Business

സിയാലിന് സ്വപ്നനേട്ടം; ഒരു സാമ്പത്തികവര്‍ഷം ഒരുകോടി യാത്രക്കാര്‍

കൊച്ചി: കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന് ചരിത്ര നേട്ടം. 2017-18 സാമ്പത്തികവര്‍ഷത്തില്‍ കൊച്ചി വിമാനത്താവളം വഴി കടന്നുപോയ യാത്രക്കാരുടെ എണ്ണം ഒരുകോടി കവിഞ്ഞു. സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ മൂന്ന് ദിവസം ബാക്കിയിരിക്കെയാണ് സിയാല്‍ ഈ നേട്ടം കൈവരിച്ചത്. സിയാലിന്റെ 19 വര്‍ഷത്തെ ചരിത്രത്തിലാദ്യമായാണ് ഒരു സാമ്പത്തിക വര്‍ഷം ഒരുകോടി യാത്രക്കാര്‍ വിമാനത്താവളമുപയോഗിക്കുന്നത്. കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങള്‍ ഈ സാമ്പത്തികവര്‍ഷം കൈകാര്യം ചെയ്തത് 1.7 കോടിയോളം യാത്രക്കാരെയാണ്.

ബുധനാഴ്ച ഉച്ചയ്ക്ക് 12.20 ന് ചെന്നൈയില്‍ നിന്നെത്തിയ ഇന്‍ഡിഗോ വിമാനത്തില്‍ നിന്നുള്ള 175 യാത്രക്കാര്‍ കൊച്ചി വിമാനത്താവളത്തിലെത്തിയതോടെയാണ് സിയാല്‍, ഒരു കോടി യാത്രക്കാര്‍ എന്ന നേട്ടം സ്വന്തമാക്കിയത്. ഒരുകോടി തൊട്ടയാത്രക്കാരുടെ പ്രതിനിധി യെ സിയാല്‍ മാനേജിങ് ഡയറക്ടര്‍ വി.ജെ.കുര്യന്‍ സ്വീകരിച്ചു. യാത്രക്കാരോടുള്ള സിയാലിന്റെ കടപ്പാടിന്റെ മുദ്രയായി ഒരു പവന്‍ സ്വര്‍ണ നാണയം സമ്മാനിച്ചു. ഇന്‍ഡിഗോ എയര്‍പോര്‍ട്ട് മാനേജര്‍ റോബി ജോണിന്സിയാല്‍ മാനേജിങ് ഡയറക്ടര്‍ ഉപഹാരം നല്‍കി. 2016-17 സാമ്പത്തികവര്‍ഷം 89.41 ലക്ഷം യാത്രക്കാരാണ് സിയാലിലൂടെ കടന്നുപോയത്.

2017-18- മാര്‍ച്ച് 28 ന് യാത്രക്കാരുടെ എണ്ണം ഒരുകോടി കവിഞ്ഞു. ശേഷിക്കുന്ന മൂന്നുദിവസത്തെ കണക്ക് മാറ്റിനിര്‍ത്തിയാല്‍ 11 ശതമാനമാനത്തോളമാണ് ട്രാഫിക്കിലെ മൊത്തവളര്‍ച്ച. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ സിയാല്‍ കൈകാര്യം ചെയ്ത ആഭ്യന്തര യാത്രക്കാരുടെ എണ്ണം 48.43 ലക്ഷമാണ്. 2016-17-ല്‍ ഇത് 39.42 ലക്ഷമായിരുന്നു. 23 ശതമാനമാണ് ആഭ്യന്തരയാത്രക്കാരുടെ എണ്ണത്തിലുണ്ടായ വളര്‍ച്ച. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 49.98 ലക്ഷം രാജ്യാന്തര യാത്രക്കാര്‍ സിയാല്‍ വഴി കടന്നുപോയി. 2017-18 ഇതുവരെ അത് 51.64 ലക്ഷമായി മാറിയിട്ടുണ്ട്. വളര്‍ച്ചാ നിരക്ക് നാല് ശതമാനം. വിമാനസര്‍വീസുകളുടെ എണ്ണത്തിലും സിയാല്‍ വര്‍ധനവ് രേഖപ്പെടുത്തി. അഹമ്മദാബാദ്, ജയ്പൂര്‍,പൂണെ, ഹൈദരാബാദ്, എന്നിവയുള്‍പ്പെടെ പ്രധാന വിമാനത്താവളങ്ങളിലേയ്ക്കെല്ലാം സിയാലില്‍ നിന്ന് നേരിട്ടുള്ള സര്‍വീസുകളുണ്ട്. രാജ്യത്ത് മൊത്തം യാത്രക്കാരുടെ എണ്ണത്തില്‍ ഏഴാംസ്ഥാനവും രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ നാലാംസ്ഥാനമാണ് സിയാലിനുള്ളത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top