കോഴിക്കോട് വടകരയില്‍ വിവാഹ വീഡിയോകളില്‍ നിന്നും ഫോട്ടോകളില്‍ നിന്നും സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി പ്രചരിപ്പിച്ച കേസിലെ മുഖ്യപ്രതി ബിബീഷ് പിടിയിലായി. സദയം ഷൂട്ട് ആന്‍ഡ് എഡിറ്റിലെ വീഡിയോ എഡിറ്ററായിരുന്ന ഇയാളെ ചൊവ്വാഴ്ച്ച രാത്രി ഇടുക്കിയില്‍ വെച്ചാണ് പിടികൂടിയത്. രാജമലയിലെ കാട്ടില്‍ ഒളിച്ചു താമസിക്കുകയായിരുന്നു. ബിബീഷിന് വേണ്ടി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. തുടര്‍ന്നാണ് ഇയാള്‍ അറസ്റ്റിലായത്.
സ്റ്റുഡിയോ ഉടമ ദിനേശന്, ഫോട്ടോഗ്രാഫര്‍ സതീശന് എന്നിവരെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ ഐ.ടി ആക്ട് പ്രകാരവും സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തിയെന്നുമുള്ള ജാമ്യമില്ലാത്ത വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ബിബീഷിന്റെ ഹാര്‍ഡ് ഡിസ്ക്കില്‍ 45000 സ്ത്രീകളുടെ ചിത്രങ്ങള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഇതില്‍ നൂറ് കണക്കിന് മോര്‍ഫ് ചെയ്ത ചിത്രങ്ങളുമുണ്ട്. ഹാര്‍ഡ് ഡിസ്ക്ക് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
അഞ്ചുവര്‍ഷം മുമ്പാണ് ബിബീഷ് സദയം സ്റ്റുഡിയോയില്‍ ജോലിക്കെത്തിയത്. അന്നുമുതല്‍ മോര്ഫിങ്ങും തുടങ്ങിയിരുന്നു. ബിബീഷ് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യുന്ന കാര്യം മുന്‍പ് തന്നെ സ്ഥാപന ഉടമകള്‍ അറിഞ്ഞിരുന്നതായാണ് വിവരം. എന്നാല്‍ എഡിറ്റിങ്ങില്‍ മിടുക്കനായ ബിബീഷിനെ പിണക്കാന്‍ സ്റ്റുഡിയോ ഉടമകള്‍ തയ്യാറായില്ല. ബിബീഷ് ഈ സ്റ്റുഡിയോ വിട്ട് മറ്റൊരു സ്റ്റുഡിയോ തുറക്കാന്‍ ശ്രമം തുടങ്ങിയപ്പോഴാണ് കാര്യങ്ങള്‍ പുറത്തായത്.