Business

ഇവിടെ എല്ലാം നാച്ചുറല്‍…

നിമിഷ മോഹനന്‍                     SUNDAY FEATURE

സൂപ്പര്‍ മാര്‍ക്കറ്റില്‍ കണ്ട ചെറിയൊരു പുഴുക്കുത്ത് ഉള്ള തക്കാളിയോ മറ്റേതെങ്കിലും പച്ചക്കറിയോ വീട്ടിലേക്ക് വാങ്ങുമോ നിങ്ങള്‍ ?

അഞ്ചോ ഏഴോ ദിവസം എക്‌സ്പയറി ഡേറ്റ് പറയുന്ന പാക്കറ്റ് ബ്രഡ് രണ്ടാഴ്ച കഴിഞ്ഞാലും ഒന്ന് ചൂടാക്കിയാല്‍ വലിയ രുചി വ്യത്യാസമില്ലാതെ കഴിക്കാന്‍ സാധിക്കുന്നതെങ്ങനെയെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ നിങ്ങള്‍ ?

പാക്കറ്റ് പൊട്ടിച്ച പാല്‍ സ്വാഭാവിക അന്തരീക്ഷത്തില്‍ തുറന്നുവച്ചാല്‍ പോലും രണ്ടോ മൂന്നോ ദിവസം കേടാകാതെയിരിക്കുന്നത് എന്തുകൊണ്ടെന്ന് ഓര്‍ത്തിട്ടുണ്ടോ നിങ്ങള്‍ ?

ആരോഗ്യകാര്യങ്ങളില്‍ ഇത്രയേറെ ശ്രദ്ധിക്കുന്നവരായിട്ടും മലയാളികള്‍ എന്തേ പാക്കിംഗ് കവറിലെ പ്രൈസ് ടാഗ് മാത്രം നോക്കി സാധനങ്ങള്‍ വാങ്ങിക്കുന്നത് ?

ചോദ്യങ്ങള്‍ എന്റേതല്ല, ജീമോള്‍ കോരുത് എന്ന യുവ സംരഭകയുടേതാണ്. നാച്ചുറല്‍ ബ്രഡുകളും കൂക്കീസുകളും കേക്കുകളും നിര്‍മിച്ച് വിപണനം ചെയ്യുന്ന എറണാകുളത്തെ ഈവാസ് ഹെല്‍ത്തി ബേക്ക്‌സ് എന്ന കമ്പനിയുടെ ഉടമയാണ് ജീമോള്‍.  ”ഏയ് അങ്ങനെയല്ല, എന്റര്‍പ്രണര്‍ എന്ന് എന്നെ വിളിക്കരുത്. ലാഭം മാത്രം ലക്ഷ്യമാക്കി പണമിറക്കി ബിസിനസ് ചെയ്യുന്ന ഒരാളല്ല ഞാന്‍”.ചോദിക്കുംമുമ്പേ ജീമോള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു തുടങ്ങി.

രാവിലെ ഇളംകുളത്തെ ഈവാസ് ഹെല്‍ത്തി ബേക്ക്‌സിന്റെ നിര്‍മാണ യൂണിറ്റിലെത്തിയപ്പോള്‍ ജീമോള്‍ അവിടെയുണ്ടായിരുന്നില്ല. കുറച്ചു സമയത്തെ കാത്തിരിപ്പിന് ശേഷം വൈകിപ്പോയതിന്റെ ക്ഷമാപണത്തോടൊപ്പം ഓടിക്കിതച്ച് ആളെത്തി. മോള്‍ക്ക് സുഖമില്ലായിരുന്നു. അതാണ് സമയത്ത് ഇറങ്ങാന്‍ സാധിക്കാതിരുന്നത്. ഒരമ്മയുടെ ആധി ജീമോളുടെ മുഖത്ത് നിഴലിച്ചു. മകളെ ഓര്‍ത്തുള്ള അമ്മയുടെ ആ ആധിയാണ് ജീമോള്‍ കോരുത് എന്ന ഇന്നത്തെ ബിനിസസ് സംരഭകയുടെ ജനനത്തിന് കാരണം.

