Home app

അന്നവും വെള്ളവും മുട്ടിയാല്‍ സമരം തന്നെ ; വയല്‍ക്കിളികളുടെ അമ്മക്കിളി പറയുന്നു

” അന്നത്തിനും വെള്ളത്തിനും വേണ്ടിയുള്ള സമരമാണിത്. നാടിനെ സംരക്ഷിക്കാനുള്ള സമരം. എന്തു സംഭവിച്ചാലും, ജീവന്‍ തന്നെ പോയാലും സമരത്തില്‍ നിന്ന് പിറകോട്ടില്ല. വികസനം വേണ്ടായെന്ന് ഒരുകാലത്തും പറയില്ല. വികസനം വേണം. പക്ഷേ അത് നാടിന്റെ ജീവനാഡിയെ അറുത്തിട്ടാവരുത് ”. വയല്‍ക്കിളി സമരത്തിന്റെ മുന്‍നിരപ്പോരാളി നമ്പ്രാടത്ത് ജാനകി എന്ന എഴുപതുകാരി കേരളവിഷന്‍ ഓണ്‍ലൈനോട്  പറഞ്ഞ വാക്കുകളാണിത്. സമരമുഖത്തെ തീഷ്ണതയേറുമ്പോള്‍ ഇവിടെ പ്രായം വെറും അക്കങ്ങള്‍ മാത്രമാകുന്നുവെന്ന് ഉറച്ച ശബ്ദത്തിലുള്ള അവരുടെ വാക്കുകള്‍ അടിവരയിടുന്നു.

കണ്ണൂര്‍ തളിപ്പറമ്പിന് സമീപമുള്ള കീഴാറ്റൂര്‍ വയലിലൂടെ നാഷണല്‍ ഹൈവേയ്ക്ക് സ്ഥലമെടുത്തതിനെതിരെ വയല്‍ക്കിളികള്‍ നടത്തുന്ന സമരം സംസ്ഥാനത്തിന്റെയാകെ ശ്രദ്ധനേടിയിരിക്കുകയാണ്. സമരം മുന്നാംഘട്ടത്തിലേക്ക് കടക്കുമ്പോഴും ആവേശമൊട്ടും ചോരാതെ വയല്‍ക്കിളികളുടെ അമ്മക്കിളിയായി മുന്നില്‍ നിന്ന് നയിക്കുകയാണ് ജാനകിയമ്മ.

സ്വന്തം ഇഷ്ടപ്രകാരം തന്നെയാണ് സമരത്തിനിറങ്ങിയത്. 12 വയസ്സുമുതല്‍ വയലില്‍ പണിയെടുത്തു തുടങ്ങിയതാണ്. പ്രായം എഴുപതാകുന്നു. ഇന്നും ജീവിതവും ഉപജീവനവും വയലില്‍ നിന്ന് തന്നെ. അതു കൈവിട്ടു പോകാതിരിക്കാന്‍ സമരത്തിനിറങ്ങുവാന്‍ എനിക്ക് ആരോടും അനുവാദം ചോദിക്കേണ്ട കാര്യമില്ലല്ലോ. – ജാനകിയമ്മ പറയുന്നു.

