Home app

കാട് കയറാതെ കൊമ്പന്മാര്‍ ; പൊറുതിമുട്ടി പ്രദേശവാസികള്‍ !

പാലക്കാട് ; കൊമ്പന്മാര്‍ രണ്ടു പേര്‍ക്കും നാട് വല്ലാതങ്ങ് ഇഷ്ടപ്പെട്ടു എന്നുതോന്നുന്നു.
ഇന്നേക്ക് ഇത് നാലാം ദിവസമാണ്, പുഴയിലും ചതുപ്പിലും കരയിലുമായി കളിച്ചും മദിച്ചും രണ്ടുപേരും നാട്ടിലിറങ്ങി മേയാന്‍ തുടങ്ങിയിട്ട്. ബോറടിച്ചു തുടങ്ങുമ്പോള്‍ ഒരു ട്രിപ്പ് പ്ലാന്‍ ചെയ്യുന്ന ചെറുപ്പക്കാരെപ്പോലെ രണ്ടു പേരും നാടിന്റെ സുഖം ആവോളം ആസ്വദിക്കുകയാണ്. എന്നാല്‍ ഇവന്മാരെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുന്നത് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും പ്രദേശവാസികള്‍ക്കുമാണ്. കൊമ്പന്മാര്‍ക്ക് ഇപ്പോഴൊന്നും തിരിച്ച് കാടുകയറാന്‍ യാതൊരു ഉദ്ദേശവുമില്ലെന്ന് തോന്നുന്നു. ഏറെ പരിശ്രമിച്ചിട്ടും വനമേഖലയിലേക്ക് മടങ്ങാതെ ജനവാസ കേന്ദ്രങ്ങളില്‍ ചുറ്റിത്തിരിഞ്ഞ് പരിഭ്രാന്തി പടര്‍ത്തുകയാണ് രണ്ട് പേരും.

വെള്ളിയാഴ്ച രാത്രിയില്‍ അകലൂര്‍ ജനവാസ മേഖലക്ക് സമീപം തമ്പടിച്ച കാട്ടാനകള്‍ ശനിയാഴ്ച പുലര്‍ച്ച വീണ്ടും ജനവാസ മേഖലയിലെത്തിയതോടെ മുള്‍മുനയിലാണ് ജനങ്ങള്‍. ശനിയാഴ്ച പുലര്‍ച്ച അകലൂര്‍ വഴി മൗണ്ട് സീന, നഗരിപുറം, പെരടിക്കുന്ന് ചേറുമ്പാല കൊട്ടക്കുന്ന് വഴി അപ്പക്കാട് മലയിലെത്തിയാണ് ആനകള്‍ തമ്പടിച്ചത്. ജനങ്ങളുടെ ഭീതിവെറുതെയല്ലെന്ന് ഇവരുടെ വഴി നോക്കിയാല്‍ അറിയാം. രണ്ടുപേരും ചേര്‍ന്ന് ചെറിയ കുരുത്തക്കേടുകളൊക്കെ ഒപ്പിച്ചു വയ്ക്കുന്നുണ്ട്. വരുന്നവഴി അകലൂര്‍ ദേശത്തെ പുരുഷോത്തമന്‍ വാര്യരുടെ വീടിന്റെ മതില്‍ തകര്‍ത്തു. രാത്രി രണ്ടരയോടെ സംസ്ഥാനപാത മുറിച്ചുകടന്ന ആനകള്‍ ജനവാസ മേഖലയിലൂടെയായിരുന്നു പുലരും വരെ യാത്ര. ചേറുമ്പാലയിലെത്തിയ ആനകള്‍ സുകുമാരന്‍, സെയ്ത് മുഹമ്മദ് എന്നിവരുടെ വീടിന് മുന്നിലെ കമ്പിവേലി തകര്‍ത്തു. കപ്പ, വാഴ എന്നിവയും നശിപ്പിച്ചു. ആനയിറങ്ങിയതറിഞ്ഞ് രാവിലെ മുതല്‍തന്നെ പലരും പുറത്തിറങ്ങിയില്ല. രാവിലെ എട്ടരയോടെയാണ് ആന നാട്ടില്‍ത്തന്നെയുണ്ടെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചത്.