” പറഞ്ഞു തുടങ്ങേണ്ടതും അവിടെ നിന്നാണ്. അമ്മയായതു മുതലാണ് മകള്‍ക്ക് നല്‍കേണ്ട ഭക്ഷണങ്ങളെപ്പറ്റി ഞാന്‍ ശ്രദ്ധാലുവാകുന്നത്. കടകളില്‍ നിന്ന് വാങ്ങുന്ന ഭക്ഷണപദാര്‍ഥങ്ങളില്‍ എന്തൊക്കെയാണ് അടങ്ങിയിരിക്കുന്നത് എന്ന് ഒരു ഐഡിയയും ഇല്ലായിരുന്നു. പാക്കിംഗ് കവറിലെ ഡിസ്‌ക്രിപ്ഷന്‍ വായിക്കാന്‍ തുടങ്ങിയതിന് ശേഷമാണ് ഭൂരിഭാഗം ആഹാര പദാര്‍ഥങ്ങളിലും നമ്മുടെ ശരീരത്തിന് ഹാനികരമായ ചേരുവകള്‍ ധാരാളമായി ഉപയോഗിക്കുന്നുവെന്ന് മനസ്സിലാക്കുന്നത്. അതോടെ കുഞ്ഞിനുള്ള കുറുക്കും ഭക്ഷണവുമൊക്കെ വീട്ടില്‍തന്നെ തയ്യാറാക്കാന്‍ തുടങ്ങി. അവള്‍ക്ക് വേണ്ടിയുള്ള ഭക്ഷണത്തിനായി ഉപയോഗിക്കുന്ന ചേരുവകള്‍ തിരഞ്ഞെടുത്തിരുന്നത് പോലും അത്രയും സൂക്ഷ്മതയോടെയായിരുന്നു. അങ്ങനെ മകള്‍ക്കുള്ള ഭക്ഷണം എന്നതാണ് പിന്നീട് ഹെല്‍ത്തി ഫുഡ്‌സ് എന്ന കണ്‍സെപ്റ്റിലേക്ക് എത്തുന്നത്. ആരോഗ്യം കളഞ്ഞ് പിന്നെന്തൊക്കെ നേടിയാലും എന്ത് കാര്യം ..? ” ജീമോള്‍ പറയുന്നു.

ജീമോള്‍ കൊരുത്

” മകള്‍ കാരണമാണ് ഇങ്ങനൊരു ചിന്ത വന്നത് എന്ന് പറഞ്ഞല്ലോ, രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ കെട്ടിടത്തില്‍ ഇത്തരത്തില്‍ ഒരു ചെറിയ നിര്‍മാണ യൂണിറ്റ് ആരംഭിച്ചതുപോലും കുടുംബത്തിന്റെ പൂര്‍ണ പിന്തുണ ഒന്നുകൊണ്ട് മാത്രമാണ്. ഹസ്ബന്റ് ഫുള്‍ സപ്പോര്‍ട്ടാണ്, കുടുംബവും. അവര്‍ എന്റെ കൂടെ ഇല്ലായിരുന്നെങ്കില്‍ ഇങ്ങനെ ഒരു അഭിമുഖം തരാന്‍ ഞാന്‍ ഉണ്ടാവില്ലായിരുന്നു. അതുപോലെ തന്നെയാണ് എനിക്ക് തിരിച്ച് അവരോടും. തീര്‍ത്തും നാച്ചുറല്‍ ആയ ചേരുവകള്‍ ഉപയോഗിച്ച് ശരീരത്തിന് ഒരു തരത്തിലും ദോഷകരമല്ലാത്ത ആഹാര പദാര്‍ഥങ്ങള്‍ നിര്‍മിക്കുക എന്നതാണ് എനിക്ക് അവര്‍ക്ക് തിരിച്ച് നല്‍കുവാന്‍ സാധിക്കുന്നത്. എന്റെ ഈ സംരഭത്തില്‍ നിന്നും വലിയ സാമ്പത്തിക നേട്ടം അവരും ആഗ്രഹിക്കുന്നില്ല. പുറത്ത് ഏതെങ്കിലും ചടങ്ങുകളില്‍ ഒക്കെ പങ്കെടുക്കുമ്പോള്‍ മരുമോളുടെ ബ്രഡ് കഴിച്ചിരുന്നു, വളരെ നന്നായിട്ടുണ്ട് എന്ന് എപ്പോഴും ആരെങ്കിലുമൊക്കെ റോഷന്റെ മാതാപിതാക്കളോട് പറയാറുണ്ട്. അതാണ് എനിക്ക് അവര്‍ക്ക് നല്‍കാവുന്ന സന്തോഷം. അവരും അതാണ് പ്രതീക്ഷിക്കുന്നതും. ഇപ്പോഴുള്ള സല്‍പ്പേര് ആരും ഒരിക്കലും മാറ്റി പറയാന്‍ ഇടവരുത്തരുത് എന്ന് മാത്രമാണ് അവരുടെ ഏക ആവശ്യം. ഭര്‍ത്താവ് റോഷനും ബിസിനസ് ഫീല്‍ഡിലാണ്. ഇവിടുത്തെ ബിസിനസ് കാര്യങ്ങളില്‍ നേരിട്ട് ഇടപെടാറില്ലെങ്കിലും എല്ലാ മാര്‍ഗനിര്‍ദേശങ്ങളും തരും. പൂര്‍ണ പിന്തുണയോടെ കൂടെയുണ്ട് റോഷന്‍.”

