ചൈനയില്‍ ഷി ചിന്‍പിംഗ് ആജീവനാന്ത പ്രസിഡന്റാകും. പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും രണ്ടുതവണയില്‍ കൂടുതല്‍ പദവിയില്‍ തുടരാനാവില്ലെന്നുള്ള നിലവിലെ ചട്ടം എടുത്തുകളയുന്നതിനുള്ള ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി കേന്ദ്രക്കമ്മിറ്റിയുടെ ശിപാര്‍ശ പാര്‍ലമെന്റ് അംഗീകരിച്ചതോടെയാണ് ഇത്. വന്‍ ഭൂരിപക്ഷത്തോടെയാണ് ശിപാര്‍ശ പാര്‍ലമെന്റ് അംഗീകരിച്ചത്. 2964 പേരുടെ പിന്തുണയോടെയാണ് ശിപാര്‍ശയ്ക്ക് പാര്‍ലമെന്റ് അംഗീകാരം നല്‍കിയത്. ചൈനീസ് പാര്‍ലമെന്റായ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ സമ്മേളനത്തിലാണ് സുപ്രധാന നിയമ ഭേദഗതി ഉണ്ടായിരിക്കുന്നത്.
മാവോയ്ക്കുശേഷമുള്ള ഏറ്റവും ശക്തനായ നേതാവായ ചിന്‍പിംഗിന്റെ സിദ്ധാന്തങ്ങള്‍ ഈയിടെ പാര്‍ട്ടി ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
1953ല്‍ ജനിച്ച ചിന്‍പിംഗ് 1974ലാണു പാര്‍ട്ടി അംഗമായത്. 2013ല്ആദ്യവട്ടം പ്രസിഡന്റായി. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും സൈന്യത്തിന്റെയും തലവനായ ചിന്‍പിംഗിന്റെ രണ്ടാമൂഴം 2023ല്‍ അവസാനിക്കും. ഭേദഗതി പാസായാല്‍ മൂന്നാംവട്ടവും മത്സരിക്കുന്നതിനുള്ള തടസം ഒഴിവാകും. അതേസമയം എത്രകാലത്തേക്ക് ചിന്‍പിംഗ് അധികാരക്കസേരയിലിരിക്കുമെന്നു വ്യക്തമല്ല.