Alappuzha

ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി അവസരം മുതലെടുക്കാന്‍ ബിഡിജെഎസ്, കേരള ബിജെപി പ്രതിസന്ധിയില്‍

കേരളത്തില്‍ എന്‍ഡിഎയുടെ പ്രധാന ശക്തിസ്രോതസുകളിലൊന്നായ ബിഡിജെഎസ് ബിജെപിയുമായി നടത്തുന്ന വിലപേശല്‍ നാടകമാണ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ ശ്രദ്ധേയമായ കാഴ്ച്ചകളിലൊന്ന്. കേരളത്തിലെ ബിജെപി നേതൃത്വം ബിഡിജെഎസിനോട് അവഗണന കാണിക്കുകയാണെന്ന് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെളളാപ്പളളി അടുത്തിടെ പറഞ്ഞിരുന്നു. അതോടൊപ്പം എസ്എന്‍ഡിപി ജെനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശനും ബിജെപിക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍ ബിജെപിയോടുളള ബിഡിജെഎസിലെ എതിര്‍പ്പുകള്‍ മറനീക്കി പുറത്തു വരികയാണ്.

അതേസമയം ബിജെപിയിലെ ഒരു വിഭാഗം ബിഡിജെഎസ് വിരുദ്ധരുടെ നിലപാട് മറിച്ചാണ്. അച്ഛന്‍ വെളളാപ്പളളിയുടെയും മകന്‍ വെളളാപ്പളളിയുടെയും വാ വിട്ട വാക്കാണ് അവസരങ്ങള്‍ നഷ്ടപ്പെടുത്തിയതെന്നാണ് ഇവരുടെ വാദം. എന്നാല്‍ മുരളീധരന് കിട്ടിയ രാജ്യസഭാ സീറ്റല്ല മറിച്ച് ബോര്‍ഡ്-കോര്‍പ്പറേഷന്‍ സ്ഥാനങ്ങളാണ് ആവശ്യമെന്ന് തുഷാര്‍ വ്യക്തമാക്കിയിരുന്നു. ഇതിനു ശേഷവും പഴയ നിലപാട് തുടരുന്ന ബിജെപി നേതൃത്വത്തോട് ഒടുവില്‍ പത്തൊമ്പതാമത്തെ അടവായി ഭീഷണിയും തുഷാര്‍ പ്രയോഗിച്ചു. ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പില്‍ ബിഡിജെഎസ് വോട്ട് കിട്ടില്ലെന്നായിരുന്നു മുന്നറിയിപ്പ്.

ചെങ്ങന്നൂരിലെ ഇടത് സ്ഥാനാര്‍ത്ഥി സജി ചെറിയാനുമായി വെള്ളാപ്പള്ളിക്കും തുഷാറിനും നല്ല ബന്ധമാണുള്ളത്. അച്ഛന്റെ വഴിയെ തുഷാറും പാര്‍ട്ടിയും ഇടത്തോട്ട് ചായാനുള്ള സാധ്യതയും ബിജെപി മുന്നില്‍കാണുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും, ഭാവിയില്‍ കേരളത്തെ പിടിച്ചെടുക്കാമെന്ന കേന്ദ്രനേതൃത്വത്തിന്റെ പ്രതീക്ഷയിലും ബിഡിജെഎസിന് നിര്‍ണായക പങ്കുണ്ട്. ഇതു തന്നെയാണ് എസ്എന്‍ഡിപിയുടെ തണലില്‍ വെളളാപ്പളളിയെ അമരക്കാരനാക്കി ബിഡിജെഎസിന് രൂപം നല്‍കിയതും. എന്നാല്‍ കേരളത്തിലെ ബിജെപി നേതൃത്വത്തിന് ഷായ്ക്കും മോദിക്കും മുന്നിലുളള ഇമേജ് പറ്റെ കുറവായത് ഘടകകക്ഷികളിലും പ്രതിഫലിച്ച് തുടങ്ങി എന്നു വേണം പറയാന്‍. ഇതിനുളള ഉദാഹരണമാണ് തുഷാറിന് പിന്നാലെ ആദിവാസി നേതാവ് സികെ ജാനുവും എതിര്‍പ്പ് പ്രകടിപ്പിച്ച് തുടങ്ങിയത്.

ഏതായാലും മത്സരം ശക്തമായ ചെങ്ങന്നൂരില്‍ മുന്ന് പാര്‍ട്ടികള്‍ക്കും ജയസാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട്. ചെങ്ങന്നൂരില്‍ തുടര്‍ച്ചയായി വിജയം കൊയ്തിരുന്ന കോണ്‍ഗ്രസ് കഴിഞ്ഞ തവണ പിന്നോട്ടു പോയെങ്കിലും ഇത്തവണ കരുതി തന്നെയാണ് സ്ഥാനാര്‍ത്ഥിയെ ഇറക്കിയിരിക്കുന്നത്. ഇടത് സ്ഥാനാര്‍ത്ഥി സജി ചെറിയാനും മണ്ഡലത്തിലുളള സ്വാധീനം ചെറുതല്ല. ഒപ്പം സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയെന്ന നിലയിലും സിപിഎം അനുഭാവികള്‍ ഏറെയുളള മണ്ഡലം എന്ന നിലയിലും സജി ചെറിയാന് സാധ്യത നിലനില്‍ക്കുന്നുണ്ട്. മണിപ്പൂരില്‍ ഇടത് പാര്‍ട്ടിയെ തച്ചുടച്ച നിലയില്‍ നില്‍ക്കുന്ന ബിജെപിക്കും ജയം അനിവാര്യമാണ്. ചെങ്ങന്നൂരില്‍ ശക്തി കാട്ടാന്‍ കഴിഞ്ഞില്ലെങ്കില്‍ കേരളത്തിലെ ബിജെപി ഘടകം വീണ്ടും അമിത് ഷായുടെ അപ്രീതിക്ക് പാത്രമാകും. എന്നാല്‍ സഖ്യകക്ഷികളുമായുളള ബന്ധം സുഖകരമല്ലാതിരിക്കുന്ന സാഹചര്യത്തില്‍ ബിഡിജെഎസിനെ ഒപ്പം നിര്‍ത്താന്‍ ബിജെപി നേതൃത്വം വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാകുമോ എന്നാണ് രാഷ്ട്രിയ കേരളം ഉറ്റുനോക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top