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ബിരുദധാരിയായ, ഫാഷന്‍ ഡിസൈനിംഗ് പഠിച്ച ഒരാള്‍ക്ക് അടുക്കളയോടും ഭക്ഷണത്തോടും എങ്ങനെ താത്പര്യം തോന്നി എന്ന ചോദ്യത്തിന് മുഖത്തെ ആ വട്ടക്കണ്ണട മാറ്റി ഉറക്കെയൊരു ചിരിയായിരുന്നു പെട്ടെന്ന് കിട്ടിയ മറുപടി. ചിരി നിര്‍ത്തി പറഞ്ഞു തുടങ്ങിയത് പഴയൊരു തറവാടിന്റെ കഥയാണ്. സിനിമകളില്‍ കാണുന്നപോലെ കൂട്ടുകുടുംബങ്ങളൊക്കെയുള്ള ഉശിരനൊരു തറവാടിന്റെ കഥ.
”ആലുവയിലെ വടക്കുഞ്ചേരിയാണ് എന്റെ തറവാട്. തറവാട്ടിലെ ദൈനംദിന കാര്യങ്ങളെല്ലാം കൃഷിയോടും ധാന്യങ്ങളോടുമൊക്കെയായി ബന്ധപ്പെട്ട് കിടക്കുന്നവയായിരുന്നു. അന്ന് വീട്ടില്‍ അപ്പന് ധാന്യങ്ങള്‍ പൊടിക്കുന്ന മില്‍ ഒക്കെയുണ്ടായിരുന്നു. ലോറിക്കണക്കിനാണ് നെല്ല് തറവാട്ടിലേക്ക് കൊണ്ടുവന്നിരുന്നത്. ഹൊ അതൊക്ക കിടിലന്‍ ഫീലായിരുന്നെന്നേ…വലിയ ചെമ്പില്‍ നെല്ല് പുഴുങ്ങി തഴപ്പായയിലേക്ക് വാര്‍ക്കുമ്പോള്‍ ഒരു മണം ഇങ്ങ് വരും… എന്റെ സാറേ പിന്നെ ചുറ്റുമുള്ളതൊന്നും അറിയാമ്പറ്റൂലാ…ഹിറ്റ് സിനിമാ ഡയലോഗ് തുറന്ന വിട്ട ചിരിയൊഴുക്കിനൊപ്പം ജീമോള്‍ ഒരുനിമിഷം പഴയ നൊസ്റ്റാള്‍ജിയകളെ തൊട്ടുവന്നു…ധാന്യങ്ങളോടുള്ള ഇഷ്ടം വഴിയില്‍ നിന്ന് കിട്ടിയതല്ല, അന്നേ രക്തത്തിലുണ്ടായിരുന്നിരിക്കണം. പ്രകൃതിയോടിണങ്ങി നില്‍ക്കുന്ന നല്ല ഭക്ഷണങ്ങളുടെയും ജീവിതത്തിന്റേയും ആദ്യപാഠങ്ങള്‍ ലഭിച്ചതും ആ തറവാട്ടുമുറ്റത്ത് നിന്നുതന്നെ.”

