ന്യൂഡല്‍ഹി : സഞ്ജയ് ലീല ബന്‍സാലിയുടെ ബോളിവുഡ് ചിത്രം പത്മാവതിനെതിരെ പ്രഖ്യാപിച്ച നിരോധനം സുപ്രീം കോടതി നീക്കി. ഹരിയാന, രാജസ്ഥാന്, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ക്രമസമാധാനം തകര്‍ക്കുമെന്നാരോപിച്ച് ചിത്രം വിലക്കിയത്. ക്രമസമാധാനം തകര്‍ക്കുമെന്ന സംസ്ഥാനങ്ങളുടെ വാദം കോടതി തളളി. സംസ്ഥാനങ്ങളുടെ നടപടിക്കെതിരെ സിനിമയുടെ നിര്‍മ്മാതാക്കളാണ് കോടതിയെ സമീപിച്ചത്.
സിനിമയുടെ പേരും വിവാദ രംഗങ്ങളും സെന്‍സര്‍ബോര്‍ഡ് നിര്‍ദേശ പ്രകാരം മാറ്റിയിട്ടും റിലീസ് തടയുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍മ്മാതാക്കള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഈ മാസം 25നാണ് പദ്മാവത് റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. യുഎ (U/A) സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്.
സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ട മാറ്റങ്ങള്‍ വരുത്താന്‍ സംവിധായകന് തയ്യാറായതോടെയാണ് സിനിമയ്ക്കു സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. സിനിമയുടെ പേര് പദ്മാവത് എന്നാക്കണമെന്നായിരുന്നു ഇതില്‍ പ്രധാന നിബന്ധന. ദീപിക പദുക്കോണ്‍, രണ്‍വീര്‍, ഷാഹിദ് കപൂര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്.