Entertainment

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്.. അരങ്ങില്‍ നിന്ന് അഭ്രപാളിയിലേക്കൊരു ലോങ് മാര്‍ച്ച്

കമലേഷ് തെക്കെകാട്‌                             SUNDAY FEATURE

‘ദേണ്ടറാ ഹരീഷ് പേരടി..’
‘യേത് മ്മടെ കൈതേരി സഹദേവനാ?’
‘ആ അതെന്നെ’.

കൂടി നിന്നവരില്‍ നിന്നും ഉയര്‍ന്ന ആ അശരീരിയുടെ ഉറവിടമേതെന്ന് വെറുതേയൊന്ന് നോക്കി. ഹരീഷ് പേരടിയുമായുള്ള അഭിമുഖം കൈതേരി സഹദേവനില്‍ ചുറ്റിത്തിരിയില്ലെന്ന് തീരുമാനിച്ചുറപ്പിച്ച് വൈറ്റ് ഫോര്‍ട്ട് ഹോട്ടലിലെത്തിയ എനിക്കേറ്റ ആദ്യത്തെ തിരിച്ചടി. അവരെ കുറ്റം പറയാനാവില്ല, മലയാള ചലച്ചിത്ര മേഖലയില്‍ ഹരീഷ് പേരടി എന്ന കലാകാരന് തന്റേതായ ഇടമൊരുക്കിയ കൈതേരി സഹദേവനെന്ന കരുത്തുറ്റ കഥാപാത്രത്തെ അത്രമേല്‍ ആ മുഖം അടയാളപ്പെടുത്തുന്നുണ്ട്. ലൈഫ് ഓഫ് ജോസൂട്ടിയിലെ ജോസഫും പുലിമുരുകനിലെ മേസ്തിരിയും സ്‌കെച്ചിലെ ചേട്ടനുമെല്ലാം കടന്ന് മുന്നോട്ട് കുതിക്കുമ്പോഴും ഹരീഷിനെ കൈതേരി സഹദേവനിലൂടെ ഓര്‍ക്കാന്‍ തന്നെയാണ് പ്രേക്ഷകര്‍ക്കിഷ്ടം.

ഹരീഷ് പേരടി          ഫോട്ടോ: രാജീവന്‍ ഫ്രാന്‍സിസ്‌

മൂന്നര എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നുണ്ടായിരുന്നു. അതു കഴിഞ്ഞാണ് എന്റെ ഊഴം. ചായകുടിച്ചിരിക്കുന്നതിനിടെ നിരത്തിവെച്ച ലൈറ്റുകള്‍ക്കും ക്യാമറകള്‍ക്കുമിടയിലൂടെ ഹരീഷ് പേരടിയുടെ മാസ് എന്‍ട്രി. എന്നാല്‍ അതൊരു പ്രതീക്ഷ മാത്രമായി ഒതുങ്ങി. അത്രയ്ക്കങ്ങ് മാസ്സാവാന്‍ അദ്ദേഹം ഒരുക്കമായിരുന്നില്ല. ക്യാമറയ്ക്ക് മുന്നിലിരിക്കുന്നതിന് പകരം ക്യാമറയ്ക്കും പിറകിലേക്ക് നടന്ന ഹരീഷ് ക്യാമറാ സഹായികളുടെയും ലൈറ്റ് ബോയ്‌സിന്റെയും കൈ പിടിച്ച് കുലുക്കി കുശലം ചോദിച്ചു. താരങ്ങള്‍ പൊതുവേ കാണിക്കുന്ന കേവലമൊരു ഷോ ആയിരുന്നില്ലത്, ക്ലാസ് മുറിയിലെ നേരമ്പോക്കു നാടകങ്ങളില്‍ തുടങ്ങി മണ്ണിന്റെ മണമുള്ള മനുഷ്യര്‍ക്കിടയില്‍ പച്ച മനുഷ്യനായി ജീവിച്ച് ഇന്ന് ദക്ഷിണേന്ത്യന്‍ സിനിമാ ലോകത്ത് നിറസാന്നിധ്യമായി നില്‍ക്കുന്ന ഒരു കലാകാരന്റെ ശീലങ്ങളായിരുന്നു. പിന്നാലെ താരജാഡകളേതുമില്ലാതെ അയാള്‍ അവതാരകനെ തിരഞ്ഞു. ‘ഓക്കെ ആണെങ്കിപ്പിന്നെ നമ്മക്ക് തൊടങ്ങ്യാലോ’ എന്ന ചോദ്യമുയര്‍ന്നതോടെ എല്ലാവരും ഉഷാറായി. പരിപാടി തുടങ്ങി.

ഏതാണ്ട് അരമണിക്കൂര്‍ നീണ്ട അഭിമുഖം പൂര്‍ത്തിയാക്കിയെത്തിയ ഹരീഷ് എന്നെ മുറിയിലേക്ക് ക്ഷണിച്ചു. ഇനി എന്റെ ഊഴമാണ്. മുറിയിലിട്ടിരുന്ന കസേരയിലേക്ക് ചാഞ്ഞ ഹരീഷിന് അഭിമുഖമായി അദ്ദേഹത്തിന്റെ ബെഡില്‍ കയറിയിരുന്ന് ഞാന്‍ ചോദ്യങ്ങളെറിഞ്ഞു. നാടകത്തില്‍ നിന്ന് തന്നെയാണ് തുടങ്ങിയത്. അഞ്ചാം ക്ലാസ് മുതല്‍ നാടകം കളിച്ചുതുടങ്ങിയ, ഇന്നും നാടകം എന്ന കലയെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് നടക്കുന്ന ആ വലിയ കലാകാരന് അതു മാറ്റിനിര്‍ത്തി എന്തെങ്കിലും പറഞ്ഞുതുടങ്ങാനാവുകയെങ്ങനെ?

ഫോട്ടോ: മെബിന്‍ ബാബു

ആമുഖവും പശ്ചാത്തലവും പറഞ്ഞ് നേരം കളയാതെ നേരെ ചോദ്യത്തിലേക്ക്..

