Cricket

രണ്ടാം പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ; പിടിച്ചുകെട്ടാനൊരുങ്ങി ദക്ഷിണാഫ്രിക്ക

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്ക് പിന്നാലെ ടി-ട്വന്റിയും സ്വന്തമാക്കാന്‍ ഇന്ത്യ ഇന്നിറങ്ങും. അഞ്ച് മത്സരങ്ങള്‍ ജയിച്ച് ഏകദിന പരമ്പര ആധികാരികമായി സ്വന്തമാക്കിയതിന് പിന്നാലെയാണ് ടി-ട്വന്റിയിലെ രണ്ടാം മത്സരത്തിനായി ഇന്ത്യ ഇറങ്ങുന്നത്. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്നത്തെ മത്സരം കൂടി ജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാകും. അതേസമയം മികച്ച ഫോമിലുള്ള ഇന്ത്യയെ തളയ്ക്കാനുള്ള മറുതന്ത്രം മെനയുകയാണ് ദക്ഷിണാഫ്രിക്കന്‍ ക്യാംപ്.

ടെസ്റ്റ് പരമ്പരയിലെ പരാജയത്തിന് ശേഷം ദക്ഷിണാഫ്രിക്കയ്ക്കെതിരെ മികച്ച പ്രകടനമാണ് ഇന്ത്യന്‍ ടീം കാഴ്ച വയ്ക്കുന്നത്. ടി-ട്വന്റി പരമ്പരയിലെ ആദ്യ മത്സരത്തിലും ഇന്ത്യ സമഗ്രമായ വിജയം നേടി. ബാറ്റിങ്ങില്‍ ശിഖര്‍ ധവാന്‍ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചപ്പോള്‍ ഭുവനേശ്വര്‍ കുമാറിനു മുന്നിലാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ്ങ് നിര പതറിപ്പോയത്. ക്യാപ്റ്റന്‍ വിരാട് കോഹ്ലി, മനീഷ് പാണ്ഡെ, ടീമില്‍ തിരികെയെത്തിയ സുരേഷ് റെയ്‌ന എന്നിവര്‍ക്ക് ബാറ്റിങ്ങില്‍ തിളങ്ങാനായി. ബാറ്റിംഗിനൊപ്പം ബൗളിംഗിലും തിളങ്ങിയ ഇന്ത്യ 28 റണ്‍സിനായിരുന്നു ആതിഥേയരെ തകര്‍ത്തത്. ഇന്ത്യ ഉയര്‍ത്തിയ 204 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് 175 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. സെഞ്ചൂറിയനിലെ ബാറ്റിങ് പിച്ചിലും ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ തകര്‍ത്താടിയാല്‍ ആതിഥേയര്‍ക്ക് ഏറെ വിയര്‍ക്കേണ്ടി വരും.

വിരാട് കൊഹ്ലിയെ സംബന്ധിച്ച് ചരിത്രം കുറിക്കാനുള്ള സുവര്‍ണാവസരം കൂടിയാണ് ഇന്നത്തെ മത്സരം. ഇന്ന് 18 റണ്‍സ് കൂടി നേടാനായാല്‍ കോലിക്ക് അന്താരാഷ്ട ടി-20 ക്രിക്കറ്റില്‍ 2000 റണ്‍സ് തികയ്ക്കാനാകും. നിലവില്‍ ബ്രണ്ടന്‍ മക്കല്ലം, മാര്‍ട്ടിന്‍ ഗപ്ടില്‍ എന്നിവര്‍ മാത്രമാണ് 2000 റണ്‍സ് തികച്ച താരങ്ങള്‍. രാത്രി 9.30 നാണ് മത്സരം നടക്കുക

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top