Home app

ലോകത്തിന്റെ കണ്ണില്‍ കരടായും കണ്ണീരായും സിറിയ

റിപ്പോര്‍ട്ട്: മെബിന്‍ ബാബു

അടിയന്തരാവസ്ഥ, യുദ്ധം, വരള്‍ച്ച, കൃഷിനാശം, പലായനം ഇതാണ് ലോകത്തിന് മുമ്പില്‍ ഇന്ന് സിറിയ. രാജ്യത്തിനകത്ത് സിറിയന്‍ സര്‍ക്കാരും വിമതരും പോരടിക്കുന്നു. ആട്ടിന്‍ തോലണിഞ്ഞ ചെന്നായ്ക്കളായി അമേരിക്കയും റഷ്യയും ഇസ്രായേലും ആയുധം വില്‍ക്കുന്നു. സുന്നി വിരുദ്ധരായ ഇറാന്‍, ഷിയ വിഭാഗക്കാരനായ സിറിയന്‍ പ്രസിഡന്റ് ബഷര്‍ അല്‍അസാദിനെ കൈവിട്ട് സഹായിക്കുന്നു. ഇറാഖ്, ചൈന, ഉത്തരകൊറിയ എന്നിവരും ആയുധം വില്‍ക്കുന്നതായി പറയപ്പെടുന്നു..

ചിത്രം കടപ്പാട്: ഗൂഗിള്‍

മറുപക്ഷത്ത് സുന്നികള്‍ കൂടുതലായുളള വിമതര്‍ക്ക് അതിര്‍ത്തി രാജ്യമായ തുര്‍ക്കി സൈനിക സഹായം നല്‍കുന്നു. ഒപ്പം ഖത്തര്‍, സൗദി, ലിബിയ, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളും നിരവധി രാഷ്ട്രിയ ഇസ്ലാമിക ഗോത്ര സംഘടനകളും വിമതര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.

ചിത്രം കടപ്പാട്: ഗൂഗിള്‍

കുര്‍ദുകളുടെ പിന്തുണയുളള സ്വതന്ത്ര കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് വിഭാഗമായ ‘റോജാവോ’ മറ്റൊരു വശത്ത് സിറിയന്‍ ജനതയ്ക്ക് തലവേദനയാകുന്നു. ഒപ്പം ചില സലഫി ജിഹാദി ഗ്രൂപ്പുകളും ഐഎസും സിറിയയെ വേട്ടയാടുന്നു. ഇതിനിടയില്‍ സിറിയയുടെ പാരമ്പര്യ ഊര്‍ജ സ്രോതസുകളും എണ്ണപ്പാടങ്ങളും ചിലര്‍ പിടിച്ചെടുക്കുന്നു. നിരന്തരം ബോംബുകളും മിസൈലുകളും വര്‍ഷിക്കപ്പെടുന്നു. പതിനായിരങ്ങള്‍ മരിച്ചു വീഴുന്നു. ചിലര്‍ ജീവനുംകൊണ്ട് പലായനം ചെയ്യുന്നു. നാളുകളായി സിറിയ ലോകത്തിന്റെ കണ്ണില്‍ കരടായും കണ്ണീരായും അവശേഷിക്കുന്നു.

ചിത്രം കടപ്പാട്: ഗൂഗിള്‍

തെക്കുപടിഞ്ഞാറന്‍ ഏഷ്യയില്‍ മെഡിറ്ററേനിയന്‍ കടല്‍തീരത്തു സ്ഥിതിചെയ്യുന്ന രാജ്യമാണ് സിറിയ. അയല്‍രാജ്യമായ ഇസ്രായേലുമായുളള തര്‍ക്കങ്ങള്‍കൊണ്ട് പണ്ടു മുതല്‍ക്കെ രാജ്യാന്തരശ്രദ്ധ പിടിച്ചുപറ്റിയ സിറിയയില്‍ ഇപ്പോള്‍ പ്രശ്‌നം ഇതൊന്നുമല്ല..