“നാടകമാണല്ലോ അടിത്തറ. അതിന്റെയൊരു കരുത്ത് തീര്‍ച്ചയായും താങ്കള്‍ ചെയ്യുന്ന കഥാപാത്രങ്ങളില്‍ പ്രതിഫലിക്കുന്നുണ്ട്. നേരത്തേ തിലകന്‍, മുരളി തുടങ്ങി നിരവധി കലാകാരന്മാര്‍ നാടകത്തില്‍ നിന്ന് സിനിമയിലെത്തി തന്റേതായ കയ്യൊപ്പ് പതിപ്പിച്ച് കടന്നുപോയിട്ടുള്ളവരാണ്. എങ്ങനെയാണ് ഈ അടിത്തറ സിനിമയില്‍ താങ്കളെ സഹായിച്ചിട്ടുള്ളത്?”

എന്നെ സംബന്ധിച്ചിടത്തോളം നാടകം തന്നെയാണ് സിനിമയില്‍ ഏറെ സഹായകമായിട്ടുള്ളത്. വളരെ ചെറുപ്പത്തില്‍ തന്നെ നാടകത്തിലേക്ക് വന്ന ഒരാളാണ് ഞാന്‍. കോഴിക്കോട് സാമൂതിരി ഹൈസ്‌കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി നാടകം കളിക്കുന്നത്. എനിക്കൊരു സുഹൃത്തുണ്ടായിരുന്നു, താജുദ്ധീന്‍. സെപ്തംബര്‍ മാസത്തിലൊക്കെയാണ് സ്‌കൂള്‍ യുവജനോത്സവം വരുന്നതെങ്കിലും ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കുമ്പോള്‍ തന്നെ കയ്യിലൊരു നാടകത്തിന്റെ സ്‌ക്രിപ്റ്റുമായെത്തുന്ന ഒരു സുഹൃത്ത്. നാടകം എന്നു പറയുമ്പോള്‍ അവനെക്കൂടി ചേര്‍ത്തേ എനിക്ക് പറയാന്‍ കഴിയൂ. അവനില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ ഞാന്‍ നാടകത്തിലേക്ക് എത്തില്ലായിരുന്നു, അഭിനയത്തോട് താത്പര്യമുണ്ടായിരുന്നെങ്കില്‍പ്പോലും. അവന്‍ തന്നെയാണ് നാടകം സംവിധാനം ചെയ്യുക. പുറത്ത് നിന്നും ആരും വരാറൊന്നുമില്ല. എവിടെ നിന്നാണ് ഒരു കഥാപാത്രം സ്റ്റേജിലേക്ക് വരേണ്ടത്, എവിടെ നിന്നാണ് ഒരു കഥാപാത്രം ഔട്ടാകേണ്ടത് എന്നിങ്ങനെ എല്ലാം പറഞ്ഞുതന്നിരുന്നത് അവന്‍ തന്നെയായിരുന്നു. അങ്ങനെ ഈ കഥാപാത്രങ്ങളെ നിരന്തരമായി ചെയ്തുചെയ്ത് ഓരോ കൊല്ലവും ഞങ്ങടെ നാടകത്തിന് വേണ്ടി കാത്തിരിക്കുന്ന ഒരു പ്രേക്ഷക സമൂഹത്തെ വളരെ ചെറുപ്പത്തിലേ ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞു എന്നുള്ളതായിരുന്നു ഞങ്ങടെ ഏറ്റവും വലിയ അത്മവിശ്വാസം. ആ ആത്മവിശ്വാസമാണ് പിന്നീട് വലുതായിക്കഴിഞ്ഞപ്പോഴും എന്നെ നാടകത്തില്‍ തന്നെ പിടിച്ചുനിര്‍ത്തിയത്. പഴയ അഞ്ചാം ക്ലാസുകാരന്റെ നിഷ്‌കളങ്കതയോടെയും ആത്മവിശ്വാസത്തോടെയും ഹരീഷ് പേരടി പറഞ്ഞുനിര്‍ത്തി. അല്ല, അവിടെ നിന്നും അദ്ദേഹം പറഞ്ഞുതുടങ്ങി.

നാടകത്തെ സീരിയസ്സായി കാണുന്നത് ജയപ്രകാശ് കുളൂര്‍ സാറിന്റെ അടുത്തെത്തുമ്പോഴാണ്. അവിടെയെത്തിപ്പെട്ടപ്പോഴാണ് ഞാന്‍ മനസിലാക്കുന്നത്, ഇതുവരെ കളിച്ചതൊന്നുമല്ല നാടകം ഇനി കളിക്കാനിരിക്കുന്നതാണ് നാടകമെന്ന്. അങ്ങനെ അവിടെ കൂടി, നാലുവര്‍ഷത്തോളം സാറിനൊപ്പം നിന്ന് ഗുരുകുല വിദ്യാഭ്യാസ പ്രകാരം നാടകം പഠിച്ചു. അവിടെ നിന്നാണ് മലയാള നാടക ചരിത്രത്തില്‍ എന്നും ഓര്‍മ്മിക്കപ്പെടുന്ന രണ്ട് കഥാപാത്രങ്ങള്‍ ചെയ്യുന്നത്. അപ്പുണ്ണികള്‍. അപ്പുവും ഉണ്ണിയും. അപ്പുണ്ണികളുടെ സീരീസ് ഞങ്ങളാണ് ചെയ്യുന്നത്. 12 കൊല്ലം കൊണ്ട് ഇന്ത്യയ്ക്കകത്തും പുറത്തും മൂവായിരത്തി അഞ്ഞൂറോളം വേദികള്‍ പിന്നിട്ടു, അപ്പുണ്ണികള്‍. അങ്ങനെ നാടകവും കൊണ്ട് നടന്നിരുന്ന ആ അനുഭവമുണ്ട്. അത് ഒരുപക്ഷേ ഏതൊരു ഡ്രാമാ സ്‌കൂളിനും നല്‍കാന്‍ കഴിയാത്തതാണ്. ആ അനുഭവമാണ് ഞങ്ങടെ അടിത്തറ. മറ്റ് ജോലികള്‍ ചെയ്യാമായിരുന്നിട്ടും അതൊന്നും ചെയ്യാതെ നാടകവുമായി മുന്നോട്ട് പോകാനും, നാട്ടിലെയൊരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ജീവിക്കുന്നതുപോലെ ജീവിച്ചുകാണിച്ചുകൊടുക്കാം എന്നുമൊക്കെ തീരുമാനിക്കുന്നത് ഈ അടിത്തറയുടെയും ആത്മവിശ്വാസത്തിന്റെയും ബലത്തില്‍ തന്നെയാണ്. പിന്നീടാണ് സീരിയലിലും സിനിമയിലുമൊക്കെ എത്തുന്നത്.

