Environment

മഴക്കാലത്തും പച്ചക്കറി കൃഷിയില്‍ മികച്ച വിളവ് ഉണ്ടാക്കാം…

ആറുമാസത്തിലധികം മഴ കോരിച്ചൊരിയുന്ന കേരളത്തില്‍ പച്ചക്കറികൃഷിയുടെ പ്രധാന വില്ലനും മഴയുടെ ആധിക്യമാണ്. നമ്മുടെ കാലാവസ്ഥയുടെ പ്രത്യേകതകള്‍ മനസ്സിലാക്കി മഴക്കാല കൃഷിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ വിളവ് ഇരട്ടിയാക്കാം. മൃദുലമായ തണ്ടുള്ള വളര്‍ത്തു ചീരകള്‍ പോലെയുള്ളവ മഴക്കാലത്ത് വളരാന്‍ മടികാണിക്കും. മഴക്കാലത്ത് മുളച്ചുവരുന്ന പല പച്ചക്കറിച്ചെടികള്‍ക്കും വേണ്ടത്ര കരുത്തുണ്ടാകില്ല എന്നതും ചെടികള്‍ നശിച്ചുപോകാന്‍ കാരണമാകും.

മഴക്കാലത്തെ പച്ചക്കറി കൃഷിയില്‍ നല്ല വിളവെടുപ്പ് ലഭിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

മഴക്കാലത്ത് മണ്ണൊരുക്കുമ്പോള്‍ വെള്ളം കെട്ടിനില്‍ക്കാത്ത നീര്‍വാര്‍ച്ചയുള്ള സ്ഥലം തിരഞ്ഞെടുക്കുക.

1.കുറച്ചെങ്കിലും സൂര്യപ്രകാശം കിട്ടുന്ന സ്ഥലമായാല്‍ നല്ലത്. മണ്ണൊലിപ്പുണ്ടാകരുത് നമ്മള്‍ ചേര്‍ക്കുന്ന അടിവളവും മേല്‍മണ്ണും ഒലിച്ചുപോയാല്‍ ചെടി വളരില്ല.

2.lമഴക്കാലത്ത് വിത്തുകള്‍ മുളയ്ക്കാന്‍ പ്രയാസമാണെന്നതാണ് എല്ലാ കര്‍ഷകരുടെയും പരാതി. കാരണം അവ നേരിട്ട് മണ്ണില്‍ പാകിയാല്‍ ചീഞ്ഞുപോകും. നേരിട്ട് പാകാതെ മുളപ്പിച്ച് മാറ്റി നടുക. എന്നാല്‍ വിത്തുകള്‍ അധിക വെള്ളം കൊണ്ട് ചീഞ്ഞുപോകുന്നത് ഒഴിവാക്കാം.

3.പറിച്ച് മാറ്റി നടുമ്പോള്‍ തണ്ടിന് ബലം വന്നതിനുശേഷം നല്ല നീര്‍വാര്‍ച്ചയുള്ളിടങ്ങളിലേക്ക് പറിച്ച് മാറ്റി നട്ടാല്‍ മഴത്തുള്ളികള്‍ കൊണ്ട് തൈകള്‍ ഒടിഞ്ഞു നശിക്കുന്നത് ഒഴിവാക്കാം. മഴക്കാലത്തിനു മുമ്പേ നട്ടുവലുതാക്കിയ ചെടികള്‍ക്ക് വേരു പൊന്തിപ്പോകാതിരിക്കാന്‍ അടിയില്‍ മണ്ണ് കൂട്ടിക്കൊടുക്കുക.

4.മഴയ്ക്കുമുമ്പേ അടിവളം ചേര്‍ത്ത് മണ്ണ് സമ്പുഷ്ടമാക്കിയാല്‍ മഴക്കാലത്തിടുന്ന വളങ്ങള്‍ ഒലിച്ചു പോകുന്നത് ഒഴിവാക്കാം.

5.മഴക്കാലത്ത് നട്ടുവളര്‍ത്താവുന്നയിനം പച്ചക്കറികള്‍ തിരഞ്ഞെടുക്കുക. ആനക്കൊമ്പന്‍ വെണ്ട, നീളന്‍ വഴുതിന, ഉണ്ടമുളക് എന്നിങ്ങനെ മഴക്കാലത്ത് നല്ല വളര്‍ച്ചകാണിക്കുന്ന ഇനങ്ങള്‍ തിരഞ്ഞെടുക്കുക.

വെള്ളരി, മത്തന്‍, കുമ്പളം എന്നിവയില്‍ മഴക്കാലത്തും കായ്ക്കുന്ന ഇനങ്ങളുണ്ട് എന്നാല്‍ മഴക്കാലത്ത് പരാഗണം നടക്കാത്തതിനാലും പൂവുകള്‍ കൊഴിഞ്ഞു പോകരുന്നതിനാലും അവയില്‍ കായകള്‍ പിടിക്കാന്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ട് മഴക്കാലത്തിന്റെ അവസാനം ആയത് നട്ടു വളര്‍ത്തുക. അല്ലെങ്കില്‍ പണ്ടുകാലത്ത് നാം നട്ടുവളര്‍ത്തിയിരുന്ന വെള്ളരി വര്‍ഗവിളകളുടെ സംരക്ഷിത വിത്തുകള്‍ നടാന്‍ ഉപയോഗിക്കുക.

മുളച്ചു പൊന്തിയ ചേന ചേമ്പ് എന്നിവയുടെ ചുവട്ടില്‍ മണ്ണ് കൂട്ടിക്കൊടുക്കുക. മണ്ണൊലിപ്പ് തടയാന്‍ ചുവട്ടില്‍ ചപ്പിലകൊണ്ട് പുതയിടുക. വേരു വേഗം പടരാന്‍ ഓരോ തടത്തിലും 50 ഗ്രാം ഉപ്പ് ഇട്ടുകൊടുക്കുക.

വഴുതിന, തക്കാളി, മുളക് എന്നിവയുടെ ചെടികള്‍ മഴകനക്കുന്നതിനുമുമ്പേ വളര്‍ത്തി കായ്ഫലമുള്ളതാക്കിയാല്‍ മഴക്കാലത്ത് കായ പറിക്കാം.

മഴക്കാലത്ത് ചെടികളെ രോഗങ്ങളും കീടങ്ങളും പെട്ടന്ന് ആക്രമിക്കുമെന്നതിനാല്‍ ജൈവകീടനാശിനികള്‍ ദിവസവും മാറ്റി മാറ്റി തളിക്കണം. കൃഷിയിടത്തിനടുത്ത് ചെറിയ പ്രാണികള്‍ക്ക് വളരാന്‍ താവളമൊരുക്കുന്ന കാടുകള്‍, കളകള്‍ എന്നിവ വെട്ടിമാറ്റി കൃഷിയിടവും പരിസരവും വൃത്തിയാക്കിയിടേണ്ടത് അത്യാവശ്യമാണ്.

പന്തലിട്ടുവളര്‍ത്തുന്ന കയ്പ, പടവലം, പിച്ചില്‍ ചുരങ്ങ എന്നിവയക്ക് നല്ല ഉറപ്പുള്ള പന്തല്‍ ഇട്ടുകൊടുക്കുക. ഇല്ലെങ്കില്‍ മഴയുടെയും കായയുടെയും കനം കൊണ്ട് പന്തല്‍ പൊട്ടിവീണ് കൃഷി മൊത്തം നശിച്ചുപോകും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top