Home app

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ബിജെപിയുടെ മുന്നേറ്റം

തൃപുര, മേഘാലയ, നാഗാലാന്റ് എന്നീ മൂന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും അസംബ്ലി തെരഞ്ഞെടുപ്പ് ഫലം പൂര്‍ണമായും പുറത്തുവരുമ്പോള്‍ നേട്ടം മുഴുവന്‍ സ്വന്തമാക്കിയിരിക്കുന്നത് ബിജെപിയാണ്. പണം വാരിയെറിഞ്ഞും രാഷ്ട്രീയ കുതിരക്കച്ചവടത്തിന് മുതിര്‍ന്നും കേന്ദ്രഭരണത്തിന്റെ ആനുകൂല്യം പിന്‍പറ്റിയുമാണ് വിജയമെന്ന് ആരോപണങ്ങള്‍ ഉയരുന്നുണ്ടെങ്കിലും ബിജെപിക്ക് ഇത് സുവര്‍ണകാലമാണ്. തൃപുരയില്‍ ഉള്‍പ്പെടെ നേടിയ ഐതിഹാസികമായ അട്ടിമറി വിജയത്തിലൂടെ രാഷ്ട്രീയപരമായി വലിയ നേട്ടമാണ് അവര്‍ നേടിയിരിക്കുന്നത്.

ത്രിപുരയില്‍ ബിജെപി – ഐപിഎഫ്ടി (ഇന്‍ഡിജെനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര) സഖ്യം 43 സീറ്റ് നേടി. ബിജെപി 35, ഐപിഎഫ്ടി 8 എന്നിങ്ങനെയാണ് നേടിയ സീറ്റുകളുടെ എണ്ണം. സിപിഐ എമ്മിന് 16 സീറ്റ് ലഭിച്ചു. 60 അംഗ നിയമസഭയില്‍ 59 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 1998 മുതല്‍ മുഖ്യമന്ത്രിയായിരുന്ന സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം മാണിക് സര്‍ക്കാര്‍ ധന്‍പുര്‍ മണ്ഡലത്തില്‍നിന്ന് വീണ്ടും വിജയിച്ചു. ഭൂരിപക്ഷം ലഭിച്ച ബിജെപി മന്ത്രിസഭാ രൂപീകരണത്തിനുള്ള പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷനും മുന്‍ ജിം ട്രെയിനറുമായ ബിബ്‌ലാപ് കുമാര്‍ ദേബിന്റെ പേരാണ് മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

60 സീറ്റുകളില്‍ തിരഞ്ഞെടുപ്പ് നടന്ന നാഗാലന്‍ഡില്‍ ബിജെപിയും പുതിയ സഖ്യകക്ഷിയായ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ടി(എന്‍ഡിപിപി)യും ചേര്‍ന്ന സഖ്യത്തിന് കേവലഭൂരിപക്ഷം നേടാന്‍ കഴിഞ്ഞില്ല. മുഖ്യമന്ത്രി ടി ആര്‍ സെയ്‌ലാങ്ങിന്റെ നാഗാ പീപ്പിള്‍സ് ഫ്രണ്ട് (എന്‍പിഎഫ്) 28 സീറ്റോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. മന്ത്രിസഭ രൂപീകരിക്കാന്‍ ബിജെപിയുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് സെയ്‌ലാങ് പറഞ്ഞു. എന്നാല്‍, പാര്‍ടി വിട്ടുപോയി എന്‍ഡിപിപി രൂപീകരിച്ച പഴയ സഹപ്രവര്‍ത്തകന്‍ നിഫു റിയോയുമായി സഖ്യത്തിന് തയ്യാറല്ലെന്നും സെയ്‌ലാങ് പറഞ്ഞു. നാഗാപാരമ്പര്യങ്ങള്‍ക്ക് എതിരായ പാര്‍ടിയാണ് ബിജെപിയെന്ന് തെരഞ്ഞെടുപ്പുകാലത്ത് പറഞ്ഞ സെയ്‌ലാങ്ങിന് അതൊക്കെ പെട്ടെന്ന് മറക്കാന്‍ എങ്ങനെ കഴിഞ്ഞെന്ന് നിഫു റിയോ തിരിച്ചടിച്ചു. യഥാര്‍ഥ സുഹൃത്തുക്കള്‍ ആരാണെന്ന് ബിജെപി ഉടന്‍ തീരുമാനിക്കണമെന്നും മുന്‍ മുഖ്യമന്ത്രികൂടിയായ നിഫു റിയോ പറഞ്ഞു.

മേഘാലയയില്‍ കോണ്‍ഗ്രസ് 21 സീറ്റോടെ വലിയ ഒറ്റക്കക്ഷിയായെങ്കിലും രണ്ട് സീറ്റ് മാത്രമുള്ള ബിജെപി അധികാരമോഹവുമായി രംഗത്തുണ്ട്. 19 സീറ്റ് ലഭിച്ച നാഷണല്‍ പീപ്പിള്‍സ് പാര്‍ടി, ആറു സീറ്റുള്ള യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ടി, സ്വതന്ത്രര്‍ എന്നിവരെ കൂട്ടിച്ചേര്‍ത്ത് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. മുമ്പ് തിരഞ്ഞെടുപ്പ് നടന്ന ഗോവയിലും മണിപ്പുരിലും മറ്റുകക്ഷികളെ വിലയ്‌ക്കെടുത്ത് ഭൂരിപക്ഷം തികച്ച് ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. സ്വതന്ത്രന്മാരേയും മറ്റു ചെറുപാര്‍ട്ടികളേയും കൂടെ നിറുത്താന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍ മേഘാലയയില്‍ എത്തി പ്രാദേശിക നേതാക്കളുമായി ചര്‍ച്ചനടത്തുകയാണ് . ബിജെപിയുടെ ദൂതന്മാരും മന്ത്രിസഭ രൂപീകരിക്കാന്‍ അണിയറ നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

ത്രിപുരയിലും നാഗാലന്‍ഡിലും കോണ്‍ഗ്രസ് വട്ടപ്പൂജ്യമായി. കഴിഞ്ഞതവണ 10 സീറ്റ് നേടിയ ത്രിപുരയില്‍ മത്സരിച്ച 59 സീറ്റിലും കോണ്‍ഗ്രസിന് കെട്ടിവച്ച കാശ് നഷ്ടപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top