ഹരീഷ് പേരടിയെന്ന കലാകാരനെ, അവന്റെയുള്ളിലെ നടനെ ഊതിക്കാച്ചിയെടുക്കുന്നതില്‍ ജയപ്രകാശ് കുളൂരിന്റെ സംഭാവന?

ചോദ്യമവസാനിക്കുന്നതിന് മുമ്പ് ഉത്തരമെത്തിയിരുന്നു. ജയപ്രകാശ് സാര്‍ ഒന്നും പഠിപ്പിച്ചിട്ടില്ല... ഉത്തരത്തിന്റെ ആഘാതത്തില്‍ എന്റെ കണ്ണില്‍ നിഴലിച്ച സംശയഭാവം കണ്ടിട്ടാവണം. അദ്ദേഹം ആവര്‍ത്തിച്ചു. അതേ.. ജയപ്രകാശ് സാര്‍ ഒന്നും പഠിപ്പിച്ചിട്ടില്ല. അദ്ദേഹം ഞങ്ങളോട് എന്നും പറയുമായിരുന്ന ഒരു വാചകമുണ്ട്. ഞാന്‍ നിങ്ങളെ ഒന്നും പഠിപ്പിക്കുന്നില്ല. എങ്ങനെയാണ് പഠിക്കേണ്ടത് എന്ന് മാത്രമാണ് പഠിപ്പിക്കുന്നത്. ഒരുവട്ടം കൂടി ആവര്‍ത്തിക്കാം എന്നുപറഞ്ഞ് ഹരീഷ് വീണ്ടും പറഞ്ഞു, ഞാന്‍ നിങ്ങളെ ഒന്നും പഠിപ്പിക്കുന്നില്ല. എങ്ങനെയാണ് പഠിക്കേണ്ടത് എന്ന് മാത്രമാണ് പഠിപ്പിക്കുന്നത്.” ശേഷം തുടര്‍ന്നു- ശരിയായിരുന്നു, അദ്ദേഹമൊരിക്കലും അഭിനയിച്ച് കാണിച്ചുതരാറില്ല. അങ്ങനെ ചെയ്യണം ഇങ്ങനെ ചെയ്യണം എന്നൊരിക്കലും പറയുമായിരുന്നില്ല. അപ്പുണ്ണിയൊക്കെ ചെയ്യുന്ന സമയത്ത് ഫുള്‍ സ്‌ക്രിപ്റ്റ് കയ്യിലുണ്ടായിരുന്നു. ആ സ്‌ക്രിപ്റ്റ് കയ്യില്‍ തരാതെ ഞങ്ങള്‍ക്ക് പറഞ്ഞുതന്നിട്ട് ഞങ്ങള്‍ ഇമ്പ്രവൈസ് ചെയ്ത് വരികയാണ് ചെയ്തിരുന്നത്. അത് ഒരു ദിവസം കൊണ്ടൊന്നുമല്ല, ദിവസങ്ങളെടുത്താണ് ചെയ്തിരുന്നത്. അങ്ങനെ ഒരു വര്‍ഷത്തെ പ്രയത്‌നത്തിന് ശേഷമാണ് അപ്പുണ്ണി ആദ്യത്തെ സ്റ്റേജ് കയറുന്നത്. ജയപ്രകാശ് സാറിന്റെ ശിക്ഷണം അത്തരത്തിലായിരുന്നു. പിന്നീട് അപ്പുണ്ണിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. അപ്പുണ്ണിക്ക് വേണ്ടി ഞങ്ങള്‍ ഒരു പോസ്റ്റര്‍ പോലും അടിച്ചിട്ടില്ല. വെറും മൗത്ത് ടു മൗത്ത് ആയിരുന്നു പ്രചരണം. ഒരു ദിവസം തന്നെ എട്ട് കളികള്‍ കളിച്ച ഓണവും വിഷുവുമൊക്കെ ഉണ്ടായിരുന്നു. അങ്ങനെയങ്ങനെ നിരവധി വര്‍ഷങ്ങളാണ് അദ്ദേഹത്തോടൊത്ത് ചെലവഴിച്ചത്.

