Business

സാധാരണക്കാര്‍ക്ക് ഉപയോഗയോഗ്യമായ ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമുള്ള പ്രദേശമായി കേരളം മാറണം: എസ്.ഡി.ഷിബുലാല്‍

കൊച്ചി: സാങ്കേതികവിദ്യ ഉയരങ്ങള്‍ കീഴടക്കുമ്പോള്‍ സമ്പൂര്‍ണമായും കറന്‍സി രഹിതമായ, നിരത്തുകളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ മാത്രം സഞ്ചരിക്കുകയും ചെയ്യുന്ന കേരളത്തെയാണ് ഉറ്റുനോക്കുന്നതെന്ന് സംസ്ഥാന ഐടി ഉന്നതാധികാര സമിതി(എച്ച്പിഐസി) അധ്യക്ഷന്‍ എസ്.ഡി.ഷിബുലാല്‍.

കേരളത്തിന്റെ പ്രഥമ ആഗോള ഡിജിറ്റല്‍ ഉച്ചകോടി ഹാഷ് ഫ്യൂച്ചറില്‍ ‘സാങ്കേതികവിദ്യാ ഭേദനവും ഉള്‍പ്പെടുത്തലും’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയിലാണ് കേരളത്തിന്റെ വികസന വളര്‍ച്ചയെക്കുറിച്ചുള്ള അദ്ദഹത്തിന്റെ കാഴ്ചപ്പാട് പങ്കുവച്ചത്. സാങ്കേതിക വിദ്യ അതിവേഗം മാറിമറിയുമ്പോള്‍ മാലിന്യനിക്ഷേപം പൂജ്യത്തിലെത്തുകയും കാര്‍ബണ്‍ നിഷ്പക്ഷ അന്തരീക്ഷം സൃഷ്ടിക്കപ്പെടുകയും ചെയ്യും. മാലിന്യനിക്ഷേപത്തിലൂടെ ജലസ്രോതസ്സുകള്‍ മലിനപ്പെടുത്താതിരിക്കാന്‍ സാങ്കേതികവിദ്യാ വളര്‍ച്ചയ്ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും ഡിജിറ്റല്‍ വികസനമുള്ള പ്രദേശത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ കേരളം ലോകത്തിന്റെ മനസ്സിലെത്തണമെന്ന സ്വപ്നമാണ് ഡോവര്‍ കോര്‍പറേഷന്‍ ഗ്ലോബല്‍ സിഐഒ ശ്രീ. ഡിനു ജോണ്‍ പാറേല്‍ പങ്കുവച്ചത്. ഇന്ത്യയായിരിക്കണം ലോകത്ത് ഏറ്റവും ഡിജിറ്റല്‍ വികസനമുള്ള രാജ്യമെന്നും ഡിനു ജോണ്‍ പറഞ്ഞു.

ഇലക്ട്രിക് വാഹനം മാത്രമുള്ള കേരളം സൃഷ്ടിക്കപ്പെടണമെങ്കില്‍ സര്‍ക്കാര്‍ നയങ്ങള്‍ അതനുസരിച്ച് മാറേണ്ടതുണ്ടെന്ന് ഓക്ക് റിജ് നാഷനല്‍ ലബോറട്ടറി ഡയറക്ടര്‍ ഡോ.തോമസ് സക്കറിയ പറഞ്ഞു. കാര്‍ബണ്‍ മലിനീകരണം മൂലമുണ്ടാകുന്ന കാലവസ്ഥാ വ്യതിയാനങ്ങള്‍ക്ക് ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമാകും പരിഹാരമെന്നും തോമസ് സക്കറിയ ചൂണ്ടിക്കാട്ടി.

ഗ്രാമനഗര വ്യത്യാസം വളരെക്കുറവുള്ള കേരളത്തില്‍ സ്മാര്‍ട് സിറ്റികള്‍ മാത്രമല്ല സ്മാര്‍ട് ഗ്രാമങ്ങളുമുണ്ടാകണമെന്ന് സിസ്‌കോ സിസ്റ്റംസ് എംഡി ഹരീഷ് കൃഷ്ണന്‍ പറഞ്ഞു. നൂറുകണക്കിന് സ്മാര്‍ട് ഗ്രാമങ്ങള്‍ സാങ്കേതിക വിദ്യ വളരുമ്പോള്‍ കേരളത്തിലുണ്ടാകണം.

നഗരങ്ങള്‍ക്കു തുല്യമായ ഉന്നതപഠനസൗകര്യം ഗ്രാമങ്ങളിലുമുണ്ടാക്കാന്‍ സാങ്കേതിക വളര്‍ച്ചയ്ക്കു കഴിയണമെന്നും ഹരീഷ് കൃഷ്ണന്‍ പറഞ്ഞു. കേരളം തന്നെ ഒറ്റ സ്മാര്‍ട് നഗരമാകണമെന്നാണ് ഫ്‌ളിക്‌സിറ്റ് ഗ്രൂപ്പ് സിഇഒ വിനോദ് വാസുദേവന്‍ പറഞ്ഞു. വാഹനങ്ങളുടെ കാര്യത്തിലുള്‍പ്പെടെ ഉടമസ്ഥതയെക്കാള്‍ ഉപയുക്തതയ്ക്കാവണം മുന്‍ഗണനയെന്നും അദ്ദേഹം പറഞ്ഞു.

കറന്‍സിരഹിത, കാര്‍ബണ്‍ നിഷ്പക്ഷ ഭാവിക്കായി എല്ലായ്‌പ്പോഴും നിരീക്ഷണവും പരിശോധനയും അത്യാവശ്യമാണെന്നും വര്‍ഷം തോറും ഇവയുടെ അവലോകനത്തിനായി ഹാക്കത്തണ്‍ പോലെയുള്ള മാര്‍ഗങ്ങള്‍ ആലോചിക്കണമെന്നും ഇന്‍സീഡ് പ്രഫസര്‍ സുബ്രഹ്മണ്യന്‍ രംഗന്‍ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യ കണ്‍സല്‍ട്ടിങ് എഡിറ്റര്‍ സാഗരിക ഘോഷ് ചര്‍ച്ച നിയന്ത്രിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top