Ernakulam

താരങ്ങളുടെ പരുക്കും ഗോള്‍ക്ഷാമവും വേട്ടയാടുന്നു; വിജയമില്ലാതെ എടികെയും ബ്ലാസ്‌റ്റേഴ്സും

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ നാലാം സീസണ്‍ നാലാം ആഴ്ചയിലേക്ക് കടന്നിരിക്കുന്നു. എന്നാല്‍ മത്സരിക്കുന്ന പത്ത് ടീമുകളില്‍ രണ്ട് ടീമുകള്‍ക്ക് മാത്രം ഇതേവരെ ഒരു ജയവും നേടാനായിട്ടില്ല. ഐ.എസ്.എല്ലിന്റെ കഴിഞ്ഞ മൂന്നു വര്‍ഷത്തെ ചരിത്രത്തിനിടെ രണ്ടു തവണ ഫൈനലിസ്റ്റുകളായ ടീമുകള്‍ക്കാണ് ഈ ദുരവസ്ഥ. ഈ രണ്ടു ടീമുകളുടെയും ഭാവിയെക്കുറിച്ച് ഈ ഘട്ടത്തില്‍ ഒന്നും പറയാനാവില്ല. എങ്കിലും, കഴിഞ്ഞ മത്സരങ്ങള്‍ വിലയിരുത്തിയാല്‍ നിലവിലെ ചാമ്പ്യന്മാരായ എ.ടി.കെയ്ക്കും റണ്ണേഴ്സ് അപ്പായ കേരള ബ്ലാസ്‌റ്റേഴ്സിനും ഏറ്റ ക്രൂരമായ തിരിച്ചടിയാണിത്. രണ്ടു ടീമുകള്‍ക്കും വിജയിക്കാന്‍ കഴിയുന്നില്ല എന്നതിനോടൊപ്പം ഗോള്‍ നേടുവാനും രണ്ട് ടീമുകളും പണിപ്പെടുകയാണ്.

ഇതിനകം ഇരുടീമുകളും നേടിയത് കേവലം മൂന്നു ഗോള്‍ വീതം. അതേസമയം 13 ഗോളുകള്‍ വഴങ്ങേണ്ടിയും വന്നു. (എ.ടികെക്കെതിരെ ഏഴ് ഗോളുകളും ബ്ലാസ്റ്റേഴ്സിനെതിരെ ആറ് ഗോളുകളും). നിലവിലെ ചാമ്പ്യന്മാര്‍ ഇപ്പോള്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. എ.ടി.കെയേക്കാള്‍ കേരള ബ്ലാസറ്റേഴ്സ് രണ്ട് സ്ഥാനം മുന്നില്‍ എട്ടാമതും നില്‍ക്കുന്നു. ഇതിനകം കളിച്ച നാല് മത്സരങ്ങളില്‍ ബ്ലാസറ്റേഴ്സിനു മൂന്നു തവണയും എ.ടി.കെയ്ക്ക് രണ്ടു തവണയും എതിരാളികളുമായി സമനില പങ്കുവെച്ചു പിരിയേണ്ടി വന്നു. ഈ നാലാം സീസണിന്റെ തുടക്കവും ഇരുടീമുകളും തമ്മിലുള്ള ഗോള്‍ രഹിത സമനിലയുമായിട്ടായിരുന്നു എന്നതാണ് മറ്റൊരു സവിശേഷത.

എ.ടി.കെയും ബ്ലാസറ്റേഴ്സും തമ്മിലുള്ള പ്രധാന വ്യത്യാസം രണ്ടു ടീമകളുടേയും ശൈലികളിലാണ്. ബ്ലാസറ്റേഴ്സ് തുടക്കം തന്നെ എതിരാളികള്‍ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. എന്നാല്‍ മറുവശത്ത് എ.ടി.കെ ആകട്ടെ മത്സരത്തിലേക്കു വരുവാന്‍ സമയം എടുക്കുന്നു. ബ്ലാസറ്റേഴ്സ് നേടിയ മൂന്നു ഗോളുകളും ആദ്യ പകുതിയിലാണ്. അതേസമയം എ.ടി.കെയുടെ മൂന്നു ഗോളുകളും രണ്ടാം പകുതിയിലും.

