Automotive

എന്‍ഫീല്‍ഡിനെ ചൊടിപ്പിച്ച് വീണ്ടും ബജാജ്

പ്രായഭേദമന്യെ ഇഷ്ടക്കാര്‍ ഏറെയുളള നിരത്തിലെ കരുത്തന്‍ റോയല്‍ എന്‍ഫീല്‍ഡ് ഇപ്പോള്‍ അല്‍പ്പം കലിപ്പിലാണ്. കാരണം മറ്റൊന്നുമല്ല ബജാജ്, പരസ്യത്തിലൂടെ വീണ്ടും ചൊറിഞ്ഞതാണ് എന്‍ഫീല്‍ഡിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. ബുളളറ്റിനെ ആനയോടുപമിച്ച് പുറത്തിറക്കിയ ബജാജ് ഡോമിനറിന്റെ പരസ്യം വൈറലായിരുന്നു. ഇത് ബുളളറ്റ് ആരാധകര്‍ക്കിടയില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കിരുന്നു. ഇതിനു പിന്നാലെയാണ് മൂന്ന് ഭാഗങ്ങളിലായുള്ള ഡോമിനറിന്റെ പുതിയ പരസ്യം.

റോയല്‍ എന്‍ഫീല്‍ഡിനെക്കാളും എന്തുകൊണ്ടും മികച്ചത് ഡോമിനാര്‍ 400 ആണെന്ന് പരോക്ഷമായി പരാമര്‍ശിച്ചാണ് ബജാജ് പരസ്യം. മുമ്പത്തെ പോലെ ഇത്തവണയും ആനയോടാണ് ബുള്ളറ്റുകളെ ബജാജ് ഉപമിച്ചിരിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകളുടെ ലോ-എന്‍ഡ് ടോര്‍ക് ശേഷിയെ പരിഹസിക്കുന്നതാണ് ആദ്യപരസ്യം. ബുള്ളറ്റിനൊപ്പം ബുള്ളറ്റ് റൈഡര്‍മാരെയും അടച്ചാക്ഷേപിച്ചാണ് പുതിയ പരസ്യം ഒരുക്കിയിരിക്കുന്നത്.

ആനയെ പോറ്റുന്നത് നിര്‍ത്തൂ എന്ന ബജാജിന്റെ ആദ്യ പരസ്യം തന്നെ ബുള്ളറ്റ് പ്രേമികളെ ഒന്നടങ്കം ചൊടിപ്പിച്ചിരുന്നു. ബ്രേക്ക് പിടിച്ചാല്‍ ലഭിക്കില്ല, തണുപ്പത്ത് സ്റ്റാര്‍ട്ട് ആകില്ല, കയറ്റം കയറില്ല എന്നീ ആരോപണങ്ങളാണ് ആനയെ മുന്‍നിര്‍ത്തി ബുള്ളറ്റുകള്‍ക്ക് മേല്‍ ബജാജ് പരസ്യം ചാര്‍ത്തുന്നത്. കിണഞ്ഞു ശ്രമിച്ചിട്ടും ഒന്നനങ്ങുക കൂടി ചെയ്യാത്ത ആനകള്‍ക്ക് മുമ്പില്‍ ഞൊടിയിടയില്‍ ഡോമിനാറുകള്‍ സ്റ്റാര്‍ട്ടാകുന്നതാണ് പരസ്യം.

ബുള്ളറ്റുകളുടെ ധക്ക്-ധക്ക് എഞ്ചിന്‍ ശബ്ദവും പരസ്യത്തില്‍ പശ്ചാത്തല സംഗീതമായി ബജാജ് ഒരുക്കിയിട്ടുണ്ട്. ഇറക്കത്തില്‍ ബുദ്ധിമുട്ടില്ലാതെ ബ്രേക്ക് പിടിച്ചു നില്‍ക്കുന്ന ഡോമിനാറാണ് പരസ്യത്തിലെ താരം. മോട്ടോര്‍സൈക്കിളില്‍ എബിഎസ് ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയും പരസ്യത്തിലൂടെ ബജാജ് പറഞ്ഞുവയ്ക്കുന്നു.

എന്നാല്‍ എത്രയൊക്കെ കളിയാക്കിയാലും ഇന്ത്യന്‍ യുവാക്കളുടെ മനസ്സില്‍ ബുളളറ്റിനുളള സ്ഥാനം മുന്‍പന്തിയില്‍ തന്നെയാണ്. ഒട്ടേറെ സവിശേഷതകളുളള ഡോമിനറിനേക്കാളും വില്‍പ്പനയില്‍ ബഹുദൂരം മുന്‍പിലാണ് റോയല്‍ എന്‍ഫീല്‍ഡ്. അതോടൊപ്പം ബജാജിന്റെ പുതിയ പരസ്യത്തിന് എന്‍ഫീല്‍ഡ് ആരാധകര്‍ എന്ത് മറുപടി നല്‍കുമെന്നാണ് വാഹനപ്രേമികള്‍ ഉറ്റുനോക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top