Home app

എന്‍ഡിഎ ഡമ്മി വോട്ടെടുപ്പില്‍ 16 വോട്ടുകള്‍ അസാധു :ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ആശങ്ക

എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി വെങ്കയ്യ നായിഡുവിന് ബിജെപി എംപിമാരുടെ വോട്ട് കൃത്യമായി ലഭിക്കുന്നുണ്ടോ എന്നറിയാനായി പാര്‍ട്ടി നടത്തിയ ഡമ്മി വോട്ടെടുപ്പില്‍ 16 വോട്ടുകള്‍ അസാധു. കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കും നീണ്ട പരിശീലനത്തിനും ശേഷം സംഘടിപ്പിച്ച ഡമ്മി വോട്ടെടുപ്പില്‍ 16 വോട്ടുകള്‍ അസാധുവായത് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെ ശകാരവര്‍ഷത്തിനും കാരണമായി. യഥാര്‍ഥ വോട്ടെടുപ്പില്‍ തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍, മുതിര്‍ന്ന നേതാവ് ഭൂപേന്ദര്‍ യാദവിനെപ്പോലുള്ളവര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കാന്‍ അമിത് ഷാ ബിജെപി എംപിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

തെറ്റാതെ വോട്ടുചെയ്യാന്‍ മിസൈല്‍ ശാസ്ത്രമൊന്നും അറിയേണ്ടതില്ലെന്ന് വ്യക്തമാക്കിയ ഭൂപേന്ദര്‍ യാദവ്, വോട്ടു ചെയ്യേണ്ട ശരിയായ രീതി വീണ്ടും എംപിമാര്‍ക്ക് വിശദീകരിച്ചുകൊടുത്തു. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ 21 എംപിമാരുടെ വോട്ട് അസാധുവായതാണ് വിജയപ്രതീക്ഷകള്‍ക്കിടയിലും ഭരണപക്ഷത്തിന് ആശങ്കയുണ്ടാക്കുന്നത്. അസാധുവായതില്‍ ഏറെയും ഭരണപക്ഷത്തുനിന്നാണെന്നാണ് കണക്കുകൂട്ടല്‍. പാര്‍ലമെന്റില്‍ നിര്‍ണായക വോട്ടെടുപ്പുകള്‍ വരുന്ന സമയത്ത് ഒരു വോട്ടു പോലും പാഴായിപ്പോകരുതെന്നും, ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ബിജെപി എംപിമാര്‍ക്ക് ആവര്‍ത്തിച്ച് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതാണ്. എന്നിട്ടുപോലും ഡമ്മി വോട്ടെടുപ്പില്‍ എംപിമാര്‍ അശ്രദ്ധ കാട്ടി വോട്ടു പാഴാക്കിയത് അമിത് ഷായെ ചൊടിപ്പിച്ചു.

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍നിന്ന് വിഭിന്നമായി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ലോക്‌സഭാ, രാജ്യസഭാ എംപിമാര്‍ക്ക് മാത്രമാണ് വോട്ടവകാശമുള്ളത്. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എംഎല്‍എമാര്‍ക്കും വോട്ടവകാശമുണ്ട്. എംപിമാരുടെ ഓരോ വോട്ടും നിര്‍ണായകമായ പശ്ചാത്തലത്തിലാണ് വോട്ടിങ്ങിനെക്കുറിച്ച് എംപിമാര്‍ക്ക് ബിജെപി പ്രത്യേക പരിശീലനം നല്‍കിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top