അതുപോലെ തന്നെ ഞങ്ങളുടെ നാടകങ്ങളില്‍ പലപ്പോഴും ലൈറ്റ് ഓഫ് ചെയ്യാറില്ല. നാടകത്തിലെ പല കഥാപാത്രങ്ങളും നേരിട്ട് ആളുകളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ കണ്ണിലേക്ക് നോക്കിയാണ് സംസാരിക്കാറ്. അവരോട് ചോദ്യങ്ങള്‍ ചോദിക്കും. ഉത്തരങ്ങള്‍ കേള്‍ക്കും. തിരിച്ചുവരും. അങ്ങനെയൊക്കെയാണ് നാടകം പുരോഗമിക്കുക. അതുകൂടാതെ ഞാന്‍ ഒറ്റയ്ക്ക് കളിച്ച ഒരു നാടകമുണ്ട്, ‘അങ്ങനെയുള്ള സദാനന്ദനെ ആരാണ് ഇങ്ങനെയാക്കിയത്’. ഈ നാടകത്തില്‍ ബിഎഡ് ബിരുദധാരിയായ സദാനന്ദന്‍ സ്‌നേഹം എന്ന വിഷയത്തെക്കുറിച്ച് ക്ലാസെടുക്കുകയാണ്. ഓഡിയന്‍സിനാണ് ക്ലാസെടുക്കുന്നത്. വേഷമൊക്കെയിട്ട് വന്ന് നാടകത്തിന് മുമ്പ് ആദ്യം തന്നെ സദാനന്ദന്‍ ഓഡിയന്‍സുമായി ഒരു കരാര്‍ ഉണ്ടാക്കും. ‘ഞാനിവിടെ ക്ലാസെടുത്തുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ അധ്യാപകനും നിങ്ങളെന്റെ വിദ്യാര്‍ത്ഥികളുമാണ്. നിങ്ങള്‍ കാണികള്‍ മാത്രമല്ല. ഞാന്‍ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ നിങ്ങള്‍ ഉത്തരം പറയണം. ഞാന്‍ എഴുന്നേല്‍ക്കാന്‍ പറയുമ്പോള്‍ നിങ്ങള്‍ എഴുന്നേല്‍ക്കണം. എന്താ തയ്യാറാണോ’ എന്നു ചോദിക്കും. അപ്പോള്‍ നാടകത്തോട് താത്പര്യമുള്ള കുറച്ചുപേര്‍ കൈ പൊക്കും. ‘പോരാ എല്ലാവരും റെഡി ആണെങ്കില്‍ മാത്രമേ ഇന്ന് നാടകമുള്ളൂ. അല്ലെങ്കില്‍ നാടകം കാന്‍സല്‍. പൈസ ഞങ്ങള്‍ക്ക് പ്രശ്‌നമല്ല.’ അപ്പൊ എല്ലാവരും കൈപൊക്കും. ആ നിലയിലാണ് ഞങ്ങളുടെ നാടകങ്ങള്‍ മുന്നോട്ട് പോയിരുന്നത്. അങ്ങനെ ആളുകളുമായി ഇന്ററാക്ട് ചെയ്ത് നാടകം കളിച്ചതൊക്കെ സിനിമയില്‍ ഏറെ സഹായകമായിട്ടുണ്ട്.

ഈ അനുഭവങ്ങളെല്ലാം സിനിമയില്‍ ഏറെ സഹായകമാകുമ്പോഴും ഇതിനൊരു മറുവശം കൂടിയുണ്ട്. നാടകത്തിന്റെ ഭാഷ സിനിമയില്‍ ഉപയോഗിക്കുമ്പോള്‍ അത് ചിലപ്പോള്‍ പ്രേക്ഷകരെ അലോസരപ്പെടുത്തുന്നതായി ചില ആക്ഷേപങ്ങള്‍ ഉയരാറുണ്ട്. നാടകത്തില്‍ നിന്നെത്തിയ ചില നടീനടന്മാരുടെ ഡയലോഗുകള്‍ വരുമ്പോള്‍ നാടകം പോലെയുണ്ട് എന്നുള്ള ചില കമന്റുകള്‍ കേട്ടിട്ടുമുണ്ട്. അത്തരത്തിലെന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഹരീഷിനുണ്ടായിട്ടുണ്ടോ?

ചോദ്യം അത്രയ്ക്കങ്ങ് ഇഷ്ടമായില്ലെന്ന് ലഭിച്ച മറുപടിയില്‍ നിന്ന് എനിക്ക് ബോധ്യമായി. കൃത്യമായിരുന്നു മറുപടി. അതെന്താന്നറിയോ.. ചോറ് തിന്നാത്ത ഒരാള്‍ക്ക് ചോറ് പെട്ടെന്ന് ഇട്ടുകൊടുത്താല്‍ അയാള്‍ക്കത് തിന്നാന്‍ പറ്റില്ല. കുറച്ച് നേരം ഒരു ബുദ്ധിമുട്ടുണ്ടാകും ല്ലേ.. ഇതാണതിന്റെ പ്രശ്‌നം. പിന്നാലെയാണ് ചോദ്യത്തിലെ അനിഷ്ടവും കലിപ്പും പുറത്തുവന്നത്. അതായത് നാടകമെന്താണെന്ന് അറിയാത്തവരാണ് അങ്ങനെ പറയുന്നത്. സിനിമയില്‍ നാടകത്തിന്റെ ചുവയുണ്ടായാല്‍ എന്താണ് പ്രശ്‌നം? എന്താണ്, പ്രശ്‌നമെന്താണ് സിനിമയില്‍ നാടകം തോന്നിപ്പിച്ചാല്‍? സിനിമയെ എവിടെയാണ് നാടകം ബാധിക്കുന്നത് എന്ന് കൃത്യമായി പറഞ്ഞുതന്നാല്‍ ഏത് സിനിമ വെച്ചും തര്‍ക്കിക്കാന്‍ ഞാന്‍ തയ്യാറാണ്. നമ്മുടെ കൊട്ടാരക്കര സാര്‍, പിജെ ആന്റണി സാര്‍, തിലകന്‍ സാര്‍, നെടുമുടി വേണുച്ചേട്ടന്‍.. ആരാണ് നാടകക്കാരല്ലാത്തവര്‍? ഇവരുടെ അഭിനയം ലോകം അംഗീകരിച്ചതല്ലേ..? അങ്ങനെ ചോദ്യത്തോടുള്ള നീരസം പലപല ചോദ്യങ്ങളില്‍ പൊതിഞ്ഞ് എന്റെ നേര്‍ക്ക്.

ഫോട്ടോ: മെബിന്‍ ബാബു

ആയിരത്തിലൊരുവനാണ് ആദ്യത്തെ ചിത്രം. നാടകപ്രവര്‍ത്തകര്‍ അത്രയേറെ സിനിമയിലേക്ക് വരാതിരുന്ന ഒരു സാഹചര്യത്തിലാണ് ഹരീഷ് പേരടി സിനിമയുടെ ഭാഗമാകുന്നത്. സിനിമ എന്നത് കരുതിക്കൂട്ടിയുള്ള ഒരു നീക്കമായിരുന്നോ അതോ ആകസ്മികമായി സംഭവിച്ചതാണോ?

