Health

ഇന്ന് ലോക ക്ഷയരോഗദിനം: 2020ഓടെ കേരളം ക്ഷയരോഗവിമുക്തമാകും

ഇന്ന് ലോക ക്ഷയരോഗദിനം. ലോകത്തെ ഒന്നാം കിട കൊലയാളിയായി ഇന്നും നിലനില്‍ക്കുന്ന ക്ഷയരോഗത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധമുണ്ടാക്കാന്‍ 1992 മുതല്‍ ലോകാരോഗ്യ സംഘടന ഈ ദിനം ആചരിക്കുന്നു. ‘ക്ഷയവിമുക്ത ലോകത്തിനായി പ്രവര്‍ത്തിക്കുന്ന നേതാക്കളെ വാര്‍ത്തെടുക്കുക’ എന്നതാണ് ഈ വര്‍ഷത്തെ മുദ്രാവാക്യം. ക്ഷയരോഗത്തിനെതിരെ ലോകമെങ്ങും പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഇന്നും തുടരുകയാണ്. എന്നാല്‍ രോഗത്തെ പൂര്‍ണ്ണമായും നിര്‍മാര്‍ജ്ജനം ചെയ്യാന്‍ ഇതുവരെ സാധിച്ചിട്ടില്ല.

1882 മാര്‍ച്ച് 24ന് പ്രമുഖ ജര്‍മ്മന്‍ ശാസ്ത്രഞ്ജന്‍ സര്‍ റോബര്‍ട്ട് കോക്കിന്റെ നേതൃത്വത്തിലാണ് ക്ഷയരോഗത്തിന് കാരണമായ മൈകോബാക്ടീരിയം ട്യൂബര്‍ക്കുലോസിസ് എന്ന ബാക്ടീരിയകളെ കണ്ടെത്തുന്നത്. ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ പ്രകാരം ലോകത്തെ ക്ഷയരോഗികളില്‍ 24 ശതമാനവും ഇന്ത്യയിലാണ്. ലോകത്തെ അറുപത് ശതമാനം ക്ഷയരോഗികളുള്ള ആറുരാജ്യങ്ങളില്‍ ഒന്നാം സ്ഥാനവും ഇന്ത്യക്കാണ്. പ്രതിവര്‍ഷം നാല് ലക്ഷത്തോളം പേരാണ് ഇന്ത്യയില്‍ മാത്രം ക്ഷയരോഗം ബാധിച്ച് മരണപ്പെടുന്നത്.

ലോകത്തെ ക്ഷയരോഗികളുടെ എണ്ണം 2010 ആകുമ്പോഴേക്കും 50 ശതമാനത്തോളം കുറയ്ക്കണമെന്ന് 2000 ല്‍ ചേര്‍ന്ന ജി- 8 രാജ്യങ്ങളുടെ സമ്മേളനം ലക്ഷ്യമിട്ടിരുന്നെങ്കിലും ഈ ലക്ഷ്യം നേടാന്‍ കഴിഞ്ഞിട്ടില്ല. അമ്പതുവര്‍ഷത്തിലേറെയായി ക്ഷയരോഗത്തിനു ഫലപ്രദമായ മരുന്നും വാക്‌സിനും ലഭ്യമാണ്. എന്നാല്‍ ഇവയൊന്നും പൂര്‍ണ്ണമായും ഫലപ്രദമാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് മാത്രമല്ല ലോക ജനസംഖ്യയില്‍ മൂന്നില്‍ ഒരാള്‍ ക്ഷയരോഗാണുബാധിതനാണ് എന്നതാണ് യാഥാര്‍ത്ഥ്യം.

അതേസമയം കേരളത്തിലാണ് ക്ഷയരോഗം ഏറ്റവും കുറവ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കേരളത്തില്‍ ക്ഷയരോഗബാധിതരുടെ എണ്ണം വര്‍ഷം തോറും നാലുശതമാനം വീതം കുറയുന്നുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറയുന്നു. സന്നദ്ധപ്രവര്‍ത്തകര്‍ ഓരോ വീടുകളിലുമെത്തി ക്ഷയരോഗത്തെപ്പറ്റി അവബോധം നല്‍കുമെന്നും 2020ല്‍ തന്നെ ക്ഷയരോഗം നിയന്ത്രിക്കാനാകുമെന്നും മന്ത്രി പറയുന്നു. 2025നകം ക്ഷയരോഗം നിയന്ത്രിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് രാജ്യത്ത് നടക്കുന്നത്.

