ കൊച്ചി ബോള്‍ഗാട്ടിയിലുള്ള ലുലു ബോള്‍ഗാട്ടി ഇന്റര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററും ഗ്രാന്റ് ഹയാറ്റ് കൊച്ചി ബോള്‍ഗാട്ടി ഫൈവ് സ്റ്റാര്‍ ഹോട്ടലും ഏപ്രില്‍ 28ന് തുറന്ന് പ്രവര്‍ത്തനമാരംഭിക്കും.

കൊച്ചിയിലെ നയനമനോഹരമായ ബോള്‍ഗാട്ടി ദ്വീപിലെ 26 ഏക്കര്‍ വിസ്തൃതിയുള്ള വേമ്പനാട്ട് കായലിനും മറൈന്‍ ഡ്രൈവിനും അഭിമുഖമായാണ് കണ്‍വെന്‍ഷന്‍ സെന്ററും ഹോട്ടലും സ്ഥിതി ചെയ്യുന്നത്. വശ്യമനോഹരമായ പ്രകൃതിദത്ത കായല്‍ കാഴ്ചകളാണ് ലുലു ഗ്രൂപ്പിന്റെ ഈ സംരഭങ്ങളുടെ സവിശേഷത. പ്രകൃതിരമണീയമായ ബോള്‍ഗാട്ടിയുടെ പ്രത്യേക സൗന്ദര്യം വിദേശ സഞ്ചാരികളെ ആകര്‍ഷിക്കുമെന്ന ലക്ഷ്യത്തോടെയാണ് കമ്പനി ഈ സ്ഥലം തെരഞ്ഞെടുത്ത് ഹോട്ടല്‍ , കണ്‍വെന്‍ഷന്‍ സമുച്ചയം നിര്‍മിച്ചിരിക്കുന്നത്.

ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ എംഎ യൂസഫ് അലി

വികസനത്തിലേക്ക് കുതിക്കുന്ന കൊച്ചിയുടെ വാണിജ്യ സാധ്യതകള്‍ കണ്ടറിഞ്ഞാണ് ലുലു ഗ്രൂപ്പിന്റെ സാരഥി എംഎ യൂസഫലി 1400-1500 കോടി രൂപ മുതല്‍ മുടക്കി പുതിയ ഈ സംരഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സെന്ററാണ് ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍. ഏകദേശം 1 ലക്ഷം ചതുരശ്ര അടിയാണ് കണ്‍വെന്‍ഷന്‍ സെന്ററിന്റെ മൊത്തം വിസ്തൃതി.

ലുലു ബോള്‍ഗാട്ടി കണ്‍വെന്‍ഷന്‍ സെന്റര്‍

അത്യാധുനീക ആഡംബര സൗകര്യമുള്ള നാല് ഓഡിറ്റോറിയങ്ങളാണ് ലുലു ബോള്‍ഗാട്ടി ഇന്റര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലുള്ളത്. ‘ലിവാ’ എന്ന പേരിലുള്ള ഓഡിറ്റോറിയം വിവാഹ ആവശ്യങ്ങള്‍ക്കും വലിയ പ്രോഗ്രാമുകള്‍ക്കുമുള്ള ആവശ്യത്തിനായി സജ്ജീകരിച്ചിട്ടുള്ളതാണ്. വിശാലമായ സ്‌റ്റേജ്, പ്രധാന അതിഥികള്‍ക്ക് പ്രവേശിക്കാനായി പ്രത്യേക കവാടം എന്നീ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. വേമ്പനാട് എന്ന രണ്ടാമത്തെ ഓഡിറ്റോറിയത്തിലും എല്ലാവിധ ആധുനിക സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഗ്രാന്‍ഡ് ബോള്‍ റൂം, റസിഡന്‍സി എന്നിവ ചെറുതും വലുതുമായ ചടങ്ങുകള്‍ ഒരുപോലെ നടത്താം.

കാഴ്ച മറയ്ക്കുന്ന തൂണുകള്‍ ഇല്ലാതെയാണ് എല്ലാ ഹാളുകളും നിര്‍മിച്ചിരിക്കുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. വിമാനത്താവളത്തില്‍ നിന്ന് അതിഥികള്‍ക്ക് നേരിട്ട് ഹെലികോപ്റ്ററില്‍ എത്തുവാന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ മൂന്ന് ഹെലിപാഡുകളും ഒരുക്കിയിട്ടുണ്ട്. കായലിലൂടെ എത്തുന്ന സന്ദര്‍ശകര്‍ക്ക് സ്വകാര്യബോട്ട് ജെട്ടിയും നിര്‍മിച്ചിട്ടുണ്ട്. ഒരേ സമയം 800 കാറുകള്‍ വരെ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്.

ലുലു ബോള്‍ഗാട്ടി കണ്‍വെന്‍ഷന്‍ സെന്ററിനോട് ചേര്‍ന്നുള്ള ചേര്‍ന്നുള്ള ഗ്രാന്‍ഡ് ഹയാറ്റ് കൊച്ചി ബോള്‍ഗാട്ടി ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ ലോകത്താകമാനമുള്ള 600 ഹയാറ്റ് ഹോട്ടല്‍ സംരഭത്തിന്റേതാണ്. അന്താരാഷ്ട്ര നിലവാരമുള്ള ഈ ഹോട്ടലില്‍ 265 മുറികളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതില്‍ 38 ‘സ്വിറ്റ്’ റൂമുകളും 1 പ്രസിഡന്‍ഷ്യല്‍ സ്വിറ്റും 2,3 ബെഡ്‌റൂമുകളുള്ള 2 വില്ലകളും ഉള്‍പ്പെട്ടിട്ടുണ്ട്.
ഓപ്പണിംഗ് ഓഫര്‍ പ്രകാരം സിംഗിള്‍ റൂമിന് 8444 രൂപയും ഡബിള്‍ റൂമിന് 8885 രൂപയുമാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.

ഗ്രാന്‍ഡ് ഹയാറ്റ് ഹോട്ടല്‍

വ്യത്യസ്ത രുചി വിഭവങ്ങള്‍ ലഭിക്കുന്ന മൂന്ന് ഭക്ഷണശാലകള്‍ ഹോട്ടലില്‍ പ്രവര്‍ത്തിക്കും. പൂളിന് സമീപമുള്ള ‘ദി സോള്‍’ റസ്‌റ്റോറന്റില്‍ തായ് വിഭവങ്ങളാണ് ലഭിക്കുന്നത്.

ലുലുമാളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഗ്രാന്റ് ഹയാറ്റ് ഹോട്ടലിന്റെ സമാന ദൃശ്യം.
ചിത്രങ്ങള്‍ ; കേരളവിഷന്‍ ഓണ്‍ലൈന്‍

മലബാര്‍ കഫേ റസ്റ്റോറന്റില്‍ തനത് മലബാര്‍ വിഭവങ്ങളും ദക്ഷിണേന്ത്യന്‍ വിഭവങ്ങളും ലഭിക്കും. കോളനിബാര്‍ റസ്‌റ്റോറന്റില്‍ മുന്തിയ മദ്യവും വ്യത്യസ്ത വിഭവങ്ങളും ഒരുക്കിയിട്ടുണ്ട്. ഗ്രാന്‍ഡ് ലോഞ്ചില്‍ വ്യത്യസ്ത സ്‌നാക്ക് വിഭവങ്ങളും പാനീയങ്ങളുമാണ് വിളമ്പുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top