Automotive

കരുത്തനായ ഇലക്ട്രിക് സൂപ്പര്‍ബൈക്ക് ഇന്ത്യയിലവതരിക്കുന്നു; ഇരുചക്ര വാഹന വിപണിയില്‍ മാറ്റത്തിന് തുടക്കമിട്ട് എംഫ്‌ലക്‌സ്

ഇലക്ട്രിക്ക് കരുത്തില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ ഏറെക്കാലം മുന്‍പെ പുറത്തിറങ്ങിയെങ്കിലും അതിന്റെ സാധ്യതകള്‍ വര്‍ദ്ധിക്കുന്നതായാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. പരമാവധി അമ്പത് കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന രജിസ്‌ട്രേഷന്‍ ആവശ്യമില്ലാത്ത ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കണ്ടുമടുത്ത ഇന്ത്യയിലേക്ക് ഇലക്ട്രിക് സൂപ്പര്‍ ബൈക്ക് അവതരിപ്പിക്കാനൊരുങ്ങുകയാണ് എംഫ്‌ളക്‌സ് മോട്ടോഴ്‌സ് എന്ന കമ്പനി. 2018ല്‍ നടക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ ഇലക്ട്രിക് ബൈക്ക് പുറത്തിറക്കുമെന്നാണ് ബാംഗ്ലൂര്‍ ആസ്ഥാനമായുളള സ്റ്റാര്‍ട്ടപ്പ് കമ്പനി അറിയിച്ചിരിക്കുന്നത്.

650 സിസി ശ്രേണിയിലുളള സൂപ്പര്‍ബൈക്കുകളുമായാണ് മത്സരം. 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 3 സെക്കന്‍ഡ് മാത്രം മതിയെന്നിരിക്കെ 200 കിലോമീറ്റര്‍ പരമാവധി വേഗത കൈവരിക്കാനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എബിഎസ്, ടിഎഫ്ടി ടച്ച് ഡിസ്‌പ്ലേ, ജിപിഎസ്, ബൈക്ക് ടു ബൈക്ക് കണക്ടിവിറ്റി തുടങ്ങി നിരവധി നൂതന സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുത്തിയാണ് എംഫ്‌ളക്‌സ് ഇലക്ട്രിക് ബൈക്ക് പുറത്തിറക്കുന്നത്.

67 ബിഎച്ച്പി പവര്‍ ഉല്‍പ്പാദിപ്പിക്കുന്ന 50 കെവി ലിക്വിഡ് കൂള്‍ എസി ഇന്‍ഡക്ഷന്‍ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. 8400 ആര്‍പിഎമ്മില്‍ 84 എന്‍എം ടോര്‍ക്ക് വാഹനം ഉല്‍പ്പാദിപ്പിക്കും. ടെക് ഭീമന്‍മാരായ സാംസങില്‍ നിന്നും കടമെടുത്ത ലിഥിയം അയണ്‍ ബാറ്ററിയാണ് കരുത്തേകുന്നത്. എംഫ്‌ളക്‌സ് സൂപ്പര്‍ ബൈക്കിന്റെ വില അഞ്ച് ലക്ഷത്തിന് മുകളിലായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആദ്യ ഘട്ടത്തില്‍ പുറത്തിറക്കുന്ന മോഡല്‍ ഒരു സമ്പൂര്‍ണ സൂപ്പര്‍ബൈക്കിന്റെ രൂപത്തിലും ഭാവത്തിലുമാണ് എത്തുന്നതെങ്കില്‍ നേക്കഡ് ബൈക്ക് പ്രേമികളെയും കമ്പനി നിരാശപ്പെടുത്തുന്നില്ല. മോഡല്‍ 2 നേക്കഡ് ബൈക്ക് ആയിരിക്കുമെന്നും ഇത് 150, 200 എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായി പുറത്തിറക്കുമെന്നുമാണ് സൂചന. ആഗോള ഇലക്ട്രിക് വാഹന രംഗത്തെ തലതൊട്ടപ്പന്‍ എലന്‍ മസ്‌കിന്റെ ടെസ്ലയുടെ ചുവടുപിടിച്ചാണ് ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ട് എംഫ്‌ലക്‌സ് ബൈക്ക് പുറത്തിറക്കുന്നത്. ലോകത്തെമ്പാടും നിരവധി ആരാധകരുളള ടെസ്ല കഴിഞ്ഞ മാസം ഒരു ഇല്ക്ടിക് കാറും ഇലക്ട്രിക് സെമി ട്രക്കും അവതരിപ്പിച്ചിരിക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top