Home app

മോഡിയെ കെട്ടിപ്പിടിച്ച് ട്രൂഡോയുടെ മകള്‍

പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമായി നടത്തുന്ന കൂടിക്കാഴ്ച ആരംഭിച്ചു. ഡല്‍ഹിയില്‍ ട്രൂഡോയേയും കുടുംബത്തേയും പ്രധാനമന്ത്രിയെത്തി സ്വീകരിച്ചു. കാറില്‍ നിന്നിറങ്ങിയ ട്രൂഡോയെ മോഡി ആലിംഗനം ചെയ്താണ് സ്വീകരിച്ചത്. ട്രൂഡോയുടെ ഭാര്യയ്ക്കും മൂത്ത മകനും പ്രധാനമന്ത്രി ഹസ്തദാനം നല്‍കി. എന്നാല്‍ കാറില്‍ നിന്നിറങ്ങിയ രണ്ടാമത്തെ മകളായ എല്ല ഗ്രേസ് മോഡിയെ കെട്ടിപ്പിടിച്ചു.


ട്രൂഡോയും കുടുംബവും ഇന്ത്യയില്‍ എത്തി അഞ്ച് ദിവസത്തിന് ശേഷം ഇന്നാണ് നരേന്ദ്രമോഡി അദ്ദേഹത്തെ സ്വാഗതം ചെയ്ത് ട്വീറ്റ് ചെയ്തത്. ട്രൂഡിനും കുടുംബത്തിനും ഇന്ത്യയില്‍ സന്തോഷകരമായ ദിനങ്ങളായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ട്രൂഡിന്റെ മക്കളായ സേവ്യര്‍, എല്ല ഗ്രേസ്, ഹദ്രീന്‍ എന്നിവരെ കാണുവാന്‍ കാത്തിരിക്കുകയാണെന്നും ട്വീറ്റിലുണ്ട്. 2015ല്‍ മോഡി കാനഡ സന്ദര്‍ച്ചപ്പോള്‍ ട്രൂഡിനും മകള്‍ക്കുമൊപ്പം പകര്‍ത്തിയ ചിത്രത്തിനൊപ്പമാണ് ട്വീറ്റ്.
 


ഇന്ത്യയിലെത്തിയ ജസ്റ്റിന്‍ ട്രൂഡിന് നല്‍കിയ തണുപ്പന്‍ സ്വീകരണം ആഗോളതലത്തില്‍ തന്നെ ചര്‍ച്ചയായിരുന്നു. ഏത് ലോകനേതാവിനേയും വിമാനത്താവളത്തില്‍ നേരിട്ടെത്തുന്ന മോഡി ട്രൂഡിനെ സ്വീകരിക്കാന്‍ എത്തിയിരുന്നില്ല. പകരം കൃഷി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത് ആണ് വിമാനത്താവളത്തില്‍ ട്രൂഡിനെ സ്വീകരിച്ചത്. ട്രൂഡിന് ഇന്ത്യയില്‍ തണുപ്പന്‍ സ്വീകരണം എന്നത് കനേഡിയന്‍ പത്രങ്ങള്‍ രൂക്ഷമായാണ് കൈകാര്യം ചെയ്തത്. ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തുന്ന നേതാക്കളെ സ്വാഗതം ചെയ്ത് ട്വീറ്റ് ചെയ്യുന്നതും മോഡിയുടെ പതിവായിരുന്നു. ലോകനേതാക്കളെ ആലിംഗനം ചെയ്യുന്നതിനായി പ്രോട്ടോക്കോള്‍ ലംഘനംപോലും നടത്തുന്ന നരേന്ദ്ര മോഡി ട്രൂഡ് ഇന്ത്യയിലെത്തിയതിന്റെ അഞ്ചാം ദിവസമാണ് ട്വീറ്റ് പോലും ചെയ്യുന്നത്.

സിഖ് ദേശീയവാദമായ ഖാലിസ്ഥാന്‍ വാദത്തോട് കാനഡയ്ക്കുള്ള മൃദുസമീപനമാണ് മോഡി ഇത്തരത്തിലൊരു നിലപാട് കൈക്കൊള്ളാന്‍ കാരണമെന്നാണ് കരുതുന്നത്. എന്നാല്‍ ട്രൂഡിന്റെ സന്ദര്‍ശനത്തില്‍ കേന്ദ്ര ഗവണ്‍മെന്റ് ഉപേക്ഷയൊന്നും കാണിച്ചിട്ടില്ലെന്നും ചട്ടപ്രകാരം തന്നെയാണ് എല്ലാം നടന്നതെന്നും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ഇന്ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ വ്യാപാരം, പ്രതിരോധം, ആണവസഹകരണം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top