സമരത്തില്‍ പങ്കെടുക്കുന്ന സ്ത്രീകളോടൊപ്പം നമ്പ്രാടത്ത് ജാനകി

” ജനങ്ങള്‍ക്ക് കുടിവെള്ളം വേണം. അന്നവും വെള്ളവും മുട്ടിയാല്‍ സമരം തന്നെ മാര്‍ഗം. അത് നിഷേധിക്കുവാന്‍ നമ്മള്‍ വോട്ടുകൊടുത്ത് ഭരിക്കാനയച്ചവര്‍ക്ക് സാധിക്കുമോ ? ഒരുപാട് പശുക്കളെ പോറ്റുന്ന നാടാണിത്. മിക്ക വീടുകളിലും പശുക്കളുണ്ട്. വയല്‍ നികത്തിയാല്‍ അത് അവരെയും ബാധിക്കും. നേതാക്കന്‍മാര്‍ പറയും രണ്ടുപേരെ ഉള്ളു എന്ന് എന്നാല്‍ ഈ നാട് മുഴുവന്‍ സമരത്തിനൊപ്പമാണ്. ബാക്കികിടക്കുന്ന നെല്‍വയലെങ്കിലും സംരക്ഷിക്കണം. വയല്‍ ഇല്ലാതാക്കിയിട്ട് ഒരു ദേശീയപാതയും ഇവിടെ വേണ്ട. നഷ്ടപരിഹാരമായി കോടികള്‍ കിട്ടുമായിരിക്കും. പക്ഷെ ആ പൈസ ഞങ്ങള്‍ക്ക് വേണ്ട. ഞങ്ങള്‍ക്ക് ഞങ്ങളുടെ നാട് മതി. വയലിലെ ചളി കളിമണ്ണാണ്. അത് കച്ചവടം ചെയ്ത് പൈസയുണ്ടാക്കണം. വയലിന് ചുറ്റും കുന്നുകളാണ്. അത് ഇടിക്കും. ഇവിടുത്തെ വയലില്‍ മാത്രം ഒന്നരലക്ഷം ലോഡ് മണ്ണ് വേണം. കുന്നു നേരത്തേ വാങ്ങി വച്ചിട്ടുണ്ട്. അതാണ് വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തത്. ഇങ്ങനെ നാടിനെ മറന്ന് പൈസ മാത്രം നോക്കിയുള്ള ഒരു ബൈപ്പാസും വേണ്ട.അതിന് സ്ഥലം വേറെയുണ്ടല്ലോ..വയലിലൂടെ തന്നെ വേണമെന്ന് വാശി പിടിക്കുന്നത് എന്തിനാണ് ? പണം നല്‍കിയും ഭീഷണിപ്പെടുത്തിയും നാട്ടുകാരെ സമ്മതിപ്പിക്കുകയാണ് പാര്‍ടി. എനിക്ക് പേടിയൊന്നുമില്ല. എനിക്ക് വെറും മൂന്ന് മാസം പ്രായമുള്ളതു മുതല്‍ ഇവിടെയാണ് ജീവിക്കുന്നത്. ഈ മണ്ണിനെ ഒറ്റുകൊടുക്കാന്‍ എനിക്ക് കഴിയില്ല. ” പ്രായത്തെ വിസ്മരിക്കുന്ന നിശ്ചയദാര്‍ഡ്യത്തോടെ ജാനകിയമ്മ പറഞ്ഞു നിര്‍ത്തുമ്പോള്‍ ആരൊക്കെ എതിരെ നിന്നാലും നാടിന് വേണ്ടിയുള്ള സമരം ലക്ഷ്യത്തിലെത്താതെ അവര്‍ പിന്തിരിയില്ലെന്ന ഉറപ്പ് ആ മുഖത്തും വാക്കുകളിലും തെളിയുന്നു.

സമരസമിതി നേതാക്കളായ സുരേഷ് കീഴാറ്റൂരിനേയും നമ്പ്രാടത്ത് ജാനകിയേയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു

മയിലമ്മയേയും മേധാപട്ക്കറേയും പറ്റിയൊക്കെ കേട്ടിട്ടുണ്ട് പക്ഷെ വയല്‍ക്കിളി സമരത്തിറങ്ങുമ്പോള്‍ ജാനകിയമ്മയ്ക്ക് മാതൃക ജാനകിയമ്മയുടെ തന്നെ ജീവിതം മാത്രമാണ്.  എലവേറ്റഡ് ഹൈവേയുടേയും ബൈപ്പാസിന്റെയുമൊക്കെ സാങ്കേതികതകള്‍ ഒരുപക്ഷേ അവര്‍ക്ക് പരിചിതമാകണം എന്നില്ല. കാരണം
പാടങ്ങളും നീര്‍ത്തടങ്ങളും പരിസ്ഥിതിയുടെ ഹൃദയരേഖകളാണെന്ന പാഠം അവര്‍ പഠിച്ചത് ജീവിതമെന്ന പാഠപുസ്‌കതത്തില്‍ നിന്നാണ്. അതുകൊണ്ടുതന്നെ മണ്ണിനോടും പരിസ്ഥിതിയോടും ചേര്‍ന്നുനില്‍ക്കുന്ന രാഷ്ട്രീയം അവര്‍ക്ക് സിലബസിന് പുറത്തുള്ള കാര്യമല്ല തന്നെ….

”വികസനം വേണം…അതിനാരും എതിരല്ല, ഈ സമരം ജീവിതത്തിന് വേണ്ടിയാണ് മോളേ..അത് തുടരുക തന്നെ ചെയ്യും….”

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top