പ്രതിരേധനിരക്കാരുടെ കാര്യത്തില്‍ ബ്ലാസ്‌റ്റേഴ്സിനേക്കാള്‍ മെച്ചം എ.ടി.കെയാണ്. അവരുടെ ഗോള്‍ കീപ്പറിനു നാല് സേവുകളാണ് വേണ്ടി വന്നത്. ബ്ലാസറ്റേഴ്സിന്റെ പ്രതിരോധം വളരെ ദുര്‍ബമാണ്. അതുകൊണ്ടു തന്നെ ഗോള്‍ കീപ്പറിനു ജോലി ഭാരവും കൂടി. നാല് മത്സരങ്ങളില്‍ ഗോള്‍ എന്നുറപ്പിച്ച 15 ഓളം അവസരങ്ങളില്‍ പോള്‍ റച്ചുബ്ക്കയ്ക്കു ടീമിന്റെ രക്ഷകാനാകേണ്ടി വന്നു.
രണ്ട് ടീമുകളുടേയും ആക്രമണോത്സുകതയിലും ഈ പാളിച്ചകള്‍ പ്രകടമാണ്. പ്രധാന കളിക്കാര്‍ പരുക്കേറ്റതിനെ തുടര്‍ന്നു പിന്മാറിയത് രണ്ട് ടീമുകള്‍്ക്കും കനത്ത പ്രഹരമാണ് എല്‍പ്പിച്ചരിക്കുന്നത്.

രണ്ട് തവണ ചാമ്പ്യന്മാരായ എ.ടി.കെയ്ക്ക് റോബി കീനിനെ കൂടാതെ കളിക്കേണ്ടി വരുന്നത് നിസാരകാര്യമല്ല. ടീമിനെ അലട്ടുന്ന പ്രധാന പ്രശ്നവും റോബി കീനിനെ കൂടാതെ കളിക്കേണ്ടി വരുന്നതാണ്. സീസണ്‍ ആരംഭിക്കുന്നതിനു മുന്‍പ് തന്നെ നിരവധികളിക്കാരാണ് പരുക്കിന്റെ പിടിയിലായത്. സീസണിന്റെ തുടക്കത്തില്‍ എ.ടി.കെ പരിശീലനം നടത്തുവാനിറങ്ങിയത് 14 കളിക്കാരുമായാണ്. മറ്റുകളിക്കാര്‍ക്ക് പരുക്കുമൂലം പരിശീലനം പോലും ഒഴിവാക്കേണ്ടി വന്നു. പരുക്കേറ്റ കളിക്കാരുടെ ലിസ്റ്റിലേക്ക് ഏറ്റവും ഒടുവില്‍ എത്തിയിരിക്കുന്നത് മധ്യനിരയില്‍ എണ്ണയിട്ട യന്ത്രം പോലെ കളിക്കുന്ന യുജീന്‍സണ്‍ ലിങ്ദോയാണ്. ഇനി ഒരു മാസത്തേക്ക് അദ്ദേഹത്തിനെ പ്രതീക്ഷിക്കാനാവില്ല.