പറഞ്ഞുനിര്‍ത്തിയപ്പോളേക്കും ജീമോളുടെ ഫോണ്‍ റിംഗ് ചെയ്തു. അഭിമുഖം തടസ്സപ്പെടുത്തുന്നതില്‍ ക്ഷമ ചോദിച്ച് ഫോണെടുത്തു. ഒന്നോ രണ്ടോ മിനിട്ടുകള്‍ക്കുള്ളില്‍ തിരിച്ചെത്തി. ”സുഹൃത്താണ് വിളിച്ചത്. ഞാന്‍ ഇന്നലെ സ്‌കൂളില്‍ ക്ലാസെടുക്കാന്‍ പോയിരുന്നു. കൃത്രിമമില്ലാത്ത ആരോഗ്യ ഭക്ഷണത്തെക്കുറിച്ച്. അതിനെപ്പറ്റി അന്വേഷിക്കാന്‍ വിളിച്ചതാ. ഇടയ്ക്ക് ഇങ്ങനെ കുട്ടികള്‍ക്ക് ക്ലാസെടുക്കാന്‍ പോകാറുണ്ട്. അവരെയല്ലേ ഇതൊക്കെ പഠിപ്പിക്കേണ്ടത്. ചിലപ്പോള്‍ ഇവിടെ തന്നെയായിരിക്കും ക്ലാസ് സംഘടിപ്പിക്കുക. നല്ല രസമാണ് റോള്‍ പ്ലേ ഒക്കെ കളിച്ചാണ് മായങ്ങളില്ലാത്ത ഭക്ഷണത്തിന്റെ ഗുണങ്ങളെപ്പറ്റി അവര്‍ക്ക് പറഞ്ഞു കൊടുക്കുക. ബഹുരസമാണ്. കുഞ്ഞിലേ അവര്‍ക്ക് ചെറുതായെങ്കിലും ഈ കാര്യങ്ങളൊക്കെ പകര്‍ന്നു കൊടുക്കാന്‍ സാധിക്കുന്നുണ്ടല്ലോ എന്ന സന്തോഷം വേറെയും. കുട്ടികള്‍ക്ക് മാത്രമല്ല കേട്ടോ ബേക്കിംഗ് പഠിക്കാന്‍ ആഗ്രഹിച്ചു വരുന്ന എല്ലാവര്‍ക്കും ഹെല്‍ത്തി ബേക്കിംഗ് ക്ലാസുകള്‍ കൊടുക്കാറുണ്ട്. ആഴ്ചയില്‍ ഒരു ദിവസം ഇവിടെ വച്ചുതന്നെയാണ് ക്ലാസ് നടത്തുക.

ബേക്കിംഗ് യൂണിറ്റില്‍ കുറച്ചു ജീവനക്കാരേയുള്ളൂ. മാവ് കുഴയ്ക്കുന്നതും ചേരുവ ചേര്‍ക്കുന്നതും ഓവനില്‍ കയറ്റുന്നതിലും സജീവമായി തന്നെ ജീമോള്‍ മുന്നിലുണ്ട്. ഞാന്‍ എന്റെ കൈ കൊണ്ട് തയ്യാറാക്കുന്നതല്ലേ. എനിക്ക് എന്റെ കുഞ്ഞുങ്ങളെപ്പോലെയാണ് ഈ ബ്രഡുകളും കുക്കീസുകളുമൊക്കെ. അത്രയേറെ ശ്രദ്ധിച്ചും സൂക്ഷിച്ചുമാണ് ഞാന്‍ ഓരോന്നും തയ്യാറാക്കുന്നത്. റൊട്ടിക്കുവേണ്ടി കുഴച്ചുവച്ചിരിക്കുന്ന ഡോവില്‍ കൈ കൊണ്ട് മെല്ലെ തൊടുമ്പോഴറിയാം പാകവും പരുവവുമൊക്കെ. ഭക്ഷണമുണ്ടാക്കുന്നത് അപ്പോള്‍ ഒരനുഭവമാകും. ഗാര്‍ലിക് ബ്രഡിനായുള്ള മസാലക്കൂട്ട് തയ്യാറാക്കുന്നതിനിടയില്‍ ജീമോള്‍ പറഞ്ഞു.