തികച്ചും സത്യസന്ധവും നിഷ്‌കളങ്കവുമായിരുന്നു ഉത്തരം. ഞാന്‍ ജനിച്ചുവളര്‍ന്നത് കോഴിക്കോട് നഗരത്തിനുള്ളിലുള്ള ചാലപ്പുറം എന്ന സ്ഥലത്താണ്. ടൗണ്‍ ഹാള്‍ വളരെ അടുത്താണ്. നടന്നുപോകാവുന്ന ദൂരത്തില്‍ നിരവധി തീയ്യറ്ററുകളുമുണ്ട്. അന്ന് ഒരു രൂപയ്ക്ക് സിനിമയും കാണും പിന്നെ പോയി നാടകവും കാണും. അതുകൊണ്ട് സിനിമ ആഗ്രഹിക്കാതിരുന്നിട്ടില്ല, അങ്ങനത്തെ വര്‍ത്താനൊന്നൂല്ല. സിനിമയെ ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ നാടകമൊക്കെ സീരിയസായി കൊണ്ടുനടന്നിരുന്ന കാലത്ത് സിനിമയ്ക്കു വേണ്ടി ഭീകരമായ ശ്രമങ്ങളൊന്നും നടത്തിയിരുന്നില്ല. അതേസമയം സിനിമയിലേക്കെത്തിയത് ആകസ്മികമായിട്ടായിരുന്നു. തിരക്കഥാകൃത്ത് ടിഎ റസാക്ക് വഴിയാണത് സംഭവിച്ചത്. എന്റെ നാട്ടുകാരന്‍ കൂടിയായ അദ്ദേഹവും ഞാനും തമ്മില്‍ ജ്യേഷ്ഠാനുജ ബന്ധമാണ് നിലനിന്നിരുന്നത്. ടിഎ റസാക്ക് ഒരു നാടകത്തിന് സ്‌ക്രിപ്റ്റ് എഴുതിത്തരാമെന്ന് ഏറ്റിരുന്നു. അദ്ദേഹത്തിന് സിനിമയില്‍ തിരക്കായിരുന്നതിനാല്‍ അതങ്ങനെ നീണ്ടുപോയി. ഒരു ദിവസം ആള് ഷൊര്‍ണൂര്‍ കവളപ്പാറ ഉണ്ടെന്നറിഞ്ഞ് ഇന്നെന്തായാലും സാധനം കയ്യോടെ വാങ്ങിയിട്ട് തന്നെ കാര്യമെന്നും പറഞ്ഞ് ഹോട്ടലിലേക്ക് പോയി. ഞങ്ങടെ വരവ് കണ്ടതോടെ ഇത് രണ്ടും കല്‍പ്പിച്ചുള്ളതാണെന്ന് ആളിന് മനസിലായി. ഒരു മിനുട്ട്, വാ എന്നും പറഞ്ഞ് എന്നേം കൂട്ടി അദ്ദേഹം തൊട്ടടുത്ത റൂമിലേക്ക് പോയി. അകത്ത് കയറിയപ്പോള്‍ ഞെട്ടി, സിബി മലയില്‍. കാര്യങ്ങളെല്ലാം ഞാന്‍ പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞ് നാടകത്തിലെ ചില ഭാഗങ്ങള്‍ കാണിക്കാന്‍ പറഞ്ഞു. എന്തേ കാണാന്‍ വരാന്‍ വൈകി എന്നതായിരുന്നു അത് കണ്ട ശേഷം സിബി മലയിലിന്റെ പ്രതികരണം. അങ്ങനെയാണ് തനിയാവര്‍ത്തനം എന്ന ചിത്രത്തില്‍ ഒരു ചെറിയ വേഷം ചെയ്യുന്നത്. ഹരീഷ് സിനിയിലേക്കുള്ള വഴി ഓര്‍ത്തെടുത്തു.

ഇനിയെങ്കിലും കൈതേരി സഹദേവനെക്കുറിച്ച് ചോദിച്ചില്ലെങ്കില്‍ മോശമാണെന്ന് എനിക്ക് തന്നെ തോന്നിത്തുടങ്ങിയിരുന്നു. പുള്ളിയും എന്തേ അത് ചോദിക്കുന്നില്ലായെന്നു ചിന്തിച്ചുകാണണം. ഏതായാലും അത് ചോദിച്ചു. “ഹരീഷ് പേരടിയെന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസില്‍ വരുന്നതും താങ്കളെ കണ്ടപ്പോള്‍ ആദ്യം തന്നെ ചോദിക്കേണ്ടിയിരുന്നതും കൈതേരി സഹദേവനെക്കുറിച്ചാണ്.” ചോദ്യം മുഴുമിക്കും മുമ്പ് അതെയതെ എന്ന് തോന്നിപ്പിക്കും വിധത്തിലൊരു ചെറുചിരിയുയര്‍ന്നു. ഞാന്‍ തുടര്‍ന്നു.” ഹരീഷ് പേരടി എന്ന നടനെ മലയാളസിനിമയില്‍ കൃത്യമായി അടയാളപ്പെടുത്തിയ കഥാപാത്രമാണത്. അതിന് പിന്നാലെയാണ് മലയാളത്തിലും തമിഴിലുമടക്കം നിരവധി മികച്ച സിനിമകള്‍ താങ്കളെ തേടിയെത്തുന്നത്. എങ്ങനെയാണ് കൈതേരി സഹദേവനെന്ന കഥാപാത്രത്തോടുള്ള കടപ്പാട്?”