അതേസമയം ബ്ലാസറ്റേഴ്സിന്റെ കഥ വിഭിന്നമാണ്. ആദ്യ രണ്ട് ഗോള്‍ രഹിത സമനിലകള്‍ക്കു ശേഷം ബ്ലാസറ്റേഴ്സ് അടുത്ത രണ്ട് മത്സരങ്ങളിലും ആദ്യ മിനിറ്റുകളില്‍ തന്നെ ഗോള്‍ നേടി മുന്നിലെത്തി. മുംബൈ സിറ്റി എഫ്.സിക്കെതിരെ മാര്‍ക്ക് സിഫ്നിയോസിന്റെ 14 ാം മിനിറ്റിലെ ഗോളില്‍ മുന്നിലെത്തി. എന്നാല്‍ മുംബൈ. രണ്ടാം പകുതിയില്‍ 77-ാം മിനിറ്റില്‍ ബല്‍വന്ത് സിംഗ് നേടിയ ഗോളിലൂടെ സമനില പിടിച്ചുവാങ്ങി. എഫ്.സി.ഗോവക്കെതിരെയും എഴാം മിനിറ്റില്‍ മാര്‍ക്ക് സിഫ്നിയോസിലൂടെ ബ്ലാസ്റ്റേഴ്സ് ആദ്യം മുന്നില്‍ എത്തി. എന്നാല്‍ ഗോവ ലാന്‍സറോട്ടിയുടെ ഇരട്ടഗോളില്‍ തിരിച്ചടിച്ചു. എന്നാല്‍ ഒന്നാം പകുതി അവസാനിക്കുന്നതിനു മുന്‍പ് തന്നെ ജാക്കി ചന്ദ്സിംഗിന്റെ ഗോളില്‍ ബ്ലാസ്റ്റേഴ്സ് സമനില കണ്ടെത്തുകയും ചെയ്തു. പതിവ് പോലെ രണ്ടാം പകുതിയിലാണ് കാര്യങ്ങള്‍ എല്ലാം ബ്ലാസറ്റേഴ്സിന്റെ കൈവിട്ടുപോയത്. 17 മിനിറ്റിനുള്ളില്‍ കൊറോമിനാസ് നേടിയ ഹാട്രിക് ഗോള്‍ വര്‍ഷം ബ്ലാസറ്റേഴ്സിനെ അടിയറവ് പറയിച്ചു.

അടുത്ത മത്സരങ്ങളില്‍ കോച്ച് റെനെ മ്യൂലെന്‍സ്റ്റീന്‍ തന്റെ ടീമിന്റെ ആക്രമണം വിജയത്തിലാക്കുവാനുള്ള മാര്‍ഗം കണ്ടെത്തുെമന്നു കരുതാം.പക്ഷേ വളരെ വലിയ കാര്യങ്ങള്‍ അതിനുവേണ്ടി ചെയ്യേണ്ടതുണ്ട്. ഇതിനകം ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്തു നിന്നും 102 ടാക്ലിങ്ങുകള്‍ മാത്രമെ വന്നിട്ടുള്ളു. അതേപോലെ നാല് മത്സരങ്ങളില്‍ നിന്നായി 2166 ടച്ചുകളും ( 10 ടീമുകളില്‍ ഒന്‍പതാം സ്ഥാനം). ഒരു പക്ഷേ ഈ കണക്കുകള്‍ക്ക് ടീമിനു വിജയം സമ്മാനിക്കുന്നതില്‍ കാര്യമായ പങ്ക് ഇല്ലായരിക്കാം. എന്തായാലും ഒരുകാര്യം ഉറപ്പ്. ബ്ലാസ്റ്റേഴ്സിന്റെ ആക്രമണം എറെ മെച്ചപ്പെടാനുണ്ട്.

കഴിഞ്ഞ മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ സ്ട്രൈക്കര്‍ ദിമിതാര്‍ ബെര്‍ബതോവിനു പരുക്കേറ്റു പുറത്തായതാണ് ബ്ലാസ്റ്റേഴ്സിനു എറ്റ പ്രധാന തിരിച്ചടി .അതേപോലെ ഇയാന്‍ ഹ്യൂമിന്റെ ഊര്‍ജ്ജം പ്രയോജനപ്പെടുത്താനും കഴിഞ്ഞില്ല. കോച്ച് റെനെ മ്യലെന്‍സ്റ്റീന്റെ ആദ്യ ഇലവനില്‍ ഹ്യൂമിനു സ്ഥാനം ലഭിച്ചട്ടില്ല. അതേപോലെ പ്രതിരോധനിരയിലേക്കു എറെ പ്രതീക്ഷയോടെ കൊണ്ടുവന്ന വെസ്ബ്രൗണിനും ഇറങ്ങാനായിട്ടില്ല. ടീമിനെ താഴേക്കു പോകുന്നതിനു തടയാന്‍ കഴിയണമെങ്കില്‍ ഇയാന്‍ ഹ്യമിന്റെ ഊര്‍ജ്ജം പ്രയോജനപ്പെടണം. ബോക്സില്‍ നില്‍ക്കുന്ന സിഫ്നിയോസിലേക്കു ഈ ഊര്‍ജ്ജപ്രവാഹം ചെന്നെത്തി അത് ഗോളായി മാറേണ്ടതുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top