ഈ ചേരുവകളൊന്നും ഞാന്‍ പ്രൊഫഷണലായി പഠിച്ചതല്ല. സ്വന്തം അടുക്കളയില്‍ പാകം ചെയ്തു നോക്കും. പരാജയപ്പെട്ടാല്‍ പിന്നേയും ചേരുവകള്‍ മാറ്റിയും മറിച്ചും ഒക്കെ ശ്രമിക്കും. അങ്ങനെ ട്രയല്‍ ആന്റ് എറര്‍ മെത്തേഡിലൂടെ സ്വന്തമായി കണ്ടെത്തിയതാണ് ഇവിടുത്തെ ചേരുവകളെല്ലാം. കൂടുതല്‍ ചോദിക്കേണ്ട, പറയില്ല, ഞങ്ങള്‍ടെ ട്രേഡ് സീക്രട്ടാ.. പുറത്തായാല്‍ പിന്നെ തീര്‍ന്നില്ലേ…. വീണ്ടും നേരത്തേ കണ്ട അതേ പൊട്ടിച്ചിരി. പക്ഷെ ഇത്തവണ ഒറ്റയ്ക്കായിരുന്നില്ല. ബ്രഡിനായി മാവ് കൂട്ടുന്ന ചേട്ടനും അപ്പുറത്ത് മെഷീന്‍ ക്ലീന്‍ ചെയ്യുന്ന ചേച്ചിയും ആ ചിരിയില്‍ കൂടെ ചേര്‍ന്നു.

ഫാസ്റ്റ് ഫുഡ് ഭക്ഷണങ്ങളും കൃത്രിമ നിറങ്ങളും പ്രിസര്‍വേറ്റീവുകളും ചേര്‍ത്ത ഭക്ഷണങ്ങളുമൊക്കെ ആമാശയ ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നവയാണെന്ന് ഇന്ന് എല്ലാവര്‍ക്കുമറിയാം. എങ്കിലും തിരക്കുപിടിച്ച ജീവിതത്തില്‍ എളുപ്പത്തിനും സമയലാഭത്തിനുമായി നമ്മള്‍ വീണ്ടും വീണ്ടും അതൊക്കെ തന്നെ വാങ്ങി ഉപയോഗിക്കും. പണം നല്‍കി വാങ്ങുന്ന ഭക്ഷണപദാര്‍ഥങ്ങള്‍ പതിയെ പതിയെ നമ്മെ രോഗാവസ്ഥയിലേക്ക് തള്ളി വിടുന്ന സൈലന്റ് കില്ലേര്‍സ് ആണ്. അവിടെയാണ് ഈവാസ് ഹെല്‍ത്തി ബേക്ക്‌സിന്റെ ഉത്പന്നങ്ങള്‍ വ്യത്യസ്തമാകുന്നത്. പരിപൂര്‍ണമായും ജൈവമായ ഭക്ഷണങ്ങളാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. യാതൊരുവിധ രാസപദാര്‍ഥങ്ങളോ കൃത്രിമ എസ്സെന്‍സുകളോ ഫ്‌ലേവറുകളോ ഉപയോഗിക്കാതെ, ശുചിയായ അന്തരീക്ഷത്തലാണ് ഈവാസ് അവരുടെ നിര്‍മാണം നടത്തുന്നത്.

ഓരോ കൂട്ട് ചേര്‍ത്തതിന് ശേഷവും കൈ ശുചിയാക്കുന്ന , ഉപയോഗത്തിന് ശേഷം പാത്രങ്ങളും മെഷീനുകളും കഴുകി വൃത്തിയാക്കി സൂക്ഷിക്കുന്ന ഒരു ബേക്കിംഗ് യൂണിറ്റും പരിസരവും കണ്ടതിന്റെ സന്തോഷത്തില്‍ നില്‍ക്കുമ്പോഴാണ് ആ മണം മൂക്കിലേക്ക് ഇരച്ചങ്ങ് കേറിയത്. ഗാര്‍ലിക് ബ്രഡ് മൊരിഞ്ഞുവരുന്നതിന്റെ ഗന്ധം. നേരത്തെ തയ്യാറാക്കി വച്ചതില്‍ നിന്നും ഒരു കഷണം വായില്‍വച്ചപ്പോഴാണ് ഗന്ധം വെറുതെയല്ല എന്ന് മനസ്സിലായത്. വ്യത്യസ്തമായ ഫ്‌ലേവര്‍. അറേബ്യയില്‍ നിന്നും കൊണ്ടുവന്ന ഹെര്‍ബ്‌സാണ്‌ കൂട്ടില്‍ ചേര്‍ത്തിരിക്കുന്നത്. അതാണ് ഈ സ്‌പെഷ്യല്‍ രുചിയുടെ പിന്നാമ്പുറ രഹസ്യം.

