കൊച്ചി: എറണാകുളം കളമശേരി മെഡിക്കല്‍ കോളേജിലെ പിഞ്ചു കുഞ്ഞിനെ ഉറുമ്പരിച്ചതായി പരാതി. തീവ്രപരിചരണ വിഭാഗത്തിലാണ് നവജാത ശിശുവിനെ ഉറുമ്പരിച്ചതായി മാതാപിതാക്കള്‍ പരാതി നല്‍കിയിരിക്കുന്നത്. മാസം തികയാതെ പ്രസവിച്ചതിനാലാണ് കുഞ്ഞിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചത്.
കുഞ്ഞിന് പാലുകൊടുക്കാനായി അമ്മ കയറിയപ്പോഴാണ് കുഞ്ഞിന്റെ മുഖത്തും തലയിലും ഉറുമ്പരിച്ചതായി കണ്ടെത്തിയത്. സംഭവം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ റൂമിലുണ്ടായിരുന്ന നഴ്സുമാര്‍ തുണികൊണ്ട് ഉറുമ്പിനെ തുടച്ചു.
എന്നാല്‍ ഇക്കാര്യത്തില്‍ പരാതി പറയാനെത്തിയ തന്നോട് ഡ്യൂട്ടി ഡോക്ടര്‍ മോശമായി പെരുമാറിയെന്ന് കുഞ്ഞിന്റെ പിതാവ് അന്‍വര്‍ ആരോപിച്ചു. സംഭവത്തെക്കുറിച്ച് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് പരാതി നല്‍കിയിട്ടുണ്ടെന്നും അന്‍വര്‍ വ്യക്തമാക്കി.