കൈതേരി സഹദേവനോട് തീര്‍ച്ചയായും വല്ല്യ കടപ്പാടും സ്‌നേഹവുമൊക്കെയാണ്. ചില കഥാപാത്രങ്ങളോട് നമുക്ക് വല്ല്യ അടുപ്പം തോന്നും. കായംകുളം കൊച്ചുണ്ണി എന്ന സീരിയലിലെ കാക്ക ശങ്കരന്‍.. കാക്ക ശങ്കരന്‍ എന്റെ ആരുമല്ല. ഞാന്‍ ചെയ്‌തൊരു കഥാപാത്രമാണ്. സീരിയലില്‍ കാക്കശങ്കരന്റെ അവസാനത്തെ സീന്‍ എടുക്കുകയാണ്. അതു കഴിഞ്ഞാല്‍ കാക്ക ശങ്കരന്‍ മരിച്ചുവീഴുന്ന സീനാണ്. അപ്പൊ എനിക്കറിയാം, ഈ സീന്‍ കഴിഞ്ഞാല്‍ ഞാന്‍ കട്ടാണ്. ഒരു വര്‍ഷത്തോളം ഞാന്‍ കൊണ്ടുനടന്ന ഒരു കഥാപാത്രത്തെ അവിടെ ഉപേക്ഷിക്കുകയാണ്. ആ അവസാനത്തെ സീന്‍ വളരെയേറെ വൈകാരികമായിരുന്നു. ഒരു കഥാപാത്രത്തെ നമ്മള്‍ സ്വീകരിക്കുമ്പോ രൂപമില്ലാത്ത ഒരാള് നമ്മുടെ ശരീരം ആവശ്യപ്പെടുകയാണ്. പിന്നെ അവസാന നിമിഷം എന്നുപറയുന്നത് ആ ശരീരം തിരിച്ചുവാങ്ങുന്ന മുഹൂര്‍ത്തമാണ്. അപ്പൊ ചോര പൊടിയും, കൊടുക്കുമ്പോഴും വാങ്ങുമ്പോഴും ചോര പൊടിയും. ഇന്റേണലായിട്ടുള്ള ബ്ലീഡിങ്ങിന്റെ കാര്യാണ് ഞാന്‍ പറയുന്നത് കേട്ടോ.. അത് വല്ല്യ വിഷമമാണ്.

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തില്‍ മുരളി ഗോപിക്കൊപ്പം ഹരീഷ് പേരടി

അങ്ങനെയുള്ള കുറച്ച് കഥാപാത്രം ചെയ്തിട്ടുണ്ട്. സഹദേവനും ഈ പറയുന്നത് പോലെ തന്നെ വടക്കന്‍ കേരളത്തിലെ ഒരു കരുത്തനായ രാഷ്ട്രീയ നേതാവാണ്. സഹദേവനെ ചെയ്തപ്പോ പിണറായി വിജയന്റെ ഭാഷ കടമെടുത്തോ എന്നൊക്കെ ചോദിച്ചവരുണ്ട്. അത് പിണറായി സഖാവിന്റെ ഭാഷയല്ല. അത് വടക്കന്‍ കേരളത്തിലെ രാഷ്ട്രീയ സ്‌കൂളില്‍ നിന്ന് ഉരുത്തിരിയുന്ന ഭാഷയാണ്. ഒരുപക്ഷേ പിണറായി സഖാവ് പോലും ചെറുപ്പത്തില്‍ ഇങ്ങനെയായിരിക്കില്ല സംസാരിച്ചിരുന്നത്. അത് വിദ്യാര്‍ത്ഥി- യുവജന രാഷ്ട്രീയമൊക്കെ കടന്നുവരുമ്പോള്‍ അങ്ങനെയായിത്തീരുന്നതാണ്. ഈ കഥാപാത്രത്തിന് അയാളുടോതായ സവിശേഷതകളുണ്ട്. പിന്നെ ഇത് എംവിആറാണോ എന്ന് ചോദിച്ചവരുണ്ട്, അതൊക്കെ തോന്നലുകളാണ്. അത്തരം തോന്നലുകളെ പൂര്‍ണമായും നിഷേധിക്കുന്നുമില്ല.” എന്റെ അടുത്ത ചോദ്യത്തെക്കൂടി മുന്‍കൂട്ടി കണ്ട് വളരെ ഡിപ്ലോമാറ്റിക്കായിട്ടാണ് മറുപടിയെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ പൊട്ടിച്ചിരിയോടെയായിരുന്നു മറുപടി. അതും ഒരു തോന്നലാണ്, ഉത്തരം പറയുമ്പോ ഡിപ്ലോമാറ്റിക്കാണെന്ന് തോന്നിപ്പോകുന്നതാണ്.. വീണ്ടും പൊട്ടിച്ചിരിച്ചു.

പക്ഷേ അങ്ങനെ വിടാന്‍ ഞാന്‍ ഒരുക്കമായിരുന്നില്ല. പിന്നേം ചോദിച്ചു. ഞാന്‍ ചോദിച്ചാല്‍ താങ്കള്‍ നിഷേധിക്കുമായിരിക്കും. എന്നാലും ചോദിക്കുകയാണ്. കൈതേരി സഹദേവന്‍ എന്ന കഥാപാത്രം ചെയ്യുമ്പോള്‍ എപ്പോഴെങ്കിലും പിണറായി വിജയന്‍ എന്ന രാഷ്ട്രീയ നേതാവ് താങ്കളുടെ മനസിലുണ്ടായിരുന്നോ? കൈതേരി സഹദേവന് പിണറായിയോടും വിജയരാഘവന്‍ ചെയ്ത കഥാപാത്രത്തിന് വിഎസുമായും അത്രയേറെ സാമ്യമുണ്ട്. അതുകൊണ്ടാണ് അങ്ങനെയൊരു ചോദ്യം.”