പടക്കം പൊട്ടിച്ച് ആനകളെ തുരത്തുന്നതിനിടെ രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു. ശനിയാഴ്ച വൈകീട്ടും പടക്കം പൊട്ടിച്ച് ആനകളെ തുരത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കാഞ്ഞിരംപാറ പറയംകാട് വഴി കല്ലൂര്‍ അയ്യര്‍മലയിലേക്ക് കടത്തിവിടാനായിരുന്നു ശ്രമം. പക്ഷേ, ഒരു മണിക്കൂറോളം മലയുടെ മുകളിലൂടെ തുരത്തി എത്തിച്ച ആനകള്‍ വീണ്ടും തിരിഞ്ഞ് കൊട്ടക്കുന്നിലെ ജനവാസ മേഖലയിലൂടെ തലങ്ങും വിലങ്ങും ഓടിയതോടെ വനപാലകരും പൊലീസും ജനവും ആനകളെ പിന്തുടര്‍ന്നു. കൊട്ടക്കുന്ന്, പടിപ്പുരക്കാട് പള്ളികളിലെ ഉച്ചഭാഷിണികളിലൂടെ അടിക്കടി ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. വാഹനത്തില്‍ മൈക്ക് കെട്ടിയും മുന്നറിയിപ്പ് നല്‍കി. പാലക്കാട് ഡി.എഫ്.ഒയുടെ നേതൃത്വത്തിലുള്ള പ്രത്യേക ദൗത്യസംഘം ആനകളെ പിന്തുടരുന്നുണ്ട്. വയനാട്ടില്‍ നിന്നുള്ള കാട്ടാന വിദഗ്ധരും സംഘത്തെ അനുഗമിക്കുന്നുണ്ട്.

തൃശ്ശൂര്‍-പാലക്കാട് അതിര്‍ത്തി മേഖലയില്‍ വീണ്ടും കാട്ടാനകള്‍. പാലക്കാട് ധോണി വനത്തില്‍ നിന്നും വന്ന രണ്ട് കാട്ടാനകളാണ് ഭാരതപ്പുഴ കടന്ന് തൃശ്ശൂരിലെത്തിയത്. കഴിഞ്ഞ വര്‍ഷവും ഇതേവഴിയിലൂടെ മൂന്നാനകള്‍ 70 കിലോമീറ്റര്‍ സഞ്ചരിച്ച് ഇവിടെ എത്തിയിരുന്നു. അവ തന്നെയാണോ ഇക്കുറിയും എത്തിയതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്. എട്ടുമാസം മുന്‍പും ഇതേമേഖലയില്‍ കാട്ടാനകള്‍ നാട് കാണനെത്തിയിരുന്നു. മൂന്ന് കൊമ്പന്‍മാരുടെ സംഘമാണ് അന്ന് തൃശ്ശൂര്‍-പാലക്കാട് അതിര്‍ത്തി മേഖലയിലൂടെ അധികൃതര്‍ക്ക് തലവേദനയായി സഞ്ചരിച്ചത്. ഭാരതപ്പുഴയിലൂടേയും ദേശീയപാതയിലൂടേയും തലങ്ങും വിലങ്ങും ഓടിനടന്ന കൊമ്പന്‍മാരെ മയക്കുവെടി വയ്ക്കാന്‍ വരെ ഒരു ഘട്ടത്തില്‍ ആലോചിച്ചെങ്കിലും ഒടുവില്‍ കാടുകയറ്റി വിടുകയായിരുന്നു.

ആനക്കൂട്ടത്തില്‍ നിന്നും പുറത്തു പോയ ചെറുപ്പക്കാരായ ആനകളാണ് ഇങ്ങനെ കാടുവിട്ട് നടക്കുന്നതെന്നാണ് വന്യജീവി വിദഗ്ദ്ധര്‍ പറയുന്നത്. എന്തായാലും കൂസലില്ലാതെ ഉല്ലസിച്ച് കറങ്ങി നടക്കുന്ന കൊമ്പന്മാരെ ഉടന്‍ കാട് കയറ്റിയില്ലെങ്കില്‍ സമാധാനക്കേട് നാട്ടുകാര്‍ക്കാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top