Food

വറുത്തരച്ച കൊഞ്ചു കറി

ചേരുവകള്‍

തേങ്ങ വറുത്തരയ്ക്കാന്‍

  • തേങ്ങ – ചിരകിയത് അരമുറി
  • മഞ്ഞള്‍ പൊടി – അര ടീസ്പൂണ്‍
  • മല്ലിപ്പൊടി – മൂന്ന് ടേബിള്‍ സ്പൂണ്‍
  • ഉണക്കമുളക് – ആറ് എണ്ണം
  • വെളുത്തുള്ളി – ചെറുതായി അരിഞ്ഞത് രണ്ട് ടീസ്പൂണ്‍
  • ചെറിയുള്ളി – പത്ത് എണ്ണം
  1. കൊഞ്ച് – അരക്കിലോ
  2. ഉലുവ – കാല്‍ ടീസ്പൂണ്‍
  3. ഇഞ്ചി – ഒരു ടീസ്പൂണ്‍
  4. സവാള – ഒന്ന്
  5. പുളി – ഒരു ചെറുനാരങ്ങാ വലിപ്പത്തില്‍
  6. ഉപ്പ് – ആവശ്യത്തിന്

കടുക് വറുക്കാനുള്ളത്

  • കറിവേപ്പില- രണ്ട് തണ്ട് (തണ്ടോടെ ഇടണ്ട, ഇല മാത്രം )
  • കടുക് – കാല്‍ ടീസ്പൂണ്‍
  • ചെറിയുള്ളി – ആറ് (ചെറുതായി അരിഞ്ഞത്)
  • ഉണക്കമുളക് – രണ്ട് (മുഴുവനായും ഇടാം കീറിയും ഇടാം)

തയ്യാറാക്കുന്ന വിധം

കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന കൊഞ്ചില്‍ ആവശ്യത്തിന് ഉപ്പും മഞ്ഞള്‍പൊടിയും ചേര്‍ത്ത് മാറ്റിവയ്ക്കുക. ഇനി തേങ്ങ വറുത്തരയ്ക്കാം. തേങ്ങ നല്ല മൂത്തു വരുമ്പോഴേക്കും ‘വറുത്തരയ്ക്കാന്‍’ എന്ന് മുകളില്‍ പറഞ്ഞിരിക്കുന്ന ചേരുവകളെല്ലാം ഇതിലേക്ക് ചേര്‍ക്കുക. നന്നായി ഇളക്കി യോജിപ്പിക്കുക. പൊടികള്‍ മൂത്ത മണം വരുമ്പോഴേക്കും അടുപ്പില്‍ നിന്നും വാങ്ങാം. തേങ്ങ അടുപ്പില്‍ നിന്നും വാങ്ങി വച്ചാല്‍ രണ്ട് മിനിറ്റ് അവിടെ ഇരിക്കട്ടെ, ഈ സമയത്ത് നേരത്തേ പറഞ്ഞ അളവില്‍ പുളി എടുത്ത് ഒരു ഗ്ലാസ് വെള്ളത്തില്‍ ഇട്ടുവയ്ക്കണം.  ഇനി, തേങ്ങാ വറുത്ത കൂട്ട് നല്ല കുഴമ്പു പരുവത്തില്‍ അരച്ച് മാറ്റി വയ്ക്കുക.

ചുവട് കുഴിഞ്ഞ ഒരു പാത്രത്തില്‍ (മണ്‍ചട്ടി ഉണ്ടെങ്കില്‍ കറി അതില്‍ വയ്ക്കുന്നതാണ് നല്ലത്) വെളിച്ചെണ്ണ എടുത്ത് ചൂടാക്കുക. ഇതിലേക്ക് ഉലുവയിട്ട് പൊട്ടിക്കുക. ഉലുവ പൊട്ടിയ ശേഷം ഇഞ്ചി, കറിവേപ്പില, സവാള എന്നിവ ചേര്‍ത്ത് വഴറ്റുക. ഉള്ളി വഴണ്ടുവരുമ്പോള്‍ നേരത്തെ മാറ്റിവച്ചിരിക്കുന്ന വറുത്തരച്ച തേങ്ങ ചേര്‍ക്കാം. ഇനി വെള്ളത്തിലിട്ട് വച്ചിരിക്കുന്ന പുളി നന്നായി പിഴിഞ്ഞെടുക്കുക. പുളിവെള്ളം മാത്രം അരിച്ചെടുത്ത് തേങ്ങയിലേക്ക് ഒഴിച്ച് ഉപ്പും കൂടി ചേര്‍ക്കുക. അടിയില്‍ പിടിക്കാതെ ഇടയ്ക്ക് ഇളക്കിക്കൊടുക്കണം. ഈ മിശ്രിതം നന്നായി തിളച്ചു കഴിഞ്ഞാല്‍ ഉപ്പും മഞ്ഞളും ചേര്‍ത്തു വച്ചിരിക്കുന്ന കൊഞ്ച് ചേര്‍ക്കാം.

അടച്ചുവച്ച് വേവിക്കുക. കൊഞ്ചു വേകാന്‍ ആവശ്യത്തിന് വെള്ളം ചേര്‍ക്കാം. കൊഞ്ച് വെന്തു കഴിഞ്ഞാല്‍ മറ്റൊരു പാനില്‍ കടുക് വറുത്ത് കറിയ്ക്കു മുകളില്‍ തൂവി അടുപ്പില്‍ നിന്നും വാങ്ങാം. വറുത്തരച്ച കൊഞ്ചു കറി തയ്യാര്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top