പറഞ്ഞ് ശീലിച്ചതുകൊണ്ടായിരിക്കണം, എഴുതിത്തയ്യാറാക്കിയതു പോലൊരു മറുപടി വന്നു. അങ്ങനെ തോന്നുന്നതില്‍ തെറ്റില്ല. എന്താന്നറിയോ.. ആ സമയത്ത് പിണറായി സഖാവ് പാര്‍ട്ടി സെക്രട്ടറിയാണ്. സഹദേവനുമതെ.. ഈയൊരു സാമ്യമതില്‍ വല്ലാതെയുണ്ട്. അപ്പൊ ആളുകള്‍ക്ക് അങ്ങനെ തോന്നും. പിന്നെ അതില്‍ ഞാന്‍ ഇതുവരെ പറഞ്ഞിട്ടില്ലാത്ത ഒരു കാര്യമുണ്ട്. പടത്തിന്റെ ചര്‍ച്ച കഴിഞ്ഞയുടന്‍ പിണറായിക്കടുത്തുള്ള കൈതേരിയില്‍ ഞാന്‍ പോയിരുന്നു. അവിടെ പോയിട്ട് ഒരുപിടി മണ്ണ് വാരി. എന്നിട്ട് ഒരു പ്ലാസ്റ്റിക് കവറിനകത്താക്കി കൊണ്ടുപോയി. ഞാനെന്നും ഷൂട്ടിന് പോകുമ്പോ ആ മണ്ണ് തൊട്ട് തലയില്‍ വെച്ചിട്ടാണ് പോയിരുന്നത്. അത് എന്റെ ആത്മീയ വ്യായാമമായിരുന്നു. ഒരു കലാകാരന് ഫിസിക്കല്‍ എക്‌സര്‍സൈസിനൊപ്പം തന്നെ ഇത്തരം ആത്മീയമായ വ്യായാമങ്ങളും ആവശ്യമാണ്. അപ്പോഴും എന്റെ ചോദ്യത്തിനുള്ള ഉത്തരമായിരുന്നില്ല അത്. ഇനിയും ചോദിച്ചാലും ഇതില്‍ കൂടുതല്‍ കിട്ടില്ലെന്നുറപ്പായിരുന്നു.

വിക്രം വേദ എന്ന തമിഴ് ചിത്രത്തില്‍ നിന്ന്

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രം ദക്ഷിണേന്ത്യന്‍ സിനിമാ മേഖലയിലേക്കുള്ള ഒരു വലിയ വാതായനമാണ് തുറന്നിട്ടിരിക്കുന്നത്. തമിഴിലും തെലുങ്കിലുമടക്കം നിരവധി അവസരങ്ങള്‍.. എന്തു തോന്നുന്നു?

തമിഴില്‍ തന്നെയാണ് ഇപ്പോ കൂടുതലായും ചെയ്തുകൊണ്ടിരിക്കുന്നത്. വിക്രം വേദ കഴിഞ്ഞു. മെര്‍സല്‍ ചെയ്തു. ഇനിയിപ്പൊ അടുത്ത മാസം റിലീസ് ചെയ്യാനിരിക്കുന്നത് ആണ്‍ദേവതൈ. സമുദ്രക്കനി നായകനായി ഞാന്‍ ഓപ്പോസിറ്റ് ചെയ്യുന്ന വളരെ രസകരമായൊരു ചിത്രമാണത്. വിശാലിന്റെ സണ്ടക്കോഴി സെക്കന്റ്, അതുപോലെ കുംകി സെക്കന്റ് വരുന്നു. പിന്നെ സൂര്യയുടെ സ്റ്റുഡിയോ ഗ്രീനിന്റെ പുതിയ പ്രോജക്ട്. അങ്ങനെ നിരവധി നല്ല ചിത്രങ്ങള്‍ വരാനുണ്ട്.

തമിഴിലെ മിക്ക താരങ്ങള്‍ക്കുമൊപ്പം അഭിനയിക്കാനുള്ള അവസരം ഇതിനകം തന്നെ ഹരീഷിന് ലഭിച്ചുകഴിഞ്ഞു. വിജയ്, വിക്രം, വിജയ് സേതുപതി, സമുദ്രക്കനി.. എങ്ങനെയായിരുന്നു അവര്‍ക്കൊപ്പമുള്ള അനുഭവങ്ങള്‍?

മലയാളത്തില്‍ നിന്നും വന്ന ഒരു നടന്‍ എന്ന നിലയില്‍ വലിയ പരിഗണനയാണ് തമിഴ് ഇന്‍ഡസ്ട്രിയില്‍ നിന്നും ലഭിക്കുന്നത്. മലയാളി താരങ്ങളോട് വല്ല്യ ബഹുമാനമാണവര്‍ക്ക്. വിജയ് അടക്കമുള്ള താരങ്ങള്‍ വലിയ നടന്‍ എന്നതിനൊപ്പം ഒരുപാട് അനുഭവസമ്പത്തുള്ള, ഒരുപാട് ആളുകളെ കണ്ടിട്ടുള്ള വലിയ വ്യക്തിയാണ്. അതുപോലെ വിക്രം.. മലയാളി ആയതുകൊണ്ടായിരിക്കാം, ഒരുപാട് സംസാരിക്കുകയും വല്ല്യ സ്‌നേഹം കാണിക്കുകയുമൊക്കെ ചെയ്തിരുന്നു. ദക്ഷിണേന്ത്യയിലെ താരതമ്യേന ചെറിയ ഇന്‍ഡസ്ട്രിയായിട്ട് പോലും മലയാളസിനിമയെ വളരെയേറെ നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യുന്നുണ്ട് അവര്‍. വളരെ നല്ല അനുഭവമായിരുന്നു തമിഴില്‍.

മെര്‍സലിന്റെ ഷൂട്ടിങ് സെറ്റില്‍ നടന്‍ വിജയിക്കൊപ്പം ഹരീഷ് പേരടി

ഞാനവസാനിപ്പിക്കുകയാണ്, ജീവിതത്തിന്റെ സിംഹഭാഗവും നാടകത്തെ നെഞ്ചിലേറ്റി നടക്കുകയും അതൊരു ദിനചര്യയാക്കി മാറ്റുകയും ചെയ്തിരുന്ന ഒരാളെന്ന നിലയിലാണ് വീണ്ടും ഞാന്‍ നാടകത്തിലേക്ക് തന്നെ പോകുന്നത്. സിനിമാപ്രവര്‍ത്തകര്‍ താരങ്ങളാവുകയും വല്ലാതെ ആഘോഷിക്കപ്പെടുകയും ചെയ്യുന്ന കാലത്ത് നാടകപ്രവര്‍ത്തകര്‍ക്ക് ഇന്നും സമൂഹത്തില്‍ വലിയ അവഗണനയാണ് നേരിടേണ്ടി വരുന്നതെന്ന ആക്ഷേപമുണ്ട്. സത്യവുമാണത്. ഇത് രണ്ടും അനുഭവിച്ചിട്ടുള്ള ആളെന്ന നിലയില്‍ താങ്കളുടെ നിരീക്ഷമെന്താണ്?