74% സുന്നികള്‍, 13% ഷിയാക്കള്‍(അതില്‍ 12% അലവികള്‍), 3% ദുറൂസികള്‍, 10% ക്രിസ്ത്യാനികള്‍ ഉള്‍പ്പെടുന്നതാണ് സിറിയന്‍ ജനത. ന്യൂനപക്ഷമായ ഷിയ അലവി വിഭാഗക്കാരന്‍ ബഷര്‍ അല്‍അസദാണ് അധികാരം കൈയ്യാളുന്നത്. എന്നാല്‍ ബഷറിന്റെ ഭാര്യ അസ്മ സുന്നിയാണെന്നതും ശ്രദ്ധേയം.

1970ല്‍ പ്രതിരോധമന്ത്രിയായിരുന്ന ഹാഫിസ് അല്‍അസദ് (ഇപ്പോളത്തെ പ്രസിഡണ്ട് ബഷറിന്റെ പിതാവ്) അധികാരം പിടിച്ചെടുത്തു പ്രധാനമന്ത്രിയായി. 1971ല്‍ പ്രസിഡണ്ടായി സ്വയം പ്രഖ്യാപിച്ചു, മരണം വരെ ഇത് (2000) തുടര്‍ന്നു. മരണാന്തരം ബഷാര്‍ പിന്‍ഗാമിയായി അധികാരത്തിലേറി. ഒടുവില്‍ നിരന്തര അവഗണന ഏറ്റുവാങ്ങിക്കൊണ്ടിരുന്ന ഭൂരിപക്ഷം സുന്നികളും, ഏകാധിപത്യ ഭരണത്തില്‍ പൊറുതി മുട്ടിയ ഒരു വിഭാഗം ഉദ്യോഗസ്ഥരും ചേര്‍ന്ന് സര്‍ക്കാരിനെതിരെ യുദ്ധം തുടങ്ങുന്നു.

ചിത്രം കടപ്പാട്: ഗൂഗിള്‍

1963 മുതല്‍ നീണ്ട 48 വര്‍ഷത്തെ ഏകാധിപത്യ ഭരണം. അടിയന്തരാവസ്ഥയ്ക്ക് സമാനമായ ജീവിതം. സര്‍ക്കാരിനെതിരെ വിമതര്‍ കലാപം തുടങ്ങിയ 2011 മുതല്‍ നിലയ്ക്കാത്ത വെടിയൊച്ചകള്‍. അഞ്ച് ലക്ഷത്തില്‍പ്പരം മരണം. 2017ല്‍ മാത്രം 10,204 പേര്‍ മരിച്ചുവീണു. ഇതില്‍ 2,298 കുട്ടികളും ഉള്‍പ്പെടുന്നു.

ചിത്രം കടപ്പാട്: ഗൂഗിള്‍

മനുഷ്യാവകാശ സംഘടനകളുടെ ഏറ്റവുമൊടുവിലെ കണക്കുപ്രകാരം കിഴക്കന്‍ ഗൂതയില്‍ ബഷാറിന്റെ സേന നടത്തുന്ന വിമതവിരുദ്ധ വേട്ടയില്‍ കഴിഞ്ഞ രണ്ടാഴ്ച്ചകൊണ്ട് മരണം 700 കവിഞ്ഞു. ഇതില്‍ ഇരുന്നൂറോളം പേര്‍ കുട്ടികളാണ്. കിഴക്കന്‍ ഗൂതയില്‍ വിമത പോരാളികളുടെ സാന്നിധ്യമുണ്ടെന്ന് ആരോപിച്ചാണ് ബഷാര്‍ സൈന്യവും റഷ്യന്‍ സൈന്യവും ബോംബാക്രമണം ആരംഭിച്ചത്. ഗൂതയില്‍ ഇപ്പോഴും സൈന്യം ആക്രമണം തുടരുകയാണ്.