ബ്രഡുകള്‍ മാത്രമല്ല വിവിധതരം കുക്കീസുകളുമുണ്ട് ഈവാസില്‍. ജീമോള്‍ ഞങ്ങളെ താഴെയുള്ള ചെറുതെങ്കിലും ആകര്‍ഷകമായ ഷോപ്പിലേക്ക് കൊണ്ടു പോയി. ഗ്രാമ്പൂവിന്റെയും കറുവാപ്പട്ടയുടേയും സമ്മിശ്ര സുഗന്ധം നിറഞ്ഞു നില്‍ക്കുന്ന കുഞ്ഞു കടയില്‍ ബക്ക്‌വീറ്റ് ക്രാക്കേര്‍സ്, ഓര്‍ഗാനിക് ബജ്‌റ ആല്‍മണ്ട് ബിസ്‌കോട്ടി, ഓര്‍ഗാനിക് റാഗി കുക്കീസ്, സ്‌പൈസി വീറ്റ് ഗാര്‍ലിക്, ഗ്രാനോള സീഡ് ബാര്‍സ്, ഹോള്‍ വീറ്റ് കോക്കോനട്ട്, മള്‍ട്ടി ഗ്രെയിന്‍ ചോക്കോലേറ്റ് കുക്കീസ്, നവധാന്യ കുക്കീസ്…ചറപറ രുചികളുമായി കുക്കീസ് ഇങ്ങനെ നിരന്നിരിക്കുകയാണ്. പ്രൈസ് ബാറില്‍ ശ്രദ്ധിച്ചപ്പോഴാണ് കണ്ടത്. സാധാരണ കടകളിലുള്ളതിനേക്കാളും കൂടുതലായാണ് ഇവിടെ എല്ലാത്തിനും വിലയിട്ടിരിക്കുന്നത്. ഉപയോഗിക്കുന്ന ചേരുവകള്‍ എല്ലാം ഒറിജിനല്‍ അല്ലേ, അതിന്റെയാണ് ഈ വിലക്കൂടുതല്‍. വാങ്ങാനെത്തുന്ന കസ്റ്റമേര്‍സിന് അതറിയാം. അതുകൊണ്ട് വിലക്കൂടുതല്‍ ആരിലും പരിഭവമുണ്ടാക്കാറില്ല. ജീമോള്‍ കൂട്ടിച്ചേര്‍ത്തു.

കൊച്ചി പോലുള്ള ഒരു നഗരത്തില്‍, ഉയര്‍ന്ന വരുമാനമുള്ള വലിയൊരു ശതമാനം ആളുകള്‍ ജീവിക്കുന്ന നഗരത്തില്‍ വിലക്കൂടുതലാണ് എന്ന കാരണത്താല്‍ ഈവാസ് ബ്രാന്‍ഡ് തള്ളിപ്പോവില്ല. എന്നിട്ടും ചെറിയൊരു കടയില്‍ മാത്രം ഒതുങ്ങി, യാതൊരു പരസ്യങ്ങളുമില്ലാതെ, എന്താണ് ഇങ്ങനെയൊരു രീതി സ്വീകരിച്ചിരിക്കുന്നത് ? ഞങ്ങളുടെ ആ ചോദ്യം നേരത്തെ പ്രതീക്ഷിച്ചിരുന്ന പോലെ ജീമോള്‍ പറഞ്ഞു. എനിക്കു ചുറ്റുമുള്ളവരാണ് എന്റെ വിശ്വാസം. ഇവിടേക്ക് വരുന്നവരില്‍ വലിയൊരു വിഭാഗവും ആരെങ്കിലും പറഞ്ഞ് കേട്ട് വരുന്നതാണ്. എന്റെ എല്ലാ കസ്റ്റമേര്‍സിനെയും എനിക്ക് നേരിട്ട് അറിയാം. പ്രൊഡക്ടിനെപ്പറ്റി ഇവര്‍ തരുന്ന പ്രതികരണം എനിക്ക് വളരെ പ്രധാനമാണ്. പിന്നെ ഇതൊരു വലിയ ബിസിനസ് ആക്കി വളര്‍ത്താത്തത് എന്തുകൊണ്ടെന്നല്ലേ., ഞാന്‍ പറഞ്ഞല്ലോ എന്റെ കസ്റ്റമേര്‍സിന് എന്റെ മേലില്‍ ഒരു വിശ്വാസമുണ്ട് അത് എനിക്ക് എക്കാലത്തും സൂക്ഷിച്ചേ പറ്റൂ. ഉദാഹരണത്തിന് ഇവിടെ നാരങ്ങയുടേയും ഓറഞ്ചിന്റേയും ഫ്‌ലേവറുകള്‍ ഉള്ള പ്രൊഡക്ട്‌സ് ഉണ്ട്. അതിന് വേണ്ടി മൂന്നാറിലെ ഞങ്ങളുടെ തോട്ടത്തിലെ നാരങ്ങകളുടെ പുറംതൊലിയാണ് ഉപയോഗിക്കുന്നത്. അതുപോലെ കീടനാശിനികളോ മറ്റെന്തെങ്കിലും രാസപദാര്‍ഥങ്ങളോ അടങ്ങിയിട്ടില്ലെന്ന ഉറപ്പില്‍ മറ്റെവിടുന്ന് എനിക്ക് ഇന്‍ഗ്രീഡിയന്റസ് ലഭിക്കും.

