Home app

ഇടത്-വലത്-താമര; ചെങ്ങന്നൂരില്‍ നടക്കാനിരിക്കുന്നത് ശക്തമായ ത്രികോണ മത്സരം

കാല്‍ നൂറ്റാണ്ട് നീണ്ടു നിന്ന തൃപുരയിലെ ഇടതുഭരണത്തിന് തിരശ്ശീല വീണത് കേരളത്തിലെ സിപിഐ(എം)ന് നല്‍കുന്ന വെല്ലുവിളി ചെറുതല്ല. കേരളത്തിനു സമാനമായ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്ന തൃപുരയില്‍ ബിജെപി നേടിയ അട്ടിമറി വിജയം ഇടതുകോട്ടകളിലെ വിശ്വാസങ്ങള്‍ തച്ചുടയ്ക്കാന്‍ പോന്നതാണ്. തൃപുരയില്‍ അവസാനനിമിഷം വരെ വിജയിക്കുമെന്ന് ഉറച്ചുവിശ്വസിച്ചിരുന്ന സിപിഐ(എം) നേതൃത്വത്തിന് ബംഗാളും തൃപുരയും ഒരു പാഠമാണ്. കാല്‍ നൂറ്റാണ്ടു കാലം സുശക്തമായിരുന്ന സംഘടനാസംവിധാനം പൊളിഞ്ഞിളകാന്‍ ചുരുങ്ങിയ സമയം മാത്രം മതിയായിരുന്നെങ്കില്‍ ചെങ്ങന്നൂരാണ് ഇനി സിപിഐ(എം)നു മുമ്പിലുളള ഏക പിടിവളളി. പാര്‍ട്ടി കേരളത്തില്‍ ശക്തി പ്രാപിച്ചപ്പോഴും പഴയ ജനപിന്തുണയുണ്ടോയെന്ന് തെളിയിക്കാന്‍ ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് ഉപകരിക്കും.

അതേസമയം തുടര്‍ച്ചയായ വിജയങ്ങള്‍ക്കിപ്പുറം ബിജെപി കേന്ദ്രനേതൃത്വം ഉറ്റുനോക്കുന്നത് ചെങ്ങന്നൂരിലേക്കാണ്. അമിത്ഷായുടെ രാഷ്ട്രിയ ചതുരംഗക്കളി അത്രകണ്ട് ഫലം കാണാതെ പോയ കേരളത്തില്‍ ഇടത്-വലത് ചിന്തകള്‍ക്കപ്പുറം കാര്യമായ നേട്ടമുണ്ടാക്കാന്‍ ബിജെപിക്കായിട്ടില്ല. തൃപുരയും നാഗാലാന്റും അധികാരം പിടിച്ചെടുത്ത് മേഘാലയയെ നോട്ടമിട്ടിരിക്കുന്ന ബിജെപിക്ക് ചെങ്ങന്നൂരിലെ വിജയം അനിവാര്യമാണ്. തൃപുരയില്‍ സിപിഎമ്മിനെതിരെ അട്ടിമറി വിജയം നേടിയ ബിജെപിക്ക് ചെങ്ങന്നൂരില്‍ വിജയിക്കുന്ന പക്ഷം കേരളത്തിലേക്കുളള വാതിലാകും തുറന്നുകിട്ടുക. അതിനാല്‍ ഏതുവിധേനെയും മണ്ഡലം പിടിച്ചെടുക്കാന്‍ കേരളത്തിലെ ബിജെപി നേതാക്കള്‍ക്കുമേല്‍ കേന്ദ്രനേതൃത്വം കനത്ത സമ്മര്‍ദം ചെലുത്തുന്നുണ്ട്.

ഇന്ത്യയില്‍ 29 സംസ്ഥാനങ്ങളില്‍ 21ലും ബിജെപിയുടെ നേതൃത്വത്തിലുളള എന്‍ഡിഎയാണ് ഭരണം കയ്യാളുന്നത്. ഇതില്‍ 15 സംസ്ഥാനങ്ങളിലും മറ്റാരുടെയും പിന്തുണ കൂടാതെ ബിജെപി ഒറ്റയ്ക്കാണ് ഭരണം. അവശേഷിക്കുന്ന കേരളം, തമിഴ്‌നാട്, തെലുങ്കാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലും താമര വിരിയിക്കാന്‍ ബിജെപി കരുക്കള്‍ നീക്കുന്നുണ്ട്. ഇതില്‍ മുഖ്യമെന്ന് കരുതുന്ന കേരളത്തില്‍ നിര്‍ണായക ഘട്ടത്തിലാണ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് വരുന്നത്.

നേമത്തേപ്പോലെ തന്നെ ബിജെപി പ്രതീക്ഷ വയ്ക്കുന്ന ചെങ്ങന്നൂരില്‍ പിഎസ്.ശ്രീധരന്‍പിളളയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. എന്നാല്‍ കോണ്‍ഗ്രസ് ഇനിയും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ശക്തമായ ത്രികോണ മത്സരം നടക്കാനിരിക്കുന്ന ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ് സ്വാധീനവും ചെറുതല്ല. 2016ല്‍ പിസി വിഷ്ണുനാഥില്‍ നിന്നും സിപിഎം മണ്ഡലം പിടിച്ചെടുത്തത് കോണ്‍ഗ്രസിന് ക്ഷീണമുണ്ടാക്കിയെങ്കിലും പാരമ്പര്യക്രിസ്ത്യന്‍ കുടുംബങ്ങള്‍ കൂടുതലുളള ചെങ്ങന്നൂരില്‍ ഇനിയും പ്രതീക്ഷ ബാക്കിയുണ്ട്.

സജി ചെറിയാന്‍(സിപിഎം)

പിഎസ്.ശ്രീധരന്‍പിളള(ബിജെപി)

സിപിഐ(എം)നും ബിജെപിക്കും വിജയം അനിവാര്യമായിരിക്കെ കോണ്‍ഗ്രസിന് അനുഭാവികള്‍ ഏറെയുളള ചെങ്ങന്നൂരില്‍ ശക്തമായ ത്രികോണ മത്സരത്തിനാണ് സാധ്യത. മൂന്നു പാര്‍ട്ടികളും ശക്തമായ മത്സരം കാഴ്ച്ച വയ്ക്കുന്ന ചെങ്ങന്നൂരിലേക്കാണ് ഇനി രാജ്യം ഉറ്റുനോക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top