Cricket

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവസാന വിജയവും അരക്കിട്ടുറപ്പിക്കാന്‍ ഇന്ത്യ ഇന്നിറങ്ങും

ജോഹന്നാസ്ബര്‍ഗ്: ഏകദിന പരമ്പര നേടിയെങ്കിലും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന വിജയവും അരക്കിട്ടുറപ്പിക്കാന്‍ ടീം ഇന്ത്യ ഇന്നിറങ്ങും. ജയം മാത്രമാണ് ലക്ഷ്യമെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലി വ്യക്തമാക്കി. അഞ്ചാം മത്സരത്തിലെ ആധികാരിക ജയത്തോടെ പരമ്പര സ്വന്തമാക്കിയ ഇന്ത്യ ടെസ്റ്റ് പരമ്പരയിലെ തോല്‍വിക്ക് മധുരപ്രതികാരം വീട്ടി.

പരമ്പര നേടിയ സാഹചര്യത്തില്‍ അവശേഷിക്കുന്ന മത്സരത്തില്‍ റിസര്‍വ് താരങ്ങളെ അണിനിരത്താന്‍ സാധ്യതയുണ്ട്. അവസാന ഏകദിനത്തിനുള്ള ടീമില്‍ ഇതുവരെ അവസരം ലഭിക്കാത്ത ചിലര്‍ക്കെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചേക്കും. ടെസ്റ്റ് പരമ്പരയില്‍ മിന്നുന്ന ഫോമിലായിരുന്ന ഭുവനേശ്വര്‍ കുമാറിന് ഏകദിന പരമ്പരയില്‍ കാര്യമായി തിളങ്ങാനായിരുന്നില്ല. ഈ സാഹചര്യത്തില്‍ ട്വന്റി-20 പരമ്പരക്ക് മുന്നോടിയായി ഭുവിക്ക് വിശ്രമം നല്‍കി പകരം മുഹമ്മദ് ഷാമിയെ ബൂമ്രയുടെ പങ്കാളിയായി അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കും. ഭുവി തുടര്‍ന്നാല്‍ ബാറ്റുകൊണ്ട് കാര്യമായ സംഭാവനയൊന്നും നല്‍കാതിരുന്ന ഹര്‍ദ്ദിക് പാണ്ഡ്യയുടെ പകരക്കാരനായി ഷാമിയെ കളിപ്പിക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.

അതേസമയം ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കെതിരെ തുടര്‍ച്ചയായി പതറുന്ന ആതിഥേയരുടെ ഏകപ്രതീക്ഷ പരിചയസമ്പന്നരായ ഹാഷിം ആംലയിലും അബ്രഹാം ഡിവില്ലിയേഴ്‌സിലുമാണ്. സ്പിന്നിനെതിരെ നന്നായി കളിക്കുന്ന ഇരുവര്‍ക്കും പക്ഷേ പരമ്പരയില്‍ വമ്പന്‍ സ്‌കോറുയര്‍ത്താനായിട്ടില്ല. പരിക്കുമായി പുറത്തായ നായകന്‍ ഫാഫ് ഡുപ്ലസിയുടെ അഭാവം ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ്ങില്‍ വല്ലാതെ നിഴലിക്കുകയും ചെയ്യുന്നു. പുതുതാരം ഹെന്റിച്ച് ക്ലാസെന്റ പോരാട്ടം മാത്രമാണ് ടീമിന് മുതല്‍കൂട്ടാവുന്നത്. ബൗളിങ്ങില്‍ ലുന്‍ഗി എന്‍ഗിഡി മികച്ചുനില്‍ക്കുന്നുണ്ടെങ്കിലും വേണ്ടത്ര പിന്തുണ നല്‍കാന്‍ മറ്റു പേസര്‍മാര്‍ക്കാവുന്നില്ല. സ്പിന്നര്‍മാര്‍ക്കാവെട്ട ഒരു ചലനവും ഉണ്ടാക്കാന്‍ സാധിക്കാത്തതും ടീമിനെ വല്ലാതെ വലയ്ക്കുന്നു. വൈകീട്ട് 4.30നാണ് മത്സരം ആരംഭിക്കുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top