കുഞ്ഞ് കുഞ്ഞ് കാര്യങ്ങള്‍ എന്ന് പുറത്തുള്ളവര്‍ക്ക് തോന്നുന്ന ഇത്തരം കാര്യങ്ങളിലാണ് ഈ സംരഭത്തിന്റെ ആത്മാവ്. നിങ്ങള്‍ക്കറിയാമോ എല്ലാ വിഭവങ്ങള്‍ക്കും ഒരു സൗള്‍ ഉണ്ട്. ആ സൗള്‍ ഉണ്ടാവണമെങ്കില്‍ അതില്‍ നമ്മള്‍ ചേര്‍ക്കുന്ന ഇന്‍ഗ്രീഡിയന്റസ് പ്യുര്‍ ആവണം. എങ്കിലേ അതിന്റെ രുചിക്കും അര്‍ഥമുണ്ടാകൂ. ഇവിടെ ഉപയോഗിക്കുന്ന ഗോതമ്പ് ആയാലും റാഗി ആയാലും വാനില എസ്സെന്‍സ് ആയാലും എല്ലാം അസ്സല്‍ സാധനമാണ്, പൂര്‍ണമായും ഓര്‍ഗാനിക്. ഓള്‍ നാച്ചുറല്‍. അതില്‍ ഒരു വിട്ടു വീഴ്ചയ്ക്കും ഞാന്‍ തയ്യാറല്ല. ഞാനീ ചെയ്യുന്നതൊന്നും എനിക്കല്ല, മക്കള്‍ക്കുവേണ്ടിയാണ്. ഇനി വരുന്ന തലമുറയ്ക്ക് വേണ്ടി. സാമ്പത്തികമായി എനിക്ക് നേട്ടങ്ങള്‍ ഇല്ലായിരിക്കാം. എല്ലാ പ്രതിഫലങ്ങളും പണത്തിന്റെ കണക്കുവച്ച് എണ്ണിത്തീര്‍ക്കുവാന്‍ സാധിക്കില്ലല്ലോ, ഈ സംരഭത്തിലൂടെ ഞാന്‍ നേടുന്നത് അത്തരമൊരുസന്തോഷമാണ്…കുട്ടിക്കാലത്ത് അച്ഛന്‍ പറഞ്ഞുതന്ന പാഠങ്ങളാണ്. അതാണ് എന്റെ മൂലധനം. നിശ്ചയദാര്‍ഢ്യത്തോടെ ജീമോള്‍ പറഞ്ഞു നിര്‍ത്തുന്നു.

”ഇന്ന് സ്‌കൂള്‍ അവധിയല്ലേ, മക്കള്‍ മൂന്ന് പേരും വീട്ടിലുണ്ട്. വൈകീട്ട് ഒരു ഔട്ടിംഗ് പ്ലാനുണ്ട്. അതിന് മുമ്പ് ഏറ്റെടുത്ത ഒന്നു രണ്ട് ഓര്‍ഡറുകള്‍ കൊടുത്ത് തീര്‍ക്കണം. ഞങ്ങള്‍ ഇറങ്ങുമ്പോഴേക്കും ജീമോള്‍ വീണ്ടും ബേക്കിംഗ് തിരക്കുകളിലേക്ക്…

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top