Entertainment

പ്രണയത്തിനപ്പുറം ജൂഡ് സംസാരിക്കുന്നത് മറ്റ് പലതും

നിവിന്‍പോളി, തെന്നിന്ത്യന്‍ താരസുന്ദരി തൃഷ, ശ്യാമപ്രസാദ് എന്നീ മൂന്ന് പ്രതിഭകളുടെ കൂടിച്ചേരലാണ് ഹെയ് ജൂഡ്. ലളിതമായൊരു പ്രണയകഥയാണ് ജൂഡ് എന്ന് സംവിധായകന്‍ പറഞ്ഞിരുന്നെങ്കിലും പ്രണയത്തേക്കാളുപരി മറ്റ് പലതുമാണ് ചിത്രം നല്‍കുന്നത്. ആംഗ്ലോഇന്ത്യന്‍ പശ്ചാത്തലമുളള ജൂഡ് എന്ന ചെറുപ്പക്കാരന്റെ മാനസികവ്യാപാരങ്ങളിലൂടെയുളള കടന്നുപോക്കാണ് ചിത്രം. കണക്കില്‍ അഗ്രണ്യനായ ജൂഡ് മാനസികമായി മറ്റുളളവരില്‍ നിന്നും വ്യത്യസ്തനാണ്. എന്നാല്‍ ജൂഡിന്റെ താല്‍പ്പര്യങ്ങളെ അംഗീകരിക്കാന്‍ മടികാണിക്കുന്നവരാണ് മാതാപിതാക്കള്‍. പണമുണ്ടാക്കുക എന്ന് മാത്രമാണ് ജൂഡിന്റെ അച്ഛന്‍ ഡൊമിനിക്കിന്റെ ലക്ഷ്യം. മകനു പരിപൂര്‍ണ പിന്തുണ നല്‍കുന്നയാളാണ് അമ്മ മരിയ. വീട്ടിലെ നിയന്ത്രണങ്ങളില്‍ നിന്നും പുറത്തുചാടാന്‍ കാത്തിരിക്കുന്നയാളാണ് അനുജത്തി. കൊച്ചിയില്‍ സ്ഥിരതാമസക്കാരായ ജൂഡും കുടുംബവും പെട്ടന്നൊരു ദിവസം ഗോവയിലെത്തുകയും പിന്നീടങ്ങോട്ടുളള സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

സിദിഖ്, നീന കുറുപ്പ് എന്നിവരാണ് ജൂഡിന്റ അച്ഛനും അമ്മയുമായി വേഷമിട്ടിരിക്കുന്നത്. ഏതു കഥാപാത്രവും തനിക്കു വഴങ്ങുമെന്ന് തെളിയിച്ചിട്ടുളള സിദ്ദിഖ് ജൂഡിലും മാസറ്റര്‍പീസ് അഭിനയമാണ് കാഴ്ച്ചവച്ചിട്ടുളളത്. ഒരു ടിപ്പിക്കല്‍ അച്ചന്‍ കഥാപാത്രത്തിനൊപ്പം കോമഡിയും ഒരുപോലെ കൈകാര്യം ചെയ്യാന്‍ സിദ്ദിഖിനായിട്ടുണ്ട്. തുടര്‍ച്ചയായ നിവിന്‍പോളി ചിത്രങ്ങളില്‍ നിന്നും ആശ്വാസം നല്‍കുന്നതാണ് ജൂഡ്. മറ്റുളളവരില്‍ നിന്നും വ്യത്യസ്തനായ, വെല്ലുവിളി നിറഞ്ഞ ജൂഡ് എന്ന കഥാപാത്രത്തെ ചിത്രത്തിലുടീളം തെറ്റുകൂടാതെ കൈകാര്യം ചെയ്യാന്‍ നിവിന്‍ പോളിക്ക് കഴിഞ്ഞിട്ടുണ്ട്. തെന്നിന്ത്യന്‍ താരം തൃഷയുടെ മലയാളത്തിലെ അരങ്ങേറ്റചിത്രം എന്ന നിലയിലും ജൂഡ് ശ്രദ്ധിക്കപ്പെടുന്നുണ്ട്. മ്യൂസികിനോട് അതീവ താല്‍പ്പര്യമുളള, ഹൈപ്പര്‍ ആക്ടീവായ ക്രിസ്റ്റല്‍ എന്ന യുവതിയുടെ കഥാപാത്രത്തെയാണ് തൃഷ അവതരിപ്പിക്കുന്നത്.

ഓട്ടിസത്തിന്റെ വകഭേദമായ ആസ്‌പെര്‍ജേസ് സിന്‍ഡ്രം(asperges syndrom) എന്ന അവസ്ഥയിലുളള നായക കഥാപാത്രത്തിന് പ്രചോദനം നല്‍കുന്ന സുഹൃത്താണ് നായിക. പ്രശ്‌നങ്ങളില്‍ നിന്നും നായകനെ കൈപിടിച്ചുയര്‍ത്തുന്ന നായിക കഥാപാത്രം എന്ന ക്ലീഷേയ്ക്കപ്പുറം താരേ സമീന്‍പര്‍ എന്ന ഹിന്ദി ചിത്രത്തിലെ ഇഷാന്‍ എന്ന വിദ്യാര്‍ത്ഥിയെയും അധ്യാപകനായെത്തുന്ന അമീര്‍ഖാനെയും ജൂഡ് ഓര്‍മിപ്പിക്കും. പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തത അവകാശപ്പെടാമെങ്കിലും ചിത്രത്തിന്റെ പതിയെയുളള ഒഴുക്ക് കാഴ്ച്ചക്കാരില്‍ വിരസത ഉളവാക്കുന്നുണ്ട്. ഗോവന്‍ പശ്ചാത്തലത്തെ ഗിരീഷ് ഗംഗാധരന്‍ മികച്ച രീതിയില്‍ ഫ്രെയില്‍ പകര്‍ത്തിയിട്ടുണ്ടെങ്കിലും ഓര്‍മ്മയില്‍ പതിയുന്ന ദൃശ്യങ്ങളൊന്നും തന്നെ ഇല്ലെന്നു വേണം പറയാന്‍. സ്ഥിരം ശ്യാമപ്രസാദ് ചിത്രങ്ങളുടെ പതിവ് രീതിയില്‍ നിന്നും അല്‍പ്പസ്വല്‍പ്പം വ്യത്യസ്തത അവകാശപ്പെടാനുണ്ട് ജൂഡിന്. ചിരിയും ചിന്തയുമുണര്‍ത്തി കടന്നു പോകുന്ന രണ്ടു മണിക്കൂറിനൊടുവില്‍ ഒരു ശരാശരി സിനിമാ അനുഭവമാണ് ഹെയ് ജൂഡ് നല്‍കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top