ശ്വാസകോശത്തില്‍ ടി ബി ബാക്റ്റീരിയ ഉള്ളവര്‍ ചുമക്കുമ്പോഴും തുപ്പുമ്പോഴുമെല്ലാം രോഗാണു അടങ്ങിയ കണങ്ങള്‍ അന്തരീക്ഷത്തില്‍ വ്യാപിച്ച് അന്യരിലേക്ക് രോഗം പടരാാന്‍ കാരണമാകുന്നു. പ്രതിരോധ ശക്തി കുറഞ്ഞവര്‍, മദ്യപാനികള്‍,പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍,പ്രമേഹം,എച്ച്ഐവി രോഗികള്‍ തുടങ്ങിയവരെയാണ് പ്രധാനമായും ക്ഷയരോഗം കീഴ്‌പ്പെടുത്തുന്നത്. മിക്ക എച്ച്.ഐ. വി ബാധിതരും മരണമടയുന്നത് പോലും ക്ഷയരോഗം ബാധിച്ചാണ്. എച്ച്.ഐ.വി ബാധിതരായ ക്ഷയരോഗികളില്‍ കൂടുതലും ആഫ്രിക്കയിലും ഏഷ്യയിലുമാണ്. രണ്ടാഴ്ച്ച നിര്‍ത്താത്ത ചുമ, ചുമച്ച് രക്തം തുപ്പുക, തുടര്‍ച്ചയായ പനി, ശരീരം മെലിയല്‍ തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങള്‍.

 പോഷകാഹാരത്തിന്റെ കുറവാണ് കുട്ടികളിലെ ക്ഷയരോഗത്തിന് കാരണമാകുന്നത്. ക്ഷയരോഗം തടയാന്‍ കുട്ടികള്‍ക്ക് പ്രതിരോധക്കുത്തിവയ്പ്പ് നടത്തുകയെന്നത് പ്രധാനമാണ്. ഒപ്പം ചിട്ടയായ ഭക്ഷണക്രമത്തോടൊപ്പം ഭക്ഷണത്തില്‍ വിറ്റാമിനും പ്രോട്ടീനും ഉള്‍പ്പെടുത്തുകയെന്നതും ക്ഷയരോഗത്തെ തടയാനുള്ള മാര്‍ഗങ്ങളാണ്.
രണ്ട് വിധത്തില്‍ കഫം പരിശോധിച്ച് രോഗികളെ തരം തിരിച്ചാണ് ചികിത്സ നല്‍കുന്നത്. ലോകരാജ്യങ്ങളില്‍ ഏറെ പ്രചാരത്തിലുള്ള ഡോട്ട് ചികിത്സ വഴി ക്ഷയരോഗം ഒരു പരിധിവരെ നിയന്ത്രിക്കാന്‍ കഴിയും. എന്നാല്‍ രോഗം അല്പമൊന്നു ശമിക്കുമ്പോള്‍ തന്നെ ചികിത്സ ഇടയ്ക്ക് വെച്ച് നിര്‍ത്തിയാല്‍ ഇത് കൂടുതല്‍ പ്രതിസന്ധികള്‍ക്ക് ഇടനല്‍കും. പകുതിയില്‍ വെച്ച് ചികിത്സ മതിയാക്കുമ്പോള്‍ രോഗി കഴിച്ച മരുന്നിനെ അതിജീവിക്കുന്ന രോഗാണു പൂര്‍വാധികം ശക്തിയോടെ തിരിച്ചു വരും. ക്ഷയരോഗത്തിന് ചികില്‍സ തേടുന്നതില്‍ ആളുകള്‍ കാണിക്കുന്ന ഇത്തരം വൈമനസ്യങ്ങളും ക്ഷയരോഗ നിര്‍മാര്‍ജനത്തിന് കനത്ത തിരിച്ചടിയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2018 KCBL. Developed by Addoc

To Top