പാലക്കാട് ; മണ്ണാര്‍ക്കാട് ബസ് കയറി രണ്ട് തൊഴിലാളികള്‍ മരിച്ചത് ബസിനടിയില്‍ ഉറങ്ങിയത് സംഭവിച്ച അപകടമല്ലെന്ന് അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട തൊഴിലാളിയുടെ മൊഴി. ബസിന്റെ അടിയില്‍ അല്ല ഉറങ്ങിയത്. ഗ്രൗണ്ടിലാണ്.. അലറിക്കരഞ്ഞിട്ടും ബസ് നിര്‍ത്താതെ പോകുകയായിരുന്നുവെന്ന് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന തൊഴിലാളി രാജേഷ് പറഞ്ഞു. ഗുരുതര പരിക്കുകളോടെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് രാജേഷ്.
പുറകോട്ടെടുത്ത ബസ് നിര്‍ത്താതെ പോകുന്നത് സമീപത്തെ പെട്രോള്‍ പമ്പിലെ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ബസ് പോലീസ് തിരിച്ചറിഞ്ഞു. അപകടമുണ്ടായത് ബസ് തൊഴിലാളികള്‍ അറിഞ്ഞിരുന്നോ എന്നത് അന്വേഷിച്ച് വരികയാണ്. കുഴല്‍കിണര്‍ ജോലികള്‍ക്കായി എത്തിയ ഝാര്‍ഘണ്ഡ് സ്വദേശികളായ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. മണ്ണാര്‍ക്കാട് കുന്തിപ്പുഴയിലെ മൈതാനത്ത് സ്വകാര്യ ബസുകള്‍ നിര്‍ത്തിയിട്ടിരുന്ന സ്ഥലത്ത് ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. ബസിനടിയില്‍ ഉറങ്ങുകയായിരുന്ന അന്യ സംസ്ഥാന തൊഴിലാളികള്‍ അതേ ബസ് കയറി മരിച്ചുവെന്നാണ് സംഭവത്തില്‍ രാവിലെ മുതല്‍ പ്രചരിച്ച വാര്‍ത്തകള്‍.