ചിത്രം കടപ്പാട്: സാം ടാര്‍ലിങ്, ഗെറ്റി ഇമേജസ്

ചിത്രം കടപ്പാട്: സാം ടാര്‍ലിങ്, ഗെറ്റി ഇമേജസ്

ചിത്രം കടപ്പാട്: സാം ടാര്‍ലിങ്, ഗെറ്റി ഇമേജസ്

യുദ്ധം അവസാനിപ്പിക്കാന്‍ ഐക്യരാഷ്ട്രസഭ ഇടപെടല്‍ നടത്തിയെങ്കിലും, ഒന്നും ഫലം കാണുന്നില്ല. യുദ്ധത്തില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് സഹായവുമായിപ്പോയ യുഎന്നിന്റെ 40 ട്രക്കുകള്‍ സിറിയന്‍ അധികൃതര്‍ അതിര്‍ത്തിയില്‍ തടഞ്ഞിരുന്നു. അതേസമയം സിറിയന്‍ സര്‍ക്കാരിനെതിരെ യുദ്ധക്കുറ്റം ചുമത്തി വിഷയം രാജ്യാന്തര കോടതിയിലെത്തിക്കാന്‍ യുഎന്നില്‍ ശ്രമം നടക്കുന്നുണ്ട്. എന്നാല്‍ അവസരം മുതലെടുക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ചില രാജ്യങ്ങളുടെ നിക്ഷിപ്ത താല്‍പ്പര്യങ്ങളാണ് സിറിയന്‍ ആഭ്യന്തര യുദ്ധമെന്ന് അവിടുത്തുകാര്‍ തന്നെ അറിയാതെ പോകുന്നു.

ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കേണ്ട സര്‍ക്കാര്‍ ഇതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുമ്പോള്‍ ജനങ്ങളില്‍ വിശ്വാസം നഷ്ടപ്പെടുകയും ആയുധവുമായി അവര്‍ തെരുവിലിറങ്ങുകയും ചെയ്യും. അതിനുമപ്പുറം വീട്ടില്‍ തീര്‍ക്കേണ്ട പ്രശ്‌നം അയല്‍പക്കകാരനെ ഏല്‍പ്പിച്ചാല്‍ മുതലെടുപ്പ് നടക്കുമെന്ന വലിയ പാഠവും സിറിയ നല്‍കുന്നു. രാജ്യാന്തര തലത്തില്‍ നിരന്തരവിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്ന സിറിയന്‍ സര്‍ക്കാര്‍ അധികാരമൊഴിയുക എന്നതിനപ്പുറം മറ്റൊരു പരിഹാരവും ഇനി മുന്നിലില്ല. എന്നാല്‍ സര്‍ക്കാരും വിമതരും തമ്മിലുളള പ്രശ്‌നങ്ങള്‍ അവസാനിച്ചാലും ഐഎസും, കുര്‍ദിഷ് ഭീകരരും അടക്കം ആയുധവുമായി സിറിയയെ വട്ടമിട്ട് പറക്കുന്നുണ്ട്. അതിനുമപ്പുറം കല്ലിന്‍മേല്‍ കല്ല് ശേഷിക്കാതെ തകര്‍ന്ന സിറിയ ഇനി പൂര്‍വ അവസ്ഥയിലേക്ക് തിരിച്ചെത്തണമെങ്കില്‍ വര്‍ഷങ്ങള്‍ പലത് കഴിയണം. എന്നാല്‍ ഇതിനിടയില്‍ പൊലിഞ്ഞുപോയ നിഷ്‌കളങ്ക ബാല്യങ്ങളുടെ അകാലമൃത്യുവിന് ആര് ഉത്തരം പറയും..! ബോളിവുഡ് നടിയുടെ പെട്ടന്നുണ്ടായ മരണം ആഗോളതലത്തിലുണ്ടാക്കിയ ഞെട്ടല്‍ ഓസ്‌കാര്‍ വേദിയിലടക്കം പ്രതിഫലിച്ചപ്പോള്‍ സിറിയന്‍ ജനതയുടെ ഉയരുന്ന മരണസംഖ്യ സ്വീകരണമുറിയിലെ പതിവ് വാര്‍ത്തകളില്‍ ഒന്നു മാത്രമായി അവശേഷിക്കുകയാണ്.

ബഷര്‍ അല്‍അസാദ്

ഞാന്‍ സിറിയനാണ്, ഞാന്‍ ജനിച്ചത് സിറിയയിലാണ്, എനിക്ക് സിറിയയില്‍ ജീവിക്കണം സിറിയയില്‍ തന്നെ മരിക്കണം

                                 – ബഷര്‍ അല്‍അസാദ്(18 വര്‍ഷമായി സിറിയന്‍ പ്രസിഡന്റ്)

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top