Home app

ത്രിപുര ബിജെപിക്ക് വെല്ലുവിളിയാകുമോ… ?

നിമിഷ മോഹനന്‍

ത്രിപുരയിലെ കാല്‍ നൂറ്റാണ്ട് കാലം നീണ്ട ഇടത് ഭരണത്തിനാണ് ഈ കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ വിധിയെഴുത്തോടെ അവസാനമാകുന്നത്. 1993ല്‍ അധികാരത്തിലേറിയ ദശരഥ ദേബും 1998ല്‍ മുഖ്യമന്ത്രിയായ മാണിക് സര്‍ക്കാറും തുടര്‍ച്ചയായ 25 വര്‍ഷങ്ങളില്‍ ത്രിപുരയില്‍ സിപിഎംമ്മിന്റെ മുഖ്യമന്ത്രിമാരായി. ആ ഉരുക്കുകോട്ടയുടെ മര്‍മം തകര്‍ത്താണ് ഇപ്പോള്‍ ബിജെപി അധികാരത്തിലേറാനൊരുങ്ങുന്നത്.

ബിജെപിയുടേയും ത്രിപുരയിലെ പ്രാദേശിക കക്ഷിയായ ഐപിഎഫ്ടിയുടെയും സഖ്യം 43 സീറ്റുകള്‍ പിടിച്ചെടുത്തു. 2013ലെ തെരഞ്ഞെടുപ്പില്‍ ഇത് പൂജ്യമായിരുന്നു. പൂജ്യത്തില്‍ നിന്ന് ഏറ്റവും വലിയ ഒറ്റക്കക്ഷിയിലേക്കുള്ള ബിജെപിയുടെ വളര്‍ച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ഒരു കാലത്ത് ബംഗാളി സങ്കുചിത വാദത്തിന്റെയും ഗോത്രവര്‍ഗ്ഗവിഘടനവാദത്തിന്റെയും കേന്ദ്രമായിരുന്ന ത്രിപുരയില്‍ ഇവര്‍ക്കെതിരായ പോരാട്ടത്തിലൂടെയാണ് ഇടതുപക്ഷത്തിന് വേരോട്ടമുണ്ടായത്.

ഗോത്രവിഭാങ്ങളെ സ്വത്വരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ യോജിപ്പിക്കുന്നതിലും കോണ്‍ഗ്രസിനെ മൊത്തത്തില്‍ വിലയ്‌ക്കെടുക്കാനും സാധിച്ചതോടെ ബിജെപിയുടെ വിജയം അനായാസമായി. സമാനമായ അവസ്ഥ 1988 ലും ത്രിപുരയില്‍ ഉണ്ടായി. സന്തോഷ് മോഹന്‍ ദേവ് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരിക്കേയാണ് അധികാര ദുര്‍വിനിയോഗങ്ങളും ബൂത്ത് പിടുത്തവും നടത്തി 15 വര്‍ഷത്തെ നൃപന്‍ ചക്രവര്‍ത്തിയുടെ ഭരണം അവസാനിപ്പിച്ച് സമിര്‍ രഞ്ചന്‍ മജുംദാര്‍, സമിര്‍ രഞ്ചന്‍ ബര്‍മ്മന്‍ എന്നീ കോണ്‍ഗ്രസ്സ് നേതാക്കള്‍ ഞങ്ങള്‍ സി.പി.ഐ.എമ്മിനെ തുടച്ചു നീക്കമെന്ന് പ്രഖ്യാപിച്ച് ഭരണത്തിലേറിയത്. 5 വര്‍ഷം ഭരിച്ച് കഴിഞ്ഞപ്പോള്‍ ജനം സി.പി.ഐ.മ്മിനെ വീണ്ടും അധികാരത്തിലേറ്റി. ദശരഥ് ദേവ് മുഖ്യമന്ത്രിയായി.