നാടകക്കാര്‍ അങ്ങനത്തെ സങ്കടുള്ള ആള്‍ക്കാരൊന്ന്വല്ലാന്നേ.. അവര് വളരെ കൃത്യമായി നാടകം ചെയ്യുന്നു. ഞങ്ങള് ഞങ്ങടെ പണിയെടുക്കുന്നു എന്ന് ചിന്തിക്കുന്ന ആള്‍ക്കാരാണ്. നാട്ടില് അതിഭീകരമായ നാടകങ്ങളൊക്കെ ഇറങ്ങുന്നുണ്ട്. പക്ഷേ അത് കാണാനുള്ള സാഹചര്യങ്ങളുണ്ടാവുന്നില്ല. അത് ഒരുക്കിക്കൊടുക്കുകയാണ് വേണ്ടത്. ഇപ്പൊ ഇറ്റ്‌ഫോക് പോലുള്ള നാടകമേള തൃശൂരില്‍ വര്‍ഷങ്ങളായി നടക്കുന്നു. എന്തുകൊണ്ട് തിരുവനന്തപുരത്ത് നടക്കുന്ന ചലച്ചിത്രമേളയുടെ പ്രാധാന്യം ഇറ്റ്‌ഫോക്കിന് കിട്ടുന്നില്ല? ഇത് രണ്ടും നടത്തുന്നത് ഒരേ സര്‍ക്കാരല്ലേ.. ഇത് രണ്ടിനും പബ്ലിസിറ്റി കൊടുക്കേണ്ടതും ഫണ്ട് ചെയ്യേണ്ടതും കേരള സര്‍ക്കാര്‍ തന്നെയാണ്. അത് ചെയ്യണം. അത് ചെയ്താല്‍ നല്ല മാറ്റമുണ്ടാകും. അല്‍പനേരത്തേക്കെങ്കിലും ഹരീഷ് പേരടി പഴയ നാടകക്കാരനായി മാറി. ഒരു ചോദ്യം കൂടിയെന്ന് പറഞ്ഞപ്പോള്‍ എത്ര ചോദ്യം വേണേലും ആവാമെന്ന് ചിരിച്ചുകൊണ്ട് മറുപടി. ഇല്ല ഇതുകൂടി ചോദിച്ച് ഞാന്‍ വിരമിക്കുകയാണ്.

നാടകം കളിച്ചുകൊണ്ടിരിക്കെയാണ് നാടകം മാറ്റിവെച്ച് സിനിമയിലെത്തുന്നത്. അതുപോലെ ഇനിയൊരു നല്ല നാടകം ഉണ്ടാകുമ്പോള്‍ സിനിമ മാറ്റിവെച്ച് നാടകത്തിലേക്ക് മടങ്ങാന്‍ തയ്യാറാകുമോ?

പറയാന്‍ പറ്റില്ല.. ഇപ്പോ സിനിമ ചെയ്യുന്നു, സിനിമയില്‍ തന്നെ സജീവമായി നില്‍ക്കുന്നു. അതേസമയം ഒരു നാടകം ഇപ്പൊ എന്റെ മനസിലുണ്ട്. അതിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നുണ്ട്. കുളൂര്‍ സാറിന്റെ സ്‌ക്രിപ്റ്റ് തന്നെ ചെയ്യണമെന്നാണ് വിചാരിക്കുന്നത്. പക്ഷേ അതിന് നല്ല സമയം വേണം. നമ്മളൊരു സിനിമ ചെയ്യുന്നത് പോലെ പെട്ടെന്ന് ചെയ്യാന്‍ പറ്റില്ല. ആളുകള്‍ സിനിമ മാറ്റിവെച്ച് നാടകം ചെയ്യുന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറട്ടേയെന്നു തന്നെയാണ് ഞാനും ആഗ്രഹിക്കുന്നത്. റിഹേഴ്‌സലില്‍ പോലും പേയ്‌മെന്റ് കൊടുക്കാന്‍ പറ്റണം നാടകക്കാര്‍ക്ക്. അങ്ങനെ നാടകം വളരട്ടെ.. നാടകം അങ്ങനെ റിച്ച് ആയി മാറട്ടെ.. നാടകക്കാരൊക്കെ എന്തിന് സിനിമ എന്ന് ചിന്തിക്കുന്ന ഘട്ടത്തിലേക്ക് എത്തിക്കഴിഞ്ഞാല്‍ അത് വേറെ ലെവലായിരിക്കും.

ഊണും ഉറക്കവുമില്ലാതെ, തിരികെയൊന്നും പ്രതീക്ഷിക്കാതെ ഓര്‍മ വെച്ച നാള്‍ മുതല്‍ നാടകത്തില്‍ ലയിച്ചു ചേര്‍ന്ന ഒരു വലിയ കലാകാരന്റെ പ്രാര്‍ത്ഥന കൂടിയാണത്. ആത്മാര്‍ത്ഥമായി ആശംസകള്‍ നേര്‍ന്ന് ഞാനിറങ്ങി. ഇറങ്ങാന്‍ നേരം പുറകീന്ന് വിളിച്ചുപറഞ്ഞു, കമലേഷേ ഇതിന്റെ ലിങ്ക് അയച്ചുതരാന്‍ മറക്കണ്ട.
ഇടം വലം നോക്കാതെ ചെയ്തിരിക്കും എന്ന് ഉച്ചത്തിലൊരുറപ്പും നല്‍കി ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ താളത്തില്‍ പുറത്തേക്ക്..

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top