Home app

മഹാസഖ്യം അനിവാര്യം; എല്ലാ കണ്ണുകളും രാഹുലിലേക്ക്

ബിജെപിക്കെതിരെ ആഞ്ഞടിച്ച് എഐസിസിയുടെ 84-ാം പ്ലീനറി സമ്മേളനം. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയത്തിനിപ്പുറം മറ്റൊന്നും മുന്നിലില്ലാത്ത കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പിനെ നേരിടാന്‍ പ്രവര്‍ത്തകരെ സജ്ജമാക്കുകയാണ് പ്രധാന ലക്ഷ്യം.

ബിജെപിയുടെ നേതൃത്വത്തിലുളള എന്‍ഡിഎ മുന്നണി രാജ്യത്തെ മൊത്തം അധികാരം പിടിച്ചടക്കുകയാണെന്ന തിരിച്ചറിവാണ് നയം മാറ്റിപ്പിടിക്കാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിക്കുന്നത്. വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ കൈകോര്‍ക്കണമെന്ന പാര്‍ട്ടി തത്വം ഫലത്തില്‍ കൊണ്ടുവരേണ്ട സമയം അതിക്രമിച്ചുവെന്ന് മനസിലാക്കിയ കോണ്‍ഗ്രസ് പ്രതിപക്ഷ മഹാസഖ്യമാണ് ലക്ഷ്യമിടുന്നത്.

പ്ലീനറി സമ്മേളനത്തിന് മുന്നോടിയായി നടന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗം

കോണ്‍ഗ്രസിന്റെ പ്ലീനറി സമ്മേളനത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തില്‍ ആര്‍എസ്എസിനെതിരേയും ബിജെപിക്കെതിരെയും രൂക്ഷവിമര്‍ശനങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. രാജ്യത്തിന്റെ മതേതര മൂല്യങ്ങള്‍ തകര്‍ക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാത്ത പ്രസ്ഥാനങ്ങളാണ് ആര്‍എസ്എസും ബിജെപിയെന്നും പ്രമേയത്തില്‍ പറയുന്നു.

രാഷ്ട്രിയ പ്രമേയത്തിലെ പ്രധാന ഭാഗങ്ങള്‍

  • ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വിശാലസഖ്യം രൂപീകരിക്കണം. സമാനചിന്താഗതിക്കാരായ രാഷ്ട്രീയപാര്‍ട്ടികളുമായി ഇക്കാര്യം ചര്‍ച്ചചെയ്യണം.
  • തിരഞ്ഞെടുപ്പുകളില്‍ ബാലറ്റ് പേപ്പറുകള്‍ തിരിച്ചുകൊണ്ടുവരണം. ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചുനടത്തുന്നത് ഭരണഘടനാവിരുദ്ധമാണെന്നും പ്രമേയം പറയുന്നു.
  • റഫേല്‍ ഇടപാടിനെ സംബന്ധിച്ച് സ്വതന്ത്ര അന്വേഷണം വേണം.
  • ഫിഷറീസ് മന്ത്രാലയം വേണം, തീരദേശനിയന്ത്രണ നിയമം ഭേദഗതി ചെയ്യണം, മല്‍സ്യത്തൊഴിലാളികള്‍ക്കു പലിശരഹിത വായ്പ നല്‍കണം.
  • കോണ്‍ഗ്രസ് സര്‍ക്കാര്‍ കാര്‍ഷികകടം എഴുതിത്തള്ളുകയും താങ്ങുവിലകള്‍ ക്രമാനുഗതമായി വര്‍ധിപ്പിക്കുകയും ചെയ്തപ്പോള്‍ ബിജെപി കര്‍ഷകരെ കടത്തില്‍ മുക്കുന്നു.
  • രാജ്യത്തെ ക്രമസമാധാനനില തകര്‍ന്ന നിലയിലാണ്. ഭീകരതയ്‌ക്കെതിരായ നടപടിയുടെ പേരില്‍ രാജ്യത്തെ വിഭജിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന്.

ബിജെപി വെറുപ്പിന്റെ ഭാഷ ഉപയോഗിക്കുമ്പോള്‍ കോണ്‍ഗ്രസ് സ്‌നേഹം പ്രയോഗിക്കുന്നു എന്നു പറഞ്ഞുകൊണ്ടാണ് രാഹുല്‍ പ്രസംഗം ആരംഭിച്ചത്. എനിക്ക് രണ്ടു പ്രസംഗങ്ങളുണ്ട്. തുടക്കത്തിലും അവസാനത്തിലും. അവസാനത്തില്‍ കൂടുതല്‍ സംസാരിക്കാം രാഹുല്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ പതിവ് സമ്മേളന കാഴ്ച്ചകളില്‍ നിന്നും വ്യത്യസ്തമായിട്ടാണ് ഇത്തവണത്തെ പ്ലീനറി സമ്മേളനം സംഘടിപ്പിച്ചത്. മുഖം മിനുക്കലായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആദ്യം നടപ്പാക്കിയത്. അണികളേക്കാള്‍ നേതാക്കന്‍മാരാണെന്ന ചീത്തപ്പേര് ഒഴിവാക്കാന്‍ പ്രാസംഗികന്‍ മാത്രം വേദിയില്‍ മതിയെന്ന് രാഹുല്‍ തിരുമാനിച്ചു. അനാവശ്യ പ്രസംഗം ഒഴിവാക്കണമെന്നും വിഷയത്തില്‍ അധിഷ്ഠിതമായി മാത്രം സംസാരിച്ചാല്‍ മതിയെന്നും നേതാക്കന്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ഒപ്പം പാര്‍ട്ടിയുടെ താഴെ തട്ടിലുളളവര്‍ക്കും പ്രാതിനിധ്യം നല്‍കി സമ്മേളനത്തെ രാഹുല്‍ കൂടുതല്‍ ജനകീയമാക്കി. എഐസിസി അംഗങ്ങളും പിസിസി അംഗങ്ങളുമുള്‍പ്പെടെ 13,000 പേരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

എഐസിസി പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയവര്‍

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top