ഒന്നുമില്ലായ്മയില്‍ നിന്ന് ബിജെപി നേടിയ വിജയം ബിജെപിയുടെ മാത്രം വിജയമല്ല. സഖ്യകക്ഷിയായ ഐപിഎഫ്ടിയുടേയും കൂടിയാണ്. ബിജെപി 51 സീറ്റിലും ഐപിഎഫ്ടി ഒന്‍പത് സീറ്റുകളിലുമാണ് മത്സരിച്ചത്. 8.8 ശതമാനം വോട്ടുകളാണ് അവര്‍ ഒറ്റയ്ക്ക് നേടിയത്. എഴ് സീറ്റുകള്‍ അവര്‍ നേടി. ബിജെപി നേടിയ വോട്ടുകളില്‍ പകുതിയിലധികം ഐപിഎഫ്ടിയുടെ വോട്ടുബാങ്കില്‍ നിന്നാണ്. ഗോത്രവര്‍ഗ മേഖലയിലെ ഭൂരിപക്ഷം വോട്ടുകളും ബിജെപി സഖ്യത്തിനാണ് ലഭിച്ചത്. ഐപിഎഫ്ടി ത്രിപുരയിലെ ഗോത്രവര്‍ഗക്കാരുടെ പാര്‍ട്ടിയാണ്. നോര്‍ത്ത്-ഈസ്റ്റ് റീജ്യണല്‍ പൊളിറ്റിക്കല്‍ ഫ്രണ്ടിന്റെ ഭാഗം കൂടിയാണ് ഈ പാര്‍ട്ടി.

തീവ്രമായ വിഘടനവാദം ഐപിഎഫ്ടിയുടെ മുഖമുദ്രയാണ്. ഇവര്‍ എന്‍ഡിഎയെ നേരത്തെ പിന്തുണയ്ക്കുന്നുണ്ട്. 1996ല്‍ വിഘടനവാദ ഗ്രൂപ്പായിട്ടാണ് ഐപിഎഫ്ടി ആരംഭിച്ചത്. രക്തച്ചൊരിച്ചിലുകള്‍ രൂക്ഷമായതോടെ ഇവരെ ത്രിപുരയില്‍ നിരോധിച്ചു. ഇതോടെ ഇവരുടെ പ്രവര്‍ത്തകരെ പോലീസ് കൂട്ടത്തോടെ അറസ്റ്റ് ചെയ്യാനും തുടങ്ങി. പിന്നീടാണ് ഇവര്‍ ജനാധിപത്യത്തിലേക്ക് മടങ്ങി വന്ന് പാര്‍ട്ടി രൂപീകരിച്ചത്. ആദിവാസികള്‍ക്കായി പ്രത്യേക സംസ്ഥാനം ആവശ്യപ്പെട്ട് ഐപിഎഫ്ടി നടത്തിയ സമരങ്ങള്‍ സംസ്ഥാനത്ത് രക്തചൊരിച്ചിലുണ്ടാക്കിയിരുന്നു. ആദിവാസികളും ബംഗാളികളും തമ്മിലുള്ള ഏറ്റുമുട്ടലാണ് ഇവരെ വീണ്ടും ശക്തരാക്കിയത്. ആദിവാസി വിഭാഗത്തിന് പ്രത്യേക സംസ്ഥാനം വേണമെന്ന് ആവശ്യപ്പെട്ട ഐപിഎഫ്ടിയെ കൂടെകൂട്ടിയാല്‍ അവഗണിക്കപ്പെട്ട ആദിവാസി വിഭാഗത്തിന്റെ വോട്ട് തങ്ങള്‍ക്ക് കിട്ടുമെന്നും ബിജെപിക്കറിയാമായിരുന്നു. സിപിഎമ്മിന്റെ ശക്തമായ വോട്ട് ബാങ്കായിരുന്നു ആദിവാസികള്‍. അമിത് ഷായുടെ ചാണക്യ തന്ത്രങ്ങള്‍ അങ്ങനെ ഫലം കൊള്ളുകയായിരുന്നു.

അതിര്‍ത്തി സംസ്ഥാനങ്ങള്‍ നേരിടുന്ന ആഭ്യന്തര പ്രശ്‌നങ്ങളില്‍ നിന്നും ഒട്ടും വിമുക്തമല്ലായിരുന്നു ത്രിപുരയും. കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തിലിരുന്ന ത്രിപുരയില്‍ മാത്രമാണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സൈന്യത്തിന്റെ പ്രത്യേക അധികാരം (അഫ്‌സ്പ) നിരോധിച്ചിട്ടുള്ളത്.

