നിഷ ജോസ് കെ. മാണിയുടെ ‘ദ അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ്’ എന്ന പുസ്തകത്തിലെ വിവാദ പരാമര്‍ശത്തില്‍ പി.സി. ജോര്‍ജ് എംഎല്‍എ നടത്തിയ പ്രസ്താവനകള്‍ സ്ത്രീ വിരുദ്ധമെന്ന് സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷ എം.സി. ജോസഫൈന് പറഞ്ഞു. ട്രെയിനില്‍ അപമാനിക്കാന്‍ ശ്രമിച്ചയാളുടെ പേര് വെളിപ്പെടുത്തിയാല്‍ വനിതാ കമ്മീഷന് കേസെടുക്കുമെന്നും ജോസഫൈന് വ്യക്തമാക്കി.
അതേസമയം നിഷ ജോസ് കെ. മാണിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് പിസി ജോര്‍ജ് എംഎല്‍എയുടെ മകനും യുവനേതാവുമായ ഷോണ്‍ ജോര്‍ജ് ഡിജിപിക്കും കോട്ടയം എസ്പിക്കും പരാതി നല്കി. നിഷയുടെ ‘ദ അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ്’ എന്ന പുസ്തകത്തില്‍ ഒരു യുവനേതാവ് തന്നോട് ട്രെയിനില്‍ വച്ച് അപമര്യാദയായി പെരുമാറിയതായി പറഞ്ഞിരുന്നു. ഇത് ഷോണ്‍ ആണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകപ്രചരണം നടന്നതോടെയാണ് പരാതി നല്‍കിയത്.
നിഷ ജോസ് കെ. മാണി യുവരാഷ്ട്രീയ നേതാവിന്റെ പേര് വെളിപ്പെടുത്തണം. അല്ലാത്ത പക്ഷം വിവിധ കോണുകളില്‍ നിന്നും തനിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുകയാണ്. നിഷ പേര് പറയാത്തിടത്തോളം കാലം താന്‍ മറുപടി പറയേണ്ടതില്ലെന്നാണു കരുതിയിരുന്നത്. തന്നെയുമല്ല രണ്ടു മൂന്നു ദിവസം അവര്‍ പേരു വെളിപ്പെടുത്തുന്നതിനു വേണ്ടി കാത്തിരിക്കാനും അതിനുശേഷം നിയമനടപടി സ്വീകരിക്കാനുമാണു തീരുമാനിച്ചിരുന്നതെന്നും ഷോണ്‍ മാധ്യമങ്ങളോട് പറഞ്ഞു.