റാത്ലാം: പത്മാവത് ചിത്രത്തിലെ ഗൂമര്‍ ഗാനത്തിന് നൃത്തം ചെയ്തതിന് രജപുത് കര്‍ണിസേന അംഗങ്ങള്‍ സ്കൂള്‍ അക്രമിച്ചു. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന പത്മാവതിലെ ഗാനത്തിന് സ്കൂള്‍ വിദ്യാര്‍ഥികള്‍ നൃത്തം ചെയ്തതില്‍ പ്രകോപിതരായാണ് രജപുത് കര്‍ണിസേന അംഗങ്ങള്‍ സ്കൂള്‍ അടിച്ചു തകര്‍ത്തു. മധ്യപ്രദേശിലെ സെന്റ് പോള്‍ കോണ്‍വെന്റ് സ്കൂളിലാണ് സംഭവം. ഒന്നു മുതല്‍ 5-ാം ക്ലാസ് വരെയുളള കുട്ടികളാണ് സ്കൂള്‍ വാര്‍ഷികാഘോഷ പരിപാടിയില്‍ ഗൂമര്‍ ഗാനത്തിന് നൃത്തം ചെയ്തത്. പരിപാടി നടക്കുന്നതിനിടെ കര്‍ണിസേന സ്കൂളിലെത്തി അക്രമം അഴിച്ചുവിടുകയായിരുന്നു. സംഭവത്തില്‍ ഒരു കുട്ടിക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
രജപുത്ര റാണിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമ ചരിത്രത്തെ വളച്ചൊടിക്കുകയാണെന്ന് ആരോപിച്ചാണ് രജ്പുത് സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. റാണി പത്മിനിയെ മോശമായി ചിത്രീകരിക്കുന്നതാണ് സിനിമയിലെ രംഗങ്ങളെന്നായിരുന്നു കര്‍ണി സേനയുടെ പ്രധാന ആരോപണം. ദീപികയാണ് റാണി പത്മിനിയെ അവതരിപ്പിക്കുന്നത്. ഇതോടെ 2017ഡിസംബര്‍ ഒന്നിന്നു നിശ്ചയിച്ചിരുന്ന സിനിമയുടെ റിലീസ് മാറ്റി. സിനിമയുടെ പേര് പദ്മാവത് എന്നാക്കി മാറ്റി. ജനുവരി 25 ന് പദ്മാവത് തിയേറ്ററുകളില്‍ എത്തും. ഗുജറാത്തിലും രാജസ്ഥാനിലും ചിത്രത്തിന്റെ പ്രദര്‍ശനം നിരോധിച്ചിരിക്കുകയാണ്.