Home app

ആകാശപ്പാത കീഴാറ്റൂരിന് പരിഹാരമാകുമോ ?

നീര്‍ത്തടം നികത്താതെ കീഴാറ്റൂരില്‍ എങ്ങനെ ബൈപ്പാസ് നിര്‍മിക്കാം എന്നതാണ് കേരളം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. കീഴാറ്റൂരില്‍ പരിസ്ഥിതിക്ക് വലിയ തോതില്‍ ആഘാതം സൃഷ്ടിക്കുന്ന ബൈപ്പാസ് റോഡ് നിര്‍മിക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നുമാണ് ബൈപ്പാസിനെതിരെ സമരം ചെയ്യുന്ന വയല്‍ക്കിളികളുടെ ആവശ്യം.

പാടമായാലും നീര്‍ത്തടമായാലും പാതയ്ക്കാവശ്യമായ സ്ഥലം ഏറ്റെടുത്ത് നീരൊഴുക്കിന് തടസ്സമുണ്ടാകാതെ നികത്തി റോഡ് പണിയുക എന്ന പ്രാഥമിക ആശയത്തെ പിന്തള്ളി വയല്‍/നീര്‍ത്തട ഭൂമിക്ക് മീതേ ആകാശപ്പാത (എലവേറ്റഡ് ഹൈവേ ) പണിയുകയാണ് വേണ്ടത് എന്നാണ് ഇപ്പോള്‍ മിക്ക പരിസ്ഥിതിവാദികളും സമരക്കാരും ഏറ്റവുമൊടുവില്‍ സംസ്ഥാന സര്‍ക്കാറും പറയുന്നത്. ഇതിന്റെ മുന്നൊരുക്കമെന്ന നിലയില്‍ കീഴാറ്റൂരില്‍ ഇത്തരത്തില്‍ ഒരു ആകാശപ്പാത നിര്‍മിക്കുന്നതിന്റെ സാധ്യതയാരാഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിന് കത്തെഴുതിയിരുന്നു.

സാധാരണ റോഡിനേക്കാള്‍ ഏറെയാണ് ആകാശപ്പാതയുടെ നിര്‍മാണച്ചെലവ്. അതുകൊണ്ടു തന്നെ പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമേ ആകാശപ്പാതയുടെ നിര്‍മാണം അടിയന്തിര ആവശ്യമായി മാറാറുള്ളൂ. റോഡുകള്‍ക്കായി നികത്തുന്നതും അടിത്തറയൊരുക്കുന്നതും സംരക്ഷിത കൃഷിഭൂമികള്‍ക്കും നീര്‍ത്തടങ്ങള്‍ക്കും വിഘാതമാകുന്ന സാഹചര്യത്തില്‍ ഭൂമിക്ക് മുകളില്‍ ഉയരത്തില്‍ ആകാശപ്പാത നിര്‍മിക്കാവുന്നതാണ്.

എന്നാല്‍ കീഴാറ്റൂരിലെ സാഹചര്യമെന്താണ് ? ഇവിടെ നീര്‍ത്തടങ്ങളും പാടങ്ങളും നിറഞ്ഞ ഭൂമിക്ക് മീതെയാണ് പാത പണിയേണ്ടുന്നത്. ഇതിന്റെ അടിയിലെ ഭൂമി കൃഷിക്കായി തുടര്‍ന്നും ഉപയോഗിക്കാം എന്നൊരു വാദം ആകാശപ്പാതയ്ക്കായി ആവശ്യപ്പെടുന്നവര്‍ ഉന്നയിക്കുന്നുണ്ട്. എന്നാല്‍ അത് തീര്‍ത്തും കാമ്പില്ലാത്ത വാദമാണ്. പാതയുടെ അടിയിലോ അതിന്റെ ഷാഡോ ഏരിയയിലോ ഫലപ്രദമായ നെല്‍കൃഷി അസാധ്യമാണ്. ഷാഡോ ഏരിയ ആഥവാ നിഴല്‍ പ്രദേശം എന്നത് ഏറ്റെടുക്കുന്ന ഭൂമിയുടെ ഏകദേശം നാലിരട്ടിയെങ്കിലും വരും (ഇത് ഹൈവേയുടെ ഉയരവും റോഡിന്റെ ദിശയും അനുസരിച്ച് മാറും ).

നഗരങ്ങളിലെ വര്‍ധിച്ചു വരുന്ന ഗതാഗതക്കുരുക്കിന് പരിഹാരമായി ആകാശപ്പാതയെ കാണുന്നവരുണ്ട്. എന്നാല്‍ വിഭവങ്ങളുടെ ഉപഭോഗത്തെയും അതിന്റെ പാരിസ്ഥിതിക ആഘാതത്തെയും അളക്കുന്ന ഒരു അളവുകോലായ പാരിസ്ഥിതിക പാദമുദ്ര അഥവാ ഇക്കോളജിക്കല്‍ ഫൂട്ട്പ്രിന്റ് എന്നത് പാതാ നിര്‍മാണത്തിനായി നമ്മള്‍ എത്ര പണം ചെലവഴിക്കുന്നുവോ അത്രത്തോളമാണെന്ന് കണക്കാക്കാം. മനുഷ്യന്റെ ആവശ്യങ്ങള്‍ നിവര്‍ത്തിക്കാനാവശ്യമായ പ്രകൃതി വിഭവങ്ങളുടെ അളവും, പുനരുപയോഗത്താലും അല്ലാതെയും ലഭ്യമായ പ്രകൃതിവിഭവങ്ങളുടെ അളവും തമ്മിലുള്ള വ്യത്യാസമാണ് ഇതില്‍ അളക്കുന്നത്. അതിന്റെ പാരിസ്ഥിതിക പ്രത്യാഘാതം എന്നു പറയുന്നത്, സ്വയം നിലനിര്‍ത്താന്‍ നാം കൈവശപ്പെടുത്തുന്ന പ്രകൃതിയുടെ വിലയാണ്.

കീഴാറ്റൂര്‍ എന്ന കാര്‍ഷിക ഗ്രാമത്തിന്റെ ഹൃദയ ധമനികള്‍ക്ക് മീതെ ആയിരക്കണത്തിന് ടണ്‍ കല്ലും മണ്ണും സിമന്റും കൊണ്ടിറക്കി ആ നാടിന്റെ തനതായ ജൈവികതയെ ഇല്ലാതാക്കാവുവാനേ ആകാശപ്പാത എന്ന വലിയ സങ്കല്‍പ്പം കൊണ്ട് സാധിക്കുകയുള്ളൂ. കൃത്യമായ ഹൈഡ്രോളജി സംവിധാനത്തോടെ ഒരുക്കുന്ന ഒരു ഹൈവേ റോഡ് സമ്മാനിക്കുന്ന ആഘാതത്തേക്കാള്‍ പതിന്മടങ്ങായിരിക്കും അത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top