രാജ്യത്തെ ഏറ്റവും ദരിദ്രനായ മുഖ്യമന്ത്രി, ലളിത ജീവിതത്തിലൂടെ ജനഹൃദയങ്ങളില്‍ ഇടം നേടിയ നേതാവ് മാണിക് സര്‍ക്കാര്‍ മുഖ്യമന്ത്രി കസേരയില്‍ നിന്നും പടിയിറങ്ങുമ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയ ഭൂപടത്തില്‍ ചുവപ്പ് കേരള സംസ്ഥാനത്തില്‍ മാത്രമായി ചുരുങ്ങുകയാണ്. മുപ്പതുവര്‍ഷം സിപിഐഎം ഭരിച്ച ബംഗാളിന് പിന്നാലെ ത്രിപുരയും നഷ്ടപ്പെടുന്നത് ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ചെങ്കൊടി
താഴ്ന്നു. ഇനി ത്രിപുര ഭരിക്കുന്നത് ബിജെപിയാണ്. ഇന്ത്യയില്‍ 29 സംസ്ഥാനങ്ങളില്‍ 21ലും ബിജെപിയുടെ നേതൃത്വത്തിലുളള എന്‍ഡിഎയാണ് ഭരണം കയ്യാളുന്നത്. ഇതില്‍ 15 സംസ്ഥാനങ്ങളും ഭരിക്കുന്നത് ബിജെപി ഒറ്റയ്ക്കാണ്. അവശേഷിക്കുന്നവ കൂടി പിടിച്ചടക്കാനുള്ള ബിജെപിയുടേയും അമിത്ഷായുടേയും അശ്വമേധത്തിനാണ് ത്രിപുരയിലെ വിജയത്തോടെ ആരംഭമായിരിക്കുന്നത്.

എന്നാല്‍ ബിജെപിയെ കാത്തിരിക്കുന്നത് വലിയ കടമ്പകളാണ്. തങ്ങള്‍ക്ക് മാത്രമായി ഒരു സംസ്ഥാനം വേണമെന്നുള്ള ഐപിഎഫ്ടിയുടെ ആവശ്യം അവര്‍ക്കൊരിക്കലും സാധിച്ച് കൊടുക്കാന്‍ കഴിയില്ല. കൂടാതെ അടിസ്ഥാന വികസന സൗകര്യങ്ങളില്‍ പിന്നോക്കം നില്‍ക്കുന്ന ത്രിപുരയില്‍ മോഡി മോഡല്‍ വികസനം എത്രമാത്രം ഫലപ്രദമാകുമെന്നും കാത്തിരുന്ന് കാണണം. വന്‍തോതില്‍ റബ്ബര്‍ കൃഷിയുള്ള ത്രിപുരയില്‍ റബ്ബറിന്റെ വിലയിടിവ് കാര്‍ഷികമേഖലയെ
വലയ്ക്കുന്നുണ്ട്. അതോടൊപ്പം സിപിഎമ്മില്‍ നിന്നും ഒരു മാറ്റത്തിനായി ബിജെപിക്ക് വോട്ടു ചെയ്ത യുവാക്കളുടെ പ്രതീക്ഷയും അവര്‍ക്ക് നല്‍കിയിരിക്കുന്ന വാഗ്ദാനങ്ങളും സംരക്ഷിക്കേണ്ടതുണ്ട്. വിഘടനവാദം വീണ്ടും രക്തച്ചൊരിച്ചിലിലേക്ക് വഴിവെക്കുമോ എന്ന ഭയവും ബിജെപിക്കുണ്ട്. പതിനെട്ടടവും പയറ്റി ബിജെപിയെ നേടിയതാണ് ത്രിപുരയെ. കാത്തിരിക്കാം, ആ ബിജെപിയെ ത്രിപുര തള്ളുമോ കൊള്ളുമോ എന്നറിയാന്‍…

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top