Home app

പി രാജുവിനെ തള്ളി സിപിഐ സംസ്ഥാന നേതൃത്വം

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനം ഉന്നയിച്ച സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിനെ തള്ളി സിപിഐ സംസ്ഥാന നേതൃത്വം. പി രാജുവിന്റെ പ്രസ്താവന അംഗീകരിക്കാനാകില്ലെന്നും അദ്ദേഹത്തോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. പ്രസ്താവനയുടെ കാരണം വിശദീകരിക്കണമെന്ന് പാര്‍ട്ടി രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്. പി രാജുവില്‍ നിന്ന് മുന്‍പും ഇത്തരത്തില്‍ പ്രസ്താവനകള്‍ ഉണ്ടായിട്ടുണ്ടെന്നും പാര്‍ട്ടി കത്തില്‍ വിശദീകരിച്ചിട്ടുണ്ട്.

കൊച്ചിയില്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ ആയിരുന്നു പി രാജു മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായ വിമര്‍ശനം നടത്തിയത്. മുഖ്യമന്ത്രി ഇടയ്ക്കിടെ പേടിച്ച് പനിവരുന്ന ആളാണെന്നും അദ്ദേഹത്തിന്റെ ചില ഉപദേശകര്‍ മന്ദബുദ്ധികളാണെന്നും പി രാജു കുറ്റപ്പെടുത്തി. മന്ദബുദ്ധികളായ ചിലര്‍ മുഖ്യമന്ത്രിയുടെ ഉപദേശകവൃന്ദത്തില്‍ കയറിപ്പറ്റിയിട്ടുണ്ടെന്നും അവരുടെ ഉപദേശം കേട്ടാല്‍ കേരളം കുട്ടിച്ചോറാകുമെന്നും അദ്ദേഹം പരിഹസിച്ചു.

തമ്പുരാന്‍ വിളിക്കുന്നത് പോലെ ഗവര്‍ണര്‍ വിളിച്ചാല്‍ മനസില്ലടോ എന്ന് പറയാനുള്ള ആര്‍ജ്ജവം മുഖ്യമന്ത്രി കാണിക്കണമായിരുന്നു. ഗവര്‍ണര്‍ വിളിച്ച ഉടനെ അദ്ദേഹത്തെ കാണാന്‍ ചെല്ലേണ്ട യാതൊരു ആവശ്യവും ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രിക്ക് ഗവര്‍ണറെ പോയി കാണാം. എന്നാല്‍ മുഖ്യമന്ത്രിയെ വിളിച്ചുവരുത്താന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല. രാജ്യത്തെ ഫെഡറല്‍ സംവിധാനത്തിന് എതിരാണിത്. പി രാജു പറഞ്ഞു.

നേരത്തെ പുതിവൈപ്പിലെ പൊലീസ് നടപടിയിലും മുഖ്യമന്ത്രിയെ വിമര്‍ശിച്ച് പി രാജു രംഗത്തെത്തിയിരുന്നു. പൊലീസിനെ നിലയ്ക്ക് നിര്‍ത്താന്‍ മുഖ്യമന്ത്രിക്ക് സാധിക്കുന്നില്ലെങ്കില്‍ സിപിഐ അതിന് ഒരുക്കമാണെന്നായിരുന്നു അന്ന് രാജുവിന്റെ പ്രസ്താവന. സമരക്കാര്‍ക്കെതിരെയുള്ള പൊലീസ് നടപടിയില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടോയെന്നും അദ്